നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എംബസി സഹായിക്കാനെത്തും

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളിലെന്നല്ല, ചൊവ്വയില്‍ കുടുങ്ങിയാലും നിങ്ങളുടെ സുഹൃത്തായി സഹായത്തിന് ഇന്ത്യന്‍ എംബസിയുണ്ടാകുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. കരണ്‍ സയ്‌നിയെന്നയാള്‍ക്ക് മന്ത്രി നല്‍കിയ മറുപടി ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

 ‘ഞാന്‍ ചൊവ്വയില്‍ കുടുങ്ങിയിരിക്കുകയാണ്. മംഗള്‍യാന്‍ വഴി അയച്ച ഭക്ഷണ സാധനങ്ങളൊക്കെ തീരാറായി. എപ്പോഴാണ് ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ രണ്ട് ബഹിരാകാശത്തേക്ക് അയക്കുന്നത്’. എന്നായിരുന്നു കരണിന്റെ ട്വിറ്റര്‍ ചോദ്യം. തമാശ നിറഞ്ഞ ചോദ്യത്തിന് ഉരുളക്കുപ്പേരി പോലെ മറുപടി നല്‍കി മന്ത്രി താരമായി. ഏതായാലും സുഷമയുടെ മറുപടി ട്വീറ്റിന് 3700 ലധികം റീട്വീറ്റുകളും 8000ത്തോളം ലൈക്കുമാണ് കിട്ടിയത്.

ഇന്ത്യന്‍ പൗരന്‍മാരെ സഹായിക്കാന്‍ അതിര്‍ത്തികളോ ദൂരമോ തടസമല്ലെന്ന് തെളിയിച്ച മന്ത്രിയാണ് സുഷമ. ട്വിറ്ററില്‍ സജീവമായ സുഷമക്ക് എട്ടുമില്യന്‍ ഫോളോവേഴ്‌സാണ് ഉള്ളത്. സഹായമോ അഭ്യര്‍ത്ഥനയോ എന്തായാലും ട്വിറ്ററിലൂടെ നേരിട്ട് മറുപടി നല്‍കുകയെന്നതാണ് സുഷമ സ്വരാജിന്റെ രീതി. കഴിഞ്ഞ മാസം പാകിസ്താന്‍ പൗരനായ കുഞ്ഞിന് ഇന്ത്യയിലേക്ക് ചികിത്സക്കുള്ള വിസ അനുവദിച്ചത് ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.