ഇന്ത്യാ പ്രസ് ക്ലബ് നാഷണല്‍ കോണ്‍ഫറന്‍സില്‍ പ്രൊഫ. പി.ജെ കുര്യന്‍ മുഖ്യാതിഥി

ചിക്കാഗോ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് നാഷണല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യന്‍ രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രൊഫസര്‍ പി.ജെ കുര്യന്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കേരളത്തിന്റെ ജനകീയ ശബ്ദം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തിക്കാട്ടുക വഴി ജനപ്രതിനിധിയുടെ ഉത്തരവാദിത്വങ്ങള്‍ സ്തുത്യര്‍ഹ പൂര്‍വം നിറവേറ്റുന്ന പ്രൊഫ: പി.ജെ കുര്യന്റെ സാന്നിദ്ധ്യം ഈ കോണ്‍ഫറന്‍സിന് അനുഗ്രഹീതവും അഭിമാനകരവുമാണെന്ന് ഇന്ത്യ പ്രസ് ക്ലബ് പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ് കാക്കനാട്ട്, ട്രഷറാര്‍ ജോസ് കാടാപുറം എന്നിവര്‍ പറഞ്ഞു. വരുന്ന ഓഗസ്റ്റ് 24 മുതല്‍ 26വരെ ചിക്കാഗോയിലെ ഇറ്റാസ്കയിലുള്ള ഹോളിഡേ ഇന്‍ ഹോട്ടലിലാണ് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഏഴാമത് കോണ്‍ഫറന്‍സ് നടക്കുന്നത്.

ഇന്ത്യ പ്രസ്ക്ലബിന്റെ ചിരകാല സുഹൃത്ത് എന്ന നിലയില്‍ പ്രൊഫസര്‍ പി.ജെ കുര്യന്‍ നല്‍കിയിട്ടുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ ഈ സംഘടനയുടെ മാധ്യമ ധര്‍മത്തിലധിഷ്ഠിതമായ വളര്‍ച്ചയ്ക്കും വികാസത്തിനും എന്നും പ്രേരക ശക്തിയാണ്. അമേരിക്കന്‍ മലയാളി സമൂഹവുമായി എന്നും അടുത്ത് ഇടപഴകുന്ന പ്രൊഫ: പി.ജെ കുര്യന്‍ പ്രസ് ക്ലബ് കോണ്‍ഫറന്‍സില്‍, മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ അത് ഒരോ മലയാളിയുടെയും ഹൃദയത്തില്‍ തൊട്ടായിരിക്കുമെന്നതില്‍ സംശയമില്ല. ഏഴര പതിറ്റാണ്ട് നീണ്ട അദ്ദേഹത്തിന്റെ സഫലമായ കര്‍മ സപര്യയില്‍ പൊതു പ്രവര്‍ത്തകന്‍, അദ്ധ്യാപകന്‍, സംഘാടകന്‍, ജനപ്രതിനിധി, കേന്ദ്ര മന്ത്രി എന്നിങ്ങനെയുള്ള പദവികളിലൂടെ ഇപ്പോള്‍ രാജ്യസഭയുടെ ഡെപ്യൂട്ടി ചെയര്‍മാനായി ഇന്ത്യയുടെ ശബ്ദം ലോകത്തിന്റെ ജനകീയ സഭകളില്‍ എത്തിക്കുന്നു.

‘അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ മാധ്യമ സംസ്കാരം ഒളിമങ്ങാതെ നിലനിര്‍ത്തിക്കൊണ്ടു പോരുന്ന ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഈ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു സംസാരിക്കുക എന്നത് സന്തോഷപ്രദമാണ്. വാര്‍ത്തകളുടെ വസ്തുതയില്‍, സംഭവങ്ങളുടെ കൃത്യതയെ അളന്നു മുറിച്ച് സത്യത്തിന് നിരക്കുന്ന രീതിയില്‍ വായനക്കാരിലും പ്രേക്ഷകരിലും എത്തിക്കുവാന്‍ പ്രസ്ക്ലബിന്റെ അംഗങ്ങളും അണിയറ പ്രവര്‍ത്തകരും തങ്ങളുടെ പ്ലാറ്റ്‌ഫോമില്‍ നിന്നുകൊണ്ട് കാട്ടുന്ന അര്‍പ്പണ ബോധവും പ്രൊഫഷണലിസവും മാതൃകയാക്കേണ്ടതാണ്. അതോടൊപ്പം കേരളത്തിലെ ഉന്നത ശ്രേണിയിലുള്ള മാധ്യമ പ്രവര്‍ത്തകരെ, നിങ്ങളുടെ ഈ കര്‍മഭൂമിയില്‍ എത്തിച്ച്, ആദരിച്ച് അവരുടെ അനുഭവങ്ങളും ആശിര്‍വാദങ്ങളും പങ്കു വയ്ക്കാന്‍ അവസരമൊരുക്കുന്ന ഈ വേദിയില്‍ എനിക്കും ഇരിപ്പിടം കിട്ടുന്നത് ഒരു ജനപ്രതിനിധി എന്ന നിലയില്‍ ആഹ്ലാദകരമാണ്. ഇന്ത്യ പ്രസ്ക്ലബിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകിച്ച് ചിക്കാഗോയില്‍ നടക്കുന്ന കോണ്‍ഫറന്‍സിനും എന്റെ ഭാവുകങ്ങളും പിന്തുണയും അറിയിക്കുകയാണ്…” പ്രൊഫ: പി.ജെ കുര്യന്‍ പറഞ്ഞു.

മാവേലിക്കര, ഇടുക്കി ലോക്സഭാ മണ്ഡലങ്ങളില്‍നിന്ന് ആറുതവണ വിജയിച്ചിട്ടുള്ള പി.ജെ. കുര്യന്‍ ചീഫ് വിപ്പ്, കേന്ദ്ര മന്ത്രി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഐ.ഐ.ടി. ചെയര്‍മാന്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്. തിരുവല്ല വെണ്ണിക്കുളം പടുത്തോട് പള്ളത്ത് പരേതരായ പി.ജി. ജോസഫിന്റെയും റാഹേലമ്മ ജോസഫിന്റെയും നാല് മക്കളില്‍ മൂന്നാമനായി ജനിച്ച അദ്ദേഹം കോഴഞ്ചേരി സെന്റ് തോമസ് കോളജിലെ ഫിസിക്സ് പ്രൊഫസറായിരുന്നു. ലോക്സഭയും, രാജ്യസഭയും നിയന്ത്രിക്കുവാനുള്ള അവസരവും അദ്ദേഹത്തിന് പലവട്ടം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ രാജ്യസഭാംഗമായിരുന്നപ്പോള്‍ പാനല്‍ ഓഫ് ചെയര്‍മാന്മാരുടെ പട്ടികയിലും അംഗമായിരുന്നു. കേന്ദ്ര വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി, ഊര്‍ജ്ജ വകുപ്പ് മന്ത്രി എന്നീ സ്ഥാനങ്ങള്‍ അദ്ദേഹം വര്‍ഷങ്ങളോളം കൈകാര്യം ചെയ്തു. 1980ലാണ് പി.ജെ. കുര്യന്‍ ആദ്യമായി ലോക്സഭയില്‍എത്തുന്നത്. ചീഫ് വിപ്പ്, രാജ്യസഭയിലെ സീനിയര്‍ വൈസ് ചെയര്‍മാന്‍, എ.ഐ.ടി. ചെയര്‍മാന്‍, യു.എന്‍. പ്രതിനിധിയായി 1994, 1997, 2011 ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തു. ഇപ്പോള്‍ എ.എഫ്.പി.പി.ഡി. വൈസ് ചെയര്‍മാന്‍ ആണ്. 2012 ആഗസ്റ്റ് 21ന് രാജ്യസഭാ ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരുന്നതിനാല്‍ ഏകകണ്ഠമായിരുന്നു തെരഞ്ഞെടുപ്പ്. കുര്യന്റെ പേര് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് നിര്‍ദ്ദേശിച്ചു.

ഇന്ത്യയുടെ സുപ്രധാന നിലപാടുകള്‍ ലോകത്തെ അറിയിക്കുന്ന പ്രതിനിധിയായി ജപ്പാന്‍, അമേരിക്ക, തായ്‌ലാന്‍ഡ്, ഈജിപ്റ്റ്, ഗ്രീസ്, മലേഷ്യ, യു.എസ്.എസ്.ആര്‍, ജര്‍മനി, യു.കെ, കാനഡ, നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ടര്‍ക്കി, എത്യോപ്യ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചൈന, ബഹ്‌റെയ്ന്‍, ന്യൂസിലാന്‍ഡ്, ഇറ്റലി, ഓസ്‌ട്രേലിയ, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ഇന്ത്യയുടെ രാജ്യസഭാ ഉപാധ്യക്ഷനാകുന്ന രണ്ടാമത്തെ മലയാളിയാണ്. ഭാര്യ: സൂസന്‍ കുര്യന്‍. രണ്ടു മക്കളുണ്ട്.