അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍

ന്യൂയോർക്ക് :അമേരിക്കന്‍ മലങ്കര അതിഭദ്രാസന 31മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ് ജൂലായ് 19 മുതല്‍ 22 വരെ ന്യൂയോര്‍ക്കിലെ എലന്‍വില്‍ സിറ്റിയിലുള്ള ഹോണേഴ്‌സ് ഹെവന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ വൈവിധ്യമാര്‍ന്ന പരിപാടികളും, നവീനമായ ആശയങ്ങളുമായി നടത്തപ്പെടുന്ന ഈ കുടുംബമേളക്ക് കാനഡയില്‍ നിന്നും അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മലങ്കര യാക്കോബായ സുറിയാനി സഭയിലെ അറിയപ്പെടുന്ന സുവിശേഷ പ്രാസംഗികനും, പ്രഗല്‍ഭ വാഗ്മിയുമായ, വെരി.റവ.പൗലോസ് പാറേക്കര കോര്‍ എപ്പിസിക്കോപ്പാ മുഖ്യ പ്രഭാഷകനായിരിക്കുമെന്നത് ഈ വര്‍ഷത്തെ, ഫാമിലി കോണ്‍ഫറന്‍സിന്റെ പ്രത്യേകത കൂടിയാണ്.

വിശ്വാസികളുടെ ആത്മീയ കൂട്ടായ്മയോടൊപ്പം തന്നെ, കലാസാംസ്ക്കാരിക തലങ്ങളിലെ ഉന്നമനവും, ഉല്ലാസവും മുന്നില്‍കണ്ട്, കോണ്‍ഫറന്‍സിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ 11 മണിവരെ വൈവിധ്യമാര്‍ന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ഓരോ ഇടവകയില്‍ നിന്നും, പ്രോഗ്രാമില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അതാത് ഇടവക വികാരിയുടെ ശുപാര്‍ശയോടുകൂടിയ രജിസ്‌ട്രേഷന്‍ ഫോറം ജൂണ്‍ 30 നകം തന്നെ അയക്കണമെന്ന് പ്രോഗ്രാം കമ്മറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.ജോജി കാവനാല്‍ അറിയിച്ചു.(ഫോണ്‍ നമ്പര്‍ 9144095385).
കാനഡയില്‍ നിന്നും, അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന സഭാംഗങ്ങള്‍ക്ക് ന്യൂവാര്‍ക്ക് ലിബര്‍ട്ടി ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും 19ാം തീയതി(ബുധന്‍) രാവിലെ 8 മണി മുതല്‍ വൈകീട്ട് 4 മണിവരേയും, 22ാം തീയതി(ശനി) ഉച്ചയ്ക്ക് 12 മണി മുതല്‍ വൈകീട്ട് 5 മണിവരേയും യാത്രാ സൗകര്യം ക്രമീകരിച്ചിട്ടുണ്ടെന്നും, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആവശ്യമുള്ളവര്‍, എത്രയും വേഗം 8452164536 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണെന്നും, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മറ്റി കോര്‍ഡിനേറ്റര്‍ ശ്രീ.പി.ഓ.ജോര്‍ജ് അറിയിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.