ഇനി ‘സിവില്‍ മരണം’ ഇല്ല; പൗരോഹിത്യം സ്വീകരിച്ചാലും കന്യാസ്ത്രീകളും വൈദികരും പിതൃസ്വത്തിന് അര്‍ഹരെന്ന് ഹൈകോടതി

കൊച്ചി: പൗരോഹിത്യം സ്വീകരിച്ചാലും കന്യാസ്ത്രീകളും വൈദികരും പിന്തുടര്‍ച്ചാവകാശ പ്രകാരമുള്ള പിതൃസ്വത്തിന് അര്‍ഹരെന്ന് ഹൈകോടതി. ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ഇന്ത്യയിലെ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും ബാധകമായിട്ടുള്ളതെന്നും വ്യക്തമാക്കി. മാതാപിതാക്കള്‍ വില്‍പത്രം തയാറാക്കുന്നതിനുമുമ്പ് വൈദികനായതിനാല്‍ പിതൃസ്വത്തില്‍ അവകാശമില്ലെന്ന കൊച്ചി പ്രിന്‍സിപ്പല്‍ സബ് കോടതിയുടെ ഉത്തരവിനെതിരെ മോണ്‍. സേവ്യര്‍ ചുള്ളിക്കലും മൂന്ന് സഹോദരപുത്രന്മാരും നല്‍കിയ അപ്പീല്‍ ഹരജികള്‍ തീര്‍പ്പാക്കിയാണ് വിധി.
മാതാപിതാക്കള്‍ വില്‍പത്രം തയാറാക്കിയപ്പോള്‍ സ്വത്തിന്റെ ഭാഗം പുരോഹിതനായിരുന്ന മകന്‍ സേവ്യര്‍ ചുള്ളിക്കലിനും എഴുതിവെച്ചു. എന്നാല്‍, വൈദികനായതിനാല്‍ ഇദ്ദേഹത്തിന് സ്വത്തിന് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് ജ്യേഷ്ഠപുത്രന്മാര്‍ കോടതിയെ സമീപിച്ചു. വിശദമായി വാദം കേട്ട പ്രിന്‍സിപ്പല്‍ സബ് കോടതി കാനോന്‍ നിയമപ്രകാരം പൗരോഹിത്യം സ്വീകരിച്ചവര്‍ക്ക് സ്വത്തില്‍ അവകാശമില്ലെന്ന് 2000ത്തില്‍ വിധിച്ചു. മാത്രമല്ല, സേവ്യര്‍ ചുള്ളിക്കല്‍ തനിക്ക് ലഭിച്ച സ്വത്തില്‍ കുറച്ചുഭാഗം രണ്ടുപേര്‍ക്ക് കൈമാറ്റം ചെയ്തത് സാധുവാണെന്നും കോടതി വ്യക്തമാക്കി. ഇതിനെതിരെ നല്‍കിയ അപ്പീല്‍ ഹൈകോടതി പരിഗണിക്കവെ സേവ്യര്‍ അറയ്ക്കല്‍ മരിച്ചു. തുടര്‍ന്ന്, സഹോദരപുത്രന്മാരാണ് അദ്ദേഹത്തിനുവേണ്ടി കേസ് നടത്തിയത്.
ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് ബാധകമല്ലാത്ത കാനോനിക നിയമപ്രകാരമാണ് കീഴ്‌കോടതി ഉത്തരവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. സഭക്കകത്തെ തത്ത്വങ്ങളും ആദര്‍ശങ്ങളും വ്യവസ്ഥകളുമടങ്ങുന്ന കാനോനിക നിയമത്തില്‍നിന്ന് വ്യത്യസ്ത സിവില്‍ നിയമങ്ങള്‍. വ്യക്തിഗത അവകാശങ്ങള്‍ കാനോനിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ഇന്ത്യയിലെ െ്രെകസ്തവര്‍ക്ക് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശ നിയമമാണ് ബാധകമെന്ന് മേരി റോയ് കേസില്‍ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. വ്രതവും ബ്രഹ്മചര്യവും ഉള്‍ക്കൊണ്ട് പൗരോഹിത്യം സ്വീകരിച്ചാലും വൈദികനും കന്യാസ്ത്രീക്കും പിന്തുടര്‍ച്ചാവകാശവും സ്വത്തവകാശവും ഇല്ലാതാകുന്നില്ലെന്ന് കര്‍ണാടക, മദ്രാസ് ഹൈകോടതികളും വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ വില്‍പത്രം ഉണ്ടായാലും ഇല്ലെങ്കിലും അവകാശം ഇല്ലാതാകുന്നില്ല.
ശമ്പളത്തോടെ ജോലി ചെയ്യാനും മറ്റും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വിലക്കില്ലെന്നിരിക്കെ പൗരോഹിത്യം സ്വീകരിക്കുന്നവര്‍ക്ക് സ്വത്തവകാശം ഇല്ലാതാകുന്ന ‘സിവില്‍ മരണം’ പ്രഖ്യാപിക്കുന്നത് ഭരണഘടനയുടെ ലംഘനമാണ് പൗരോഹിത്യജീവിതം സ്വീകരിച്ചെന്നതുകൊണ്ട് പിന്തുടര്‍ച്ചാവകാശം യാന്ത്രികമായി ഇല്ലാതാവുന്നില്ല. അതിനാല്‍, വില്‍പത്രം എഴുതുംമുമ്പേ ഹരജിക്കാരന്‍ വൈദികനായി മാറിയെന്ന കാരണത്താല്‍ സ്വത്തില്‍ അവകാശമുണ്ടാകില്ലെന്ന കീഴ്‌കോടതി വിധി നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.