വിനീതിന് പിന്നാലെ ധ്യാനും പ്രണയ വിവാഹം

കൊച്ചി: കൂടെ പഠിച്ച സുഹൃത്തിനെ ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ പ്രണയിച്ച് വിവാഹം കഴിച്ചതിന് പിന്നാലെ അനുജന്‍ ധ്യാന്‍ ശ്രീനിവാസും പ്രണയിച്ച് വിവാഹം കഴിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ അര്‍പ്പിതയാണ് വധു. കഴക്കൂട്ടം ടെക്‌നോപാര്‍ക്കിലെ ജീവനക്കാരിയാണ് അര്‍പ്പിത. വരുന്ന ഏപ്രിലില്‍ കണ്ണൂരില്‍ വച്ചാണ് വിവാഹം. തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കായി കൊച്ചിയില്‍ വിവാഹ സല്‍ക്കാരവും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം മോഹന്‍ദാസ് എഞ്ചിനിയറിംഗ് കോളജില്‍ പഠിച്ചിരുന്ന കാലത്ത് തുടങ്ങിയ പ്രണയമാണ് പൂക്കാന്‍ തുടങ്ങുന്നത്. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നു.
നടി നമിതാ പ്രമോദുമായി ധ്യാന്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇതിനെതിരെ നമിതയുടെ കുടുംബം രംഗത്തെത്തിയിരുന്നു. എന്നാല്‍ ധ്യാന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. അമ്മാവന്‍ എം. മോഹന്‍ സംവിധാനം ചെയ്ത 916 എന്ന ചിത്രത്തിന്റെ സംവിധാന സഹായിയായാണ് ധ്യാന്‍ സിനിമയിലെത്തിയത്. പിന്നീട് ചേട്ടന്‍ സംവിധാനം ചെയ്ത തിരയില്‍ പ്രധാന വേഷം ചെയ്തു. സിനിമ പരാജയമായിരുന്നെങ്കിലും ധ്യാന്‍ ശ്രദ്ധിക്കപ്പെട്ടു. അടികപ്യാരേ കൂട്ടമണി, കുഞ്ഞിരാമായണം എന്നീ സിനിമകള്‍ ഹിറ്റായി. അവസാനം ഇറങ്ങിയ ഒരേ മുഖം വലിയ പരാജയമായിരുന്നു.