ഭീകരര്‍ക്ക് ജാമ്യവും പരോളും അനുവദിക്കാനാകില്ല: സുപ്രീംകോടതി

ന്യൂഡല്‍ഹി: നിഷ്‌കളങ്കരായ ആളുകളെ കൊല്ലുന്ന ഭീകരന്മാര്‍ക്ക് ജാമ്യവും പരോളും അനുവദിക്കാന്‍ സാധിക്കില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. 1996 മേയ് 21ന് ലജ്പത് നഗര്‍ മാര്‍ക്കറ്റില്‍ നടന്ന സ്‌ഫോടനത്തില്‍ പന്ത്രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.
മകളുടെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതിയും ജമ്മു കശ്മീര്‍ ഇസ്ലാമിക് ഫ്രണ്ട് ഭീകരനുമായ മുഹമ്മദ് നല്‍കിയ ജാമ്യാപേക്ഷ തള്ളിയാണ് സുപ്രിം കോടതി അഭിപ്രായം വ്യക്തമാക്കിയത്.

നിഷ്‌കളങ്കരായ ആളുകളെ ഭീകരാക്രമണത്തില്‍ വധിച്ചവര്‍ സ്വന്തം കുടുംബത്തെ മറക്കുന്നതാണ് നല്ലത്. നിങ്ങള്‍ ഏത് നിമിഷമാണ് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത്? അത് നിങ്ങളുടെ കുടുംബവും കുടുംബജീവിതവുമായുള്ള എല്ലാ ബന്ധങ്ങളുടെയും അവസാനം കൂടിയാണ്. എനിക്ക് മക്കളുണ്ട്, മകന്‍ അല്ലെങ്കില്‍ മകളുണ്ട് എന്ന് നിങ്ങള്‍ക്ക് പറയാനാകില്ല.

നിങ്ങള്‍ക്ക് ജാമ്യം ചോദിക്കാനാവില്ല. കീഴ്‌കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാം. എന്നാല്‍ കീഴ്‌കോടതി കുറ്റക്കാരനെന്ന് വിധിച്ച് കഴിഞ്ഞാല്‍, അത് ഹൈക്കോടതി ശരിവച്ചാല്‍ നിങ്ങള്‍ക്ക് ഇടക്കാല ജാമ്യാപേക്ഷ നല്‍കാന്‍ അനുവാദമില്ല.

ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവിടെ ജാമ്യവുമില്ല. ഹര്‍ജി തള്ളിക്കൊണ്ട് കോടതി പറഞ്ഞു. ജസ്റ്റിസ്മാരായ ജെ എസ് ശേഖര്‍, ഡിവൈ ചന്ദ്രചൂഡ്, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് മുഹമ്മദിന്റെ അപേക്ഷ പരിഗണിച്ചത്.