കേരളം പനിച്ചു വിറയ്ക്കുന്നു; ജൂൺ 15 മുതല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരും സമരത്തിലേക്ക്

തിരുവനന്തപുരം :സർക്കാർ ആശുപത്രികളും, സ്വകാര്യ ആശുപത്രികളും പനി രോഗികളാൽ നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ, നാടിനു കൂടുതൽ ദുരിതം നൽകി കൊണ്ട് , ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ജൂൺ പതിനഞ്ചു മുതൽ സമരത്തിലേക്ക് കടക്കുന്നു. പതിനെട്ടാം തീയ്യതി മുതല്‍ ആശുപത്രികള്‍ ബഹിഷ്ക്കരിക്കാനാണ് സ്വകാര്യ നഴ്‌സുമാരുടെ സംഘടനയുടെ തീരുമാനം. മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ സമര രംഗത്തേക്കിറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് നാട്ടിൽ സൃഷ്‌ടിക്കുക. ഉറപ്പു കൊടുത്ത ശമ്പള പരിഷ്കരണം നേടിയെടുക്കേണ്ടത് അത്യാവശ്യ കാര്യമാണെങ്കിലും, നിസ്സഹായരായ രോഗികളെ ദുരിതത്തിലേക്ക് തള്ളിവിട്ടുകൊണ്ടു, ഈ പനിക്കാലത്തു സമരം നടത്തുന്നത് നീതീകരിക്കാനാവില്ല എന്നാണ് ഭൂരിപക്ഷാഭിപ്രായം.

2013 ല്‍ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ നടത്തിയ സമരത്തെ തുടര്‍ന്ന് 2016 മുതല്‍ ശമ്പള വര്‍ദ്ധനവ് ഉറപ്പ് നല്‍കിയിരുന്നു. എന്നാൽ മിക്ക സ്വകാര്യ ആശുപത്രികളും ആ ഉറപ്പ് നടപ്പാക്കിയില്ല എന്നാണ് നഴ്സുമാരുടെ ആരോപണം. ജനറല്‍ നഴ്‌സിംഗ് പൂര്‍ത്തിയാക്കിയവര്‍ക്ക് 8750 രൂപയും, ബി.എസ്.സി നഴ്‌സിങുകാര്‍ക്ക് 9250 രൂപയും മിനിമം ശമ്പളം നല്‍കാനായിരുന്നു ധാരണ. നഴ്‌സുമാരുടെ സംഘടനാ പ്രതിനിധികളും ആശുപത്രി മാനേജ്മെന്റകളും സംസ്ഥാന തൊഴില്‍ വകുപ്പും നടത്തിയ സംയുക്ത ചര്‍ച്ചയില്‍ 2016 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയുള്ള ശമ്പള വര്‍ദ്ധനവാണ് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഉറപ്പ് പാലിക്കപ്പെട്ടില്ല.

മാത്രവുമല്ല സംസ്ഥാനത്തെ 1500 ഓളം ആശുപത്രികളില്‍ ജോലി ചെയ്യുന്ന മൂന്ന് ലക്ഷത്തോളം നഴ്‌സുമാരില്‍ 20 ശതമാനത്തിന് മാത്രമാണ് മിനിമം ശമ്പളം ലഭിക്കുന്നതെന്ന് സംഘടന പറയുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നഴ്‌സുമാര്‍ വീണ്ടും സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് മഴക്കാല രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നഴ്‌സുമാര്‍ വീണ്ടും സമര രംഗത്തേക്കിറങ്ങുന്നത് വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുക.

സ്വകാര്യ ആശുപത്രികളിലെ മാനേജ്‌മന്റ് നഴ്സുമാർക്ക് ഉറപ്പു കൊടുത്ത ശമ്പളവര്ധന എത്രയും പെട്ടെന്ന് നടപ്പിലാക്കി ഈ പ്രതിസന്ധി പരിഹരിക്കുമെന്നുതന്നെയാണ് കരുതപ്പെടുന്നത്.