കേ​​ര​​ള​​ത്തി​​ന് വ​​ള​​രാ​​ന്‍ ഇ​​നി വേ​​ണ്ട​​ത് സ്വ​​ന്തം ബാ​​ങ്ക്

കൊച്ചി: വികസനകുതിപ്പിനൊരുങ്ങിയിരിക്കുന്ന കേരളത്തിന് അതു നേടിയെടുക്കണമെങ്കില്‍ ആദ്യം യാഥാർഥ്യമാകേണ്ടത് കേരളത്തിന്‍റെ സ്വന്തം ബാങ്ക്. അറുപത് വയസ് തികയുമ്പോള്‍ ബാങ്കിങ് മേഖലയില്‍ പുതിയ കാല്‍വയ്പ്പ് അനിവാര്യം.
കഴിഞ്ഞ കുറച്ചുകാലമായി ഈ ആവശ്യം നമ്മള്‍ കേള്‍ക്കുന്നുണ്ട് , പറയുമ്പോള്‍ വളരെ എളുപ്പമുള്ള കാര്യമാണ്. പക്ഷെ പ്രായോഗികതയിലേക്ക് എത്തിക്കാൻ കരുതലോടെയുള്ള സമീപനമാണ് വേണ്ടത് . അതുകൊണ്ടാണ് കേരളപ്പിറവി ദിനത്തില്‍ ഞാനിത് ഓര്‍മിപ്പിക്കുന്നത്.
വര്‍ഷങ്ങള്‍മുപ് കേരളത്തില്‍ ബാങ്കിങ് ബിസിനസ് ആരംഭിച്ചത് പലിശക്കാരില്‍ നിന്ന് കേരളത്തിലെ വ്യാപാരികളെയും കച്ചവടക്കാരെയും രക്ഷിക്കാൻവേണ്ടിയായിരുന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ ആദ്യകാല ബ്രോഷറുകള്‍ പരിശോധിച്ചാല്‍ ഹുണ്ടികക്കാരില്‍ നിന്ന് പാവം കച്ചവടക്കാരെ രക്ഷിക്കാനായി നമ്മുടെ ബാങ്ക് എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കാണം.
അതുപോലെ അറുപതാംവയസസില്‍ നാം സ്വപ്നം കാണുന്നത് പുതിയ വികസനക്കുതിപ്പാണ്. അതില്‍ ബാങ്കുകളുടെ പങ്ക് അവഗണിക്കാവുന്നതല്ല, നാൽപ്പത്തെട്ടു വര്‍ഷം മുന്‍പ് കേരളം സ്വന്തമാക്കിയ ട്രാവന്‍കൂര്‍ ബാങ്ക് കേരളത്തിന് അന്യമാവുന്ന പശ്ചാത്തലത്തിലാണ് ഈ ചിന്ത .
ലയനം ബാങ്കിങ്ങ് മേഖലയില്‍ നേട്ടങ്ങള്‍ കൊണ്ടുവരും എന്നു പറയുന്നുണ്ടെങ്കിലും അതിനെ ഞാന്‍ വിലയിരുത്തുന്നത് കേരളത്തിന്‍റെ കാഴ്ച്ചപ്പാടിലാണ്. തിരുവനന്തപുരത്തിരുന്ന് കാര്യങ്ങളെ നോക്കുന്ന മാനസിക അവസ്ഥയായിരിക്കില്ല , മറ്റൊരിടത്തേക്ക് മാറുമ്പോള്‍ ഉള്ളത്. അതുകൊണ്ടാണ് വികസന കാഴ്ച്ചപ്പാടുകള്‍ യാഥാര്‍ഥ്യമാക്കാന്‍ പുതിയബാങ്ക് എന്ന് ആവശ്യം മുന്നോട്ടു വയ്ക്കുന്നത്.
വിദേശ മലയാളികളില്‍ നിന്ന് 1,50,762 കോടിരൂപയുടെ നിക്ഷേപം എത്തിയിരിക്കുന്ന കേരളത്തില്‍ അതുമാത്രം കൃത്യമായി സമാഹരിക്കുവാന്‍ സാധിച്ചാല്‍ ഒരു പുതിയ ബാങ്കിന് നിലനില്‍ക്കാന്‍ സാധിക്കും. ഇക്കാര്യത്തില്‍ വേണ്ടത് കൃത്യമായ പ്രൊഫഫഷണലിസമാണ്. ലോകത്ത് ബാങ്കിങ്ങ് രംഗത്തേക്ക് ശക്തമായ കാല്‍വയ്പ്പ് നടത്തുന്നത് ജപ്പാനും ജര്‍മ്മനിയുമാണ് അവിടെ ബാങ്കുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്നത് വന്‍ ശക്തികളുമാണ് ആ തിരിച്ചറിവില്‍ വേണം പുതിയ ബാങ്ക് എന്ന ആശയത്തിലേക്ക് നീങ്ങാന്‍ . എയര്‍ലൈന്‍ബിസിനസും ബാങ്കും ഒരുപോലെയാണ്. നന്നായി പണം മുടക്കി മികച്ച പ്രൊഫഷനലുകളെ ഉപയോഗിച്ച് നടത്തിയില്ലങ്കില്‍ തിരിച്ചടി വരും. രാഷ്ട്രീയ അതിപ്രസരം ഒഴിവാക്കി വേണം ഇതിലേക്ക് കടന്നു ചെല്ലുവാന്‍. അതുകൊണ്ടു തന്നെ സഹകരണ മേഖലയിലെ ഏകീകരണം എങ്ങനെയാകും എന്നതില്‍ എനിക്ക് സംശയമുണ്ട്. മികച്ച സഹകരണ ബാങ്കുകള്‍ കേരളത്തിലുണ്ട്, അവിടെയൊക്കെ പ്രൊഫഷനലിസത്തെക്കാള്‍ രാഷ്ട്രീയമാണ് മുന്നില്‍ നില്‍ക്കുന്നത്.
ബാങ്കിലേക്ക് നിക്ഷേപം നല്‍കണ്ട ആളുകള്‍ പ്രത്യേകിച്ച് വിദേശ മലയാളികള്‍ , വന്‍കിട ബിസിനസുകാര്‍ എന്നിവരുടെ വിശ്വാസം ആര്‍ജിക്കാന്‍ സാധിക്കുന്ന ഒരു ടീമിനെ നാം ഉണ്ടാക്കിയെടുക്കണം. ഇനി അതിന് അമാന്തിച്ചുകൂടെന്നുമാത്രമാണ് എനിക്ക് ഓർമിപ്പിക്കാനുള്ളത്.