കൊച്ചി: ജിഷ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജിഷയുടെ പിതാവ് പാപ്പു നല്കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. നാളെ ജിഷ കേസിലെ വിചാരണ ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഹരജി കോടതി പ്രത്യേകമായി പരിഗണിക്കുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി എന്‍. അനില്‍കുമാര്‍ ചേംബറില്‍ വച്ചാകും ഹരജി പരിഗണിക്കുക.
പൊലിസ് പറയുന്ന പലകാര്യങ്ങളും വിശ്വസനീയമല്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പല കാര്യങ്ങളും പൊലിസ് വേണ്ട രീതിയില്‍ അന്വേഷിച്ചിട്ടില്ലെന്നുമാണ് ഹരജിയില്‍ പറയുന്നത്. വസ്തുതകള്‍ അന്വേഷിക്കാതെ മുന്നോട്ടുപോയാല്‍ പ്രോസിക്യൂഷന് തിരിച്ചടിയാകുമെന്നും പാപ്പു ഹരജിയില്‍ പറയുന്നു.