ഹൈറേഞ്ചില്‍ ആഘോഷം; കോട്ടയത്തും റാന്നിയിലും നിരാശ

എം.എം. മണി മന്ത്രിയായതിന്റെ സന്തോഷവാര്‍ത്ത ഹൈറേഞ്ചില്‍ പരക്കുമ്പോഴും മധ്യകേരളത്തില്‍ പല നിയോജകമണ്ഡലങ്ങളിലും നിരാശയും ഞെട്ടലും. ബന്ധുനിയമന വിവാദത്തില്‍ത്തട്ടി ഇ.പി. ജയരാജന്‍ രാജിവെച്ചതോടെ ഏറ്റവും അധികം പ്രതീക്ഷയില്‍ ആയിരുന്നത് ഏറ്റുമാനൂര്‍ എം.എല്‍.എ സുരേഷ്‌കുറുപ്പും, റാന്നി എം.എല്‍.എ രാജു എബ്രഹാമും ആയിരുന്നു. സുരേഷ്‌കുറുപ്പ് ദീര്‍ഘകാലം പാര്‍ലമെന്റിലും നിയമസഭയിലും അംഗമായിരുന്ന പരിചയ സമ്പത്ത് സുരേഷ്‌കുറുപ്പിനുണ്ട്. 96 മുതല്‍ റാന്നിയില്‍ നിന്നും തുടര്‍ച്ചയായി എം.എല്‍.എ ആയി വരുന്ന വ്യക്തിയാണ് രാജു എബ്രഹാം. സമീപ കാലത്തൊന്നും പത്തനംതിട്ട ജില്ലയില്‍ നിന്ന് സി.പി.എമ്മിന്റെ ഒരു എം.എല്‍.എയും ഇത്രയും തവണ തുടര്‍ച്ചയായി തെരഞ്ഞെടുക്കപ്പെട്ടിട്ടില്ല. മന്ത്രിസഭാ രൂപീകരണ സമയത്തുതന്നെ സുരേഷ്‌കുറുപ്പിന്റെ പേര് സജീവമായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും പിന്നീട് പിന്തള്ളപ്പെടുകയയായിരുന്നു. മണ്ഡലം മുതല്‍ സംസ്ഥാനതലം വരെ ക്ലീന്‍ ഇമേജും വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയവും ഉണ്ടായിട്ടുപോലും കുറുപ്പിനെ പരിഗണിക്കാതിരുന്നത് ഇപ്പോഴും പലവിധ സംശയങ്ങള്‍ക്കിട വരുത്തുന്നു. കോട്ടയം ജില്ലയില്‍ നിന്ന് ഒരാള്‍പോലും ഇടതുമന്ത്രിസഭയില്‍ ഉള്‍പ്പെടാതിരുന്നതിനാല്‍ കുറുപ്പിന് സാധ്യതയുണ്ടെന്ന് പലരും കരുതിയിരുന്നു. ഇതേ സാധ്യതകളാണ് രാജു എബ്രഹാമിനെക്കുറിച്ചു നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നത്. പാര്‍ട്ടിയിലെ സീനിയര്‍ അംഗവും വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ നിന്നുമുള്ള എസ്. ശര്‍മ്മയുടെ പേരും ചിലഘട്ടങ്ങളില്‍ ഉയര്‍ന്നുവന്നിരുന്നു. മുന്‍മന്ത്രിയെന്നുള്ള പ്രവര്‍ത്തി പരിചയമായിരുന്നു ശര്‍മ്മയുടെ പേര് ഉയര്‍ന്നുവരാന്‍ കാരണം.
രാജു എബ്രഹാമും കെ.എസ്. സുരേഷ്‌കുറുപ്പും പാര്‍ലമെന്ററി സീനിയര്‍ ആയിട്ടും അവരെ മന്ത്രിസഭയിലേക്ക് പരിഗണിക്കാത്തതില്‍ മണ്ഡലങ്ങളിലെ ജനങ്ങള്‍ക്കിടയില്‍ അസ്വസ്ഥതയുണ്ട്.