ചിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം 2017 ജൂണ്‍ 17-ന്

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയില്‍ 2017- 18 വര്‍ഷങ്ങളിലേക്കായി രൂപീകരിക്കപ്പെട്ടിരിക്കുന്ന പാസ്റ്ററല്‍ കൗണ്‍സിലിന്റെ ഈവര്‍ഷത്തെ സമ്മേളനം ജൂണ്‍ 17-നു ശനിയാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ ചിക്കാഗോ മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലിന്റെ ചാവറ ഹാളില്‍ വച്ചു നടത്തപ്പെടും. രൂപതയുടെ ഭരണപരവും അജപാലനപരവുമായ കാര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സജീവവുമാക്കാന്‍ സഹായകരമാകുന്ന പ്രായോഗിക നിര്‍ദേശങ്ങള്‍ നല്കുക എന്നതാണ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ മുഖ്യ ഉത്തരവാദിത്വം.

അമേരിക്കയുടെ വിവിധ സ്റ്റേറ്റുകളിലുള്ള രൂപതയുടെ 40 ഇടവകകളില്‍ നിന്നും 41 മിഷനുകളില്‍ നിന്നുമായി എത്തിച്ചേരുന്ന പ്രതിനിധികളുടെ ഈ സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഉദ്ഘാടനം ചെയ്യും. രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് ആമുഖ സന്ദേശം നല്കും. “യൂത്ത് ഇയര്‍’ ആചരിക്കുന്നതിന്റെ ഭാഗമായി “Faith Formation of Youth & the future of the Church’ എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. അബ്രഹാം മാത്യു ക്ലാസ് നയിക്കും.

ഗ്രൂപ്പ് ചര്‍ച്ചകള്‍ക്ക് വികാരി ജനറാള്‍മാരായ റവ ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, റവ.ഡോ. തോമസ് മുളവനാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. രൂപതാ ചാന്‍സിലര്‍ റവ.ഫാ. ജോണിക്കുട്ടി പുലിശേരി, പ്രൊക്യുറേറ്റര്‍ റവ.ഫാ. ജോര്‍ജ് മാളിയേക്കല്‍, യൂത്ത് അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ റവ.ഫാ. പോള്‍ ചാലിശേരി, കത്തീഡ്രല്‍ ഇടവക യൂത്ത് ട്രസ്റ്റി ജോ കണിക്കുന്നേല്‍, കൈക്കാരന്മാരായ ലൂക്ക് ചിറയില്‍, പോള്‍ വടകര, സിബി പാറേക്കാട്ട്, ജോര്‍ജ് അമ്പലത്തിങ്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനാവശ്യമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി രൂപതാ ചാന്‍സിലര്‍ അറിയിച്ചു.