സഹകരണ ബാങ്കുകള്‍ക്ക് ഇളവ്; നിയമസഭ പ്രമേയം പാസാക്കി

തിരുവനന്തപുരം: സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസായത്. മുന്‍ മന്ത്രി ഇ.പി ജയരാജന്‍ സഭയില്‍ എത്തിയില്ല. എല്‍.ഡി.എഫ്, യു.ഡി.എഫ് എം.എല്‍.എമാര്‍ പ്രമേയത്തെ അനുകൂലിച്ചു. 500, ആയിരം നോട്ടുകള്‍ക്ക് നിയമപ്രാബല്യം ഇല്ലാതായതോടെ ജില്ലാ സഹകരണ ബാങ്കുകളെയും പ്രാഥമിക വായ്പ സഹകരണ സംഘങ്ങളെയും പണമിടപാടുകളില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രമേയത്തിലൂടെ വ്യക്തമാക്കി. കേന്ദ്രനയം കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കുകയും ജനജീവിതം ദുസഹമാക്കുകയും ചെയ്തു.
രാജ്യത്തെ സഹകരണ ബാങ്കിംഗ് രംഗത്തെ നിക്ഷേപത്തിന്റെ 60 ശതമാനം കേരളത്തിന്റെ വിഹാതമാണ്. സംസ്ഥാന, ജില്ലാ, പ്രാഥമിക സഹകരണ സംഘങ്ങളില്‍ നാല് കോടി അക്കൗണ്ടുകളും ഒരു കോടി 27 ലക്ഷം കോടിയുടെ നിക്ഷേപവും ഒരു ലക്ഷം കോടിയുടെ വായ്പയുമുണ്ട്. സഹകരണ മേഖലയിലെ നിക്ഷേപത്തില്‍ ഒരു പൈസ പോലും നഷ്ട പ്പെടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതോടെ സഹകരണ മേഖലയുടെ വിശ്വാസ്യത ഉയര്‍ന്നിട്ടുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യനീതി നിഷേധിക്കുന്ന നടപടി കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ സഹകരണബാങ്കുകളില്‍ നിക്ഷേപമായി സ്വീകരിക്കുന്നതിനും മാറ്റിയെടുക്കുന്നതിനും അനുവാദം നല്‍കണമെന്നും പ്രമേയം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.