ഡോ.രമേശിന്റെ സ്മരണയ്ക്കായി ഫൗണ്ടേഷന്‍, മരണത്തില്‍ ദുരൂഹത തുടരുന്നു

മിഷിഗണ്‍: യുഎസിലെ മിഷിഗണില്‍ വെടിയേറ്റുമരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി ഡോക്ടര്‍ രമേശ് കുമാറിന്റെ സ്മരണ നിലനിര്‍ത്താനായി ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്ന് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നു. മിഷിഗണ്‍ ഹെന്‍ട്രിഫോര്‍ഡ് ആശുപത്രിയിലെ യൂറോളജിസ്റ്റ് ആയിരുന്ന ഡോ. രമേശ് കുമാറിന്റെ ആതുരസേവനത്തിലുള്ള ആത്മാര്‍ത്ഥതയോടുള്ള ആദരവായാണ് ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്. ചികിത്സയ്ക്കായി എത്തിയ അപരിചതയായ, പാവപ്പെട്ട ഒരു സ്ത്രീയ്ക്ക് സൗജന്യസര്‍ജറി നല്‍കിയതുള്‍പ്പെടെ ഒട്ടേറെ സംഭവങ്ങള്‍ ഡോ. രമേശ് കുമാറിന്റെ ഹൃദയവിശാലതയായി സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ഫൗണ്ടേഷനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ www.drrameshkumarfoundation.org. എന്ന ലിങ്കില്‍ ലഭിക്കും.

അതേസമയം രമേശ് കുമാര്‍ ജീവനൊടുക്കിയതാണെന്ന വാദം ഇപ്പോഴും അംഗീകരിക്കാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പിതാവും യുഎസിലെ പ്രശസ്ത ഡോക്ടറുമായ ഡോ. നരേന്ദ്രകുമാര്‍ പറയുന്നു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു കുടുംബാംഗമാണ് ഡോ.നരേന്ദ്രകുമാര്‍. മകന്റെ മരണകാരണം അവശ്വസനീയമാണെന്ന് അമ്മയും പാലക്കാട് സ്വദേശിനിയുമായ മീനാക്ഷിയും ഉറപ്പിക്കുന്നു.

കഴിഞ്ഞ മേയ് മാസത്തിലെ ആദ്യ ആഴ്ചയാണ്  സ്വന്തം കാറിനുള്ളില്‍ വെടിയേറ്റു മരിച്ചനിലയില്‍ ഡോ.രമേശിന്റെ മൃതദേഹം കണ്ടെത്തിയത്. അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍ ഇന്ത്യന്‍ ഒര്‍ജിന്റെ (എ എ പി ഐ) മുന്‍പ്രസിഡന്റായിരുന്നു ഡോ.രമേശ്. മേയ് ആദ്യ ആഴ്ചകളിലെ തുടക്കത്തില്‍ ഡോ. രമേശ് ആശുപത്രിയില്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് യുറോളജി വിഭാഗം മേധാവി ഡോ. മണി മേനോന്‍ ഡോ. രമേശിന്റെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പിതാവ് ഡോ. നരേന്ദ്ര കുമാര്‍ മകനെ നിരന്തരം ഫോണില്‍ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തിരക്കു കരുതി മെസേജുകള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ല. പന്തികോട് തോന്നിയ അദ്ദേഹം ഡോ. രമേശ് താമസിക്കുന്ന വീട്ടിലെത്തിയെങ്കിലും മകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഉടന്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നീട് ഡോ. നരേന്ദ്രന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഡിട്രോയിറ്റ് ഹൈവേക്ക് സമീപം രമേശിന്റെ കാര്‍ കണ്ടെത്തിയത്. കാറിന്റെ പിന്‍സീറ്റില്‍ വെടിയേറ്റ് മരിച്ച നിലയിലായിരുന്നുഡോ. രമേശിന്റെ മൃതദേഹം.