നോട്ട് പിന്‍വലിക്കല്‍ – ശബരിമല തീര്‍ത്ഥാടകരെ ബാധിക്കാതിരിക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി കുമ്മനം

നോട്ട് പിൻവലിക്കൽ ശബരിമല തീർത്ഥാടനത്തെ ഒരു തരത്തിലും ബാധിക്കാതിരിക്കാൻ ബാങ്കുകൾ പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് ആർബിഐ ഉറപ്പ് നൽകിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ആർബിഐ റീജ്യണൽ ഡയറക്ടറെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ബിടി, ധനലക്ഷ്മി ബാങ്കുകൾ സന്നിധാനത്ത് അധികമായി എടിഎം കൗണ്ടറുകൾ തുറക്കും. പ്രധാന ഇടത്താവളങ്ങളിലെല്ലാം അയ്യപ്പൻമാർക്ക് ചില്ലറ നൽകുന്നതിനായി പ്രത്യേക കൗണ്ടറുകൾ തുറക്കാനും ബാങ്കുൾക്ക് നിർദ്ദേശം നൽകുമെന്ന് റീജ്യണൽ ഡയറക്ടർ നരസിംഹസ്വാമി അറിയിച്ചതായി കുമ്മനം പറഞ്ഞു. കേരളത്തിൽ നോട്ട് ക്ഷാമമാണെന്ന തരത്തിൽ അന്യസംസ്ഥാനങ്ങളിൽ പ്രചരണം നടക്കുന്നുണ്ട്. ഇതിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണ്. സംസ്ഥാനത്തെ ബാങ്കുകളുടേയും എടിഎമ്മുകളുടേയും പ്രവർത്തനം സാധാരണ നിലയിലായി. ജനങ്ങൾ അനാവശ്യ വാർത്തകളിൽ പരിഭ്രാന്തരാകരുതെന്നും കുമ്മനം ആവശ്യപ്പെട്ടു. സഹകരണ മേഖലയെ സഹായിക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും കുമ്മനം ആവശ്യപ്പെട്ടു.
മറ്റ് ബാങ്കിൽ അക്കൗണ്ടുള്ളവർക്ക് സേവനം നൽകാൻ പുത്തൻ തലമുറ ബാങ്കുൾ തയ്യാറാകുന്നില്ലെന്ന പരാതി കുമ്മനം ആർബിഐ റീജ്യണൽ ഡയറക്ടറെ അറിയിച്ചു. ഇക്കാര്യത്തിൽ ഇടപെടാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. എസ്ബിടി റീജണൽ മാനേജിംഗ് ഡയറക്ടർ ശശികുമാർ, കാനറാ ബാങ്ക് സീനിയർ ജനറൽ മാനേജർ ശിവശങ്കരൻ എന്നിവരെയും കുമ്മനം സന്ദർശിച്ചു. ബാങ്കിംഗ് ഇടപാടുകൾ സംബന്ധിച്ച് സാധാരണക്കാരെ സഹായിക്കാൻ ബിജെപി ഹെൽപ്പ് ഡെസ്ക് തുടങ്ങുമെന്നും കുമ്മനം പറഞ്ഞു. മുഖ്യമന്ത്രി വിളിച്ച എംപിമാരുടെ യോഗത്തിലേക്ക് ബിജെപി എംപി മാരെ വിളിക്കാഞ്ഞ കേരളാ സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണ്. ഇതിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും കുമ്മനം പറഞ്ഞു. ബിജെപി സഹകരണ സെൽ കൺവീനർ ആർ എസ് വിനോദ്, മീഡിയാ കോർഡിനേറ്റര്‍ ആർ സന്ദീപ്, ആർ എസ് നായർ, കെ എസ് വിജയൻ എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.