ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി, വില 11 ലക്ഷം

ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും കനം കുറഞ്ഞ ഐ ഫോണ്‍ എന്ന പേരും ആപ്പിള്‍ സ്‌പെഷ്യല്‍ എഡിഷനു സ്വന്തം. മാത്രമല്ല ഏറ്റവും പൊട്ടില്ലാത്ത വിധം കാഠിന്യം ഉള്ളതുമാണ് പുതിയ ഫോണ്‍.

ലക്ഷ്വറി കമ്പനിയായ ഗോള്‍ഡന്‍ ഡ്രീംസ് ആണ് കാര്‍ബണ്‍ കണ്‍സപ്റ്റ് എഡിഷനിലുള്ള ഈ ഫോണ്‍ വിപണിയില്‍ ഇറക്കിയത്. കാര്‍ബണ്‍ ഫൈബറുകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ ഫോണിന്റെ വില പതിനൊന്ന് ലക്ഷം രൂപയാണ്.ഒരു ഒറ്റ കാര്‍ബണ്‍ ഫൈബറില്‍ നിന്നാണ് ഇത് നിര്‍മ്മിച്ചിരിയ്ക്കുന്നതെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.

കനം കുറഞ്ഞതും എന്നാല്‍ എളുപ്പത്തില്‍ പൊട്ടാത്തതുമായ ഐ ഫോണ്‍ എന്ന ഉപഭോക്താക്കളുടെ ദീര്‍ഘനാളത്തെ ആവശ്യം പരിഗണിച്ചാണ് ഈ ഫോണ്‍ നിര്‍മ്മിച്ചതെന്ന് ജനീവ കേന്ദ്രമായുള്ള കമ്പനി വ്യക്തമാക്കി. രണ്ടു വര്‍ഷത്തെ ഗവേഷണങ്ങളുടെ ഫലമാണ് ഇത്. ഫോര്‍മുല വന്‍ കാറുകളും അമേരിക്കന്‍ കപ്പിലെ സെയില്‍ ബോട്ടുകളും നിര്‍മ്മിയ്ക്കുന്ന അതെ ഉറപ്പുള്ള കാര്‍ബണ്‍ ഫൈബര്‍ ആണ് ഈ ഫോണിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിയ്ക്കുന്നത്. പോറലുകള്‍ ഏല്ക്കുകയോ നിലത്ത് വീണാല്‍ പൊട്ടുകയോ ഇല്ല.

ഐ ഫോണ്‍ 7,ഐ ഫോണ്‍ 7 പ്ലസ് എന്നീ മോടലുകളിലായി എഴുപത്തേഴു പ്രീമിയം പീസുകള്‍ മാത്രമേ ഇപ്പോള്‍ വിപണിയില്‍ ഈ വിലയ്ക്ക് ലഭ്യമാകുകയുള്ളൂ. പ്രത്യേകം നിര്‍മ്മിച്ച ബോക്‌സുകളില്‍ രണ്ടു വര്‍ഷത്തെ ആപ്പിള്‍ വാറണ്ടിയും മറ്റു ആക്‌സസരീസും സഹിതമാണ് വിപണിയില്‍ ലഭ്യമാകുന്നത്.