ഷാഹിദ് അഫ്രീദിയുടെ കാമുകിയെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മോഡലും നടിയുമായ ആര്‍ഷി ഖാന്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍: ഇവരെ പിടികൂടിയത് പൂനെയിലെ ഹോട്ടലില്‍ നിന്നും

പൂനെ: നടിയും മോഡലുമായ ആര്‍ഷി ഖാന്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പിടിയില്‍. പൂനെ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെയാണ് പോലീസ് പിടികൂടിയത്. ആര്‍ഷി ഖാനെ ചതിയിലൂടെ പെണ്‍വാണിഭ സംഘത്തില്‍ എത്തിക്കുകയായിരുന്നു. ഇവരെ സംഘത്തില്‍ എത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന ഏജന്റിനെയും പോലീസ് പിടികൂടി.

പാകിസ്താന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദിയുടെ കാമുകിയാണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്ന മോഡലാണ് ആര്‍ഷി ഖാന്‍. ഇതോടെയാണ് ഇവര്‍ മാധ്യമങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. പെണ്‍വാണിഭ സംഘത്തില്‍ നിന്ന് പോലീസ് രക്ഷപെടുത്തിയ ആര്‍ഷിയെ സര്‍ക്കാര്‍ റെസ്‌ക്യു ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇവര്‍ റെസ്‌ക്യു ഹോമില്‍ നിന്ന് ജീവനക്കാരെ ആക്രമിച്ച ശേഷം രക്ഷപെട്ടതായി വാര്‍ത്ത പുറത്ത് വിട്ട ‘ഏഷ്യന്‍ ഏജ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.

അസം സ്വദേശിയായ കൃഷ്‌ന കഫാലെ എന്നയാളുടെ നേതൃത്വത്തില്‍ പൂനെയിലെ അറോറ ക്യാമ്പ് ഹോട്ടല്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിച്ചിരുന്നത്. സംഘത്തെക്കുറിച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് റെയ്ഡ് നടത്തുകയായിരുന്നു. ഇടപാടുകാരെന്ന വ്യാജേന പെണ്‍വാണിഭ സംഘത്തെ പോലീസ് സമീപിക്കുകയായിരുന്നു.