സഹകരണ പ്രതിസന്ധി: യു.ഡി.എഫ് എം.എല്‍.എമാര്‍ തിങ്കളാഴ്ച രാജ്ഭവന്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും

തിരുവനന്തപുരം: നോട്ട് പരിഷ്‌ക്കരണം രാജ്യത്തെ ജനജീവിതത്തെ സ്തംഭിപ്പിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാതെ മര്‍ക്കടമുഷ്ഠി തുടരുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭ്രാന്തന്‍ നയത്തിനെതിരെ ദേശവ്യാപകമായി പ്രതിപക്ഷ കക്ഷികള്‍ തിങ്കളാഴ്ച നടത്തുന്ന പ്രതിഷേധ പ്രക്ഷോഭത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് യു.ഡി.എഫ് എം.എല്‍.എമാര്‍ രാജ്ഭവന്‍ പിക്കറ്റ് ചെയ്ത് അറസ്റ്റ് വരിക്കും.
മ്യൂസിയം ജംഗ്ഷനില്‍ കേന്ദ്രീകരിച്ച് ശേഷം രാവിലെ 11 മണിയോടെ രാജ്ഭവനിലേക്ക് യു.ഡി.എഫ് എം.എല്‍.എമാര്‍ മാര്‍ച്ച് നടത്തും.
പകരം സംവിധാനമൊരുക്കാതെ നോട്ടുകള്‍ പിന്‍വലിച്ചതു വഴി ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ജീവിതം താറുമാറായിട്ടും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ നിസ്സാരമായിട്ടാണ് അതിനെ കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. കാര്‍ഷിക മേഖലയും ചെറുകിട വ്യാവസായിക മേഖലയും ഉല്പാദന മേഖല ആകെയും സ്തംഭിച്ചിരിക്കുകയാണ്. ഭക്ഷണം വാങ്ങാനും ചികിത്സയ്ക്കും പണം കിട്ടാതെ ജനങ്ങള്‍ വലയുന്നു. ഈ ദുരിതത്തില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം എഴുപത് കടന്നു. അതൊന്നും കണക്കിലെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടു വന്ന് ജനങ്ങളെ വീണ്ടും ദുരിതത്തിലാഴ്ത്തുന്നു. ജനങ്ങളോട് കൂറുള്ള ഒരു സര്‍ക്കാരിനും ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളല്ല കേന്ദ്രസര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. എല്ലാ കുഴപ്പങ്ങളും ഒപ്പിച്ച് വച്ചിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്. പാര്‍ലമെന്റില്‍ പോലും വരാന്‍ അദ്ദേഹം കൂട്ടാക്കുന്നില്ല. അഥവാ അല്പസമയം വന്നാല്‍ തന്നെ മറുപടി പറയാന്‍ തയ്യാറാവുന്നില്ല. പാര്‍ലെമന്റിനെപ്പോലും പുച്ഛിക്കുന്ന ഒരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഇതിന് മുന്‍പ് ഉണ്ടായിട്ടില്ല.
കേരളത്തിലെ ജനങ്ങളുടെ മുഴുവന്‍ വികാരം ഉള്‍ക്കൊണ്ടു കൊണ്ട് സംസ്ഥാന നിയമസഭയുടെ പ്രത്യേക സമ്മേളനം പാസ്സാക്കിയ പ്രമേയത്തെ പുച്ഛിച്ചു തള്ളുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. നിയമസഭ നിയോഗിച്ചതനുസരിച്ച് കേരളത്തില്‍ നിന്നുള്ള സര്‍വ്വ കക്ഷി സംഘത്തെ ഒന്ന് കാണാനുള്ള സമാന്യ ജനാധിപത്യ മര്യാദ പോലും പ്രധാന മന്ത്രി കാണിക്കുന്നില്ല.
നോട്ട് പ്രതിസന്ധിക്ക് അയവുണ്ടാകുന്നതിന് പകരം ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ മുറുകുകയാണ് ചെയ്യുന്നത്. ജനജീവിതം കൂടുതല്‍ ദുസ്സഹമാകുന്നു. ഈ പശ്ചാത്തലത്തിലാണ് ജനങ്ങളെ അണിനിരത്തി പ്രതിപക്ഷ കക്ഷികള്‍ ദേശവ്യാപകമായി പ്രക്ഷോഭ പരിപാടികള്‍ ശക്തമാക്കുന്നത്.
രാജ്ഭവന്‍ പിക്കറ്റിംഗ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ്, ജനതാദള്‍(യു) സെക്രട്ടറി ഡോ.വര്‍ഗ്ഗീസ് ജോര്‍ജ്, കേരളാ കോണ്‍ഗ്രസ് (ജെ) ചെയര്‍മാന്‍ ജോണിനെല്ലൂര്‍, സി.എം.പി നേതാവ് സി.പി.ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.

യു.ഡി.എഫ് പ്രതിനിധി സമ്മേളനം മാറ്റി വച്ചു

നോട്ട് പ്രതിസന്ധി കാരണം ജനങ്ങള്‍ക്കുണ്ടായ ദുരിതം കണക്കിലെടുത്ത് ജനുവരി അഞ്ചിന് തിരുവനന്തപുരത്ത് നടത്താനിരുന്ന യു.ഡി.എഫ് പ്രതിനിധി സമ്മേളനം മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചു.