നാലുവര്‍ഷത്തിനിടെ നാലുലക്ഷംപേരെ നായകടിച്ചു

2012 മുതല്‍ 48 പേര്‍ പേവിഷബാധയേറ്റ് മരിച്ചു

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ നാലുവര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 3,97,908 പേര്‍ക്ക്. 2012 ജനുവരി മുതല്‍ 2016 ഓഗസ്റ്റ് 31 വരെ പേവിഷബാധയേറ്റ് 48 പേരാണ് സംസ്ഥാനത്ത് മരിച്ചത്. എന്നാല്‍, ഇതുവരെയും തെരുവുനായ ആക്രമത്തിനിരയായവരില്‍ ഒരാള്‍ക്കുപോലും ആരോഗ്യവകുപ്പ് ധനസഹായം നല്‍കിയിട്ടില്ലെന്നാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ച ഔദ്യോഗിക രേഖകള്‍ വ്യക്തമാക്കുന്നത്.
ഏറ്റവും കൂടുതല്‍ തെരുവുനായയുടെ ആക്രമണത്തിനിരയായവര്‍ തിരുവനന്തപുരം ജില്ലയിലുള്ളവരാണ്. ജില്ലയില്‍ 88,124 പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. കാസര്‍കോടാണ് ഏറ്റവും കുറവ് ആക്രമണം റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. കാസര്‍കോട് 7,509 പേര്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. കൊല്ലം ജില്ലയില്‍ നാലു വര്‍ഷത്തിനിടെ 50,656, പത്തനംതിട്ട 9,245, ആലപ്പുഴ 18,391, കോട്ടയം 25,597, ഇടുക്കി 11,371, എറണാകുളം 32,932, തൃശൂര്‍ 26,337, പാലക്കാട് 63,110, മലപ്പുറം 19,140, കോഴിക്കോട് 14,302, വയനാട് 8,605, കണ്ണൂര്‍ 22,589, 2013ല്‍ സംസ്ഥാനത്ത് 62,280 പേര്‍ക്ക് തെരുവുനായ ആക്രമണത്തില്‍ പരിക്കേറ്റപ്പോള്‍ 2014 അത് 1,19,191 ആയി ഉയര്‍ന്നു. 2015 ല്‍ 1,25,385 പേര്‍ക്കും 2016 ആഗസ്ത് വരെ 91,052 പേര്‍ക്കുമാണ് തെരുവുനായയുടെ കടിയേറ്റതെന്നാണ് ആരോഗ്യവകുപ്പ് വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ പറയുന്നത്.
സംസ്ഥാനത്ത് രണ്ടരലക്ഷം തെരുവുനായ്ക്കളുണ്ടെന്നാണു കണക്ക്. 2014ല്‍ പേവിഷബാധയേറ്റ് 10 പേരും 2013ല്‍ 11 പേരും ഈ വര്‍ഷം മെയ് നാലുവരെ നാലുപേരും മരിച്ചു. ഇന്ത്യയില്‍ ഒരുവര്‍ഷം രണ്ടരക്കോടി പേര്‍ക്കാണ് നായയുടെ കടിയേല്‍ക്കുന്നത്.
ഇന്ത്യയില്‍ തെരുവുനായ ആക്രമണത്തിനിരയാവുന്നവരില്‍ നാലിലൊന്ന് കേരളത്തില്‍നിന്നുള്ളവരാണ്.കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ ആക്രമണത്തിന് ഇരയാവുന്നത് 15 വയസ്സില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത.