നോര്‍ത്ത് ഈസ്റ്റ് അഡല്‍റ്റ് ഡേ കെയറിന്റെ ആഭിമുഖ്യത്തില്‍ കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍

ജോജോ കോട്ടൂര്‍

ഫിലാഡല്‍ഫിയ: നോര്‍ത്ത് ഈസ്റ്റ് അഡല്‍റ്റ് ഡേ കെയര്‍ (11048 റെന്നാര്‍ഡ് സ്ട്രീറ്റ്) സംഘടിപ്പിച്ച കമ്യൂണിറ്റി ഹെല്‍ത്ത് ഫെയര്‍ വിവിധ പരിപാടികളോടെ വിജയകരമായി നടത്തപ്പെട്ടു. ആരോഗ്യമുള്ള ജീവിതമാണ് സന്തുഷ്ട ജീവിതമെന്നും ജീവിതത്തിന്റെ സായംകാലത്ത് അതിനു സഹായിക്കുന്ന അഡല്‍ട്ട് ഡേ കെയര്‍ നല്‍കുന്ന സേവനങ്ങള്‍ ശ്‌ളാഘനീയമാണെന്നും മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് റവ. എം.പി. ഫിലിപ്പ് പ്രസ്താവിച്ചു.

ആശംസാ പ്രസംഗം നടത്തിയ പ്രൊഫ. കോശി തലയ്ക്കല്‍ നോര്‍ത്ത് ഈസ്റ്റ് അഡല്‍ട്ട് ഡേ കെയറിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ അനുസ്മരിച്ചുകൊണ്ട് അതിനു നേതൃത്വം നല്‍കുന്നവരെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. ആത്മീയവും ഭൗതീകവുമായ ആരോഗ്യ സംരക്ഷണത്തിന്റെ കേന്ദ്രമായ ഡേ കെയറിലേക്ക് അര്‍ഹരായ എല്ലാവരും വരണമെന്ന് തുടര്‍ന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രൊഫ. കോശി തലയ്ക്കല്‍ അവതരിപ്പിച്ച “ഇനിയും തോണിയിറക്കാം’ എന്ന കവിത അതീവ ശ്രദ്ധയോടെയാണ് സദസ്സ് സ്വീകരിച്ചത്. മാതാപിതാക്കള്‍ അനാഥരായി വലിച്ചെറിയപ്പെടുന്ന ജീവിത പശ്ചാത്തലത്തില്‍ ഡേ കെയറുകള്‍ നല്‍കുന്ന ആരോഗ്യപരവും ആത്മീയവുമായ പരിരക്ഷണം ശ്ശാഘനീയമാണെന്ന് ആശംസകള്‍ നേര്‍ന്നുകൊണ്ട് റിട്ട. ഡി.വൈ.എസ്.പി സുന്ദരേശന്‍ ജോസഫ് പ്രസ്താവിച്ചു.

മേളയില്‍ പങ്കെടുത്ത റൈസിംഗ് സണ്‍ ഫാര്‍മസി മാനേജര്‍ നോബി മാത്യുവും, ഫാര്‍മസിസ്റ്റ് ബിന്ദു മാത്യുവും അവരുടെ സേവനങ്ങളെക്കുറിച്ച് വിവരിക്കുകയുണ്ടായി. ഫ്രീ ഡെലിവറി കോപെയ്‌മെന്റ് ആനുകൂല്യങ്ങള്‍, 24 മണിക്കൂറും ലഭിക്കുന്ന സംശയനിവാരണം ഉള്‍പ്പടെയുള്ള സേവനങ്ങള്‍ തുടങ്ങിയവ റൈസിംഗ്‌സണ്‍ ഫാര്‍മസിയുടെ പ്രത്യേകതയാണെന്നു നോബി മാത്യു അറിയിച്ചു. ഫിലാഡല്‍ഫിയ കോര്‍പറേഷന്‍ ഓഫ് ഏജിങ്ങിനെ പ്രതിനിധീകരിച്ച് ഫെയറില്‍ പങ്കെടുത്ത സാംസണ്‍ ബേബി പി.സി.എയുടെ വിവിധ പ്രോഗ്രാമുകളെക്കുറിച്ചാണ് സംസാരിച്ചത്. സമൂഹം ഇനിയും മനസ്സിലാക്കാത്ത ഒട്ടേറെ ആരോഗ്യസംരക്ഷണ പരിപാടികള്‍ പി.സി.എയ്ക്ക് ഉണ്ടെന്നും അമേരിക്കയിലെ ഏറ്റവും വലിയ നാലാമത്തെ നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷനാണ് പി.സി.എ എന്നും, ഫിലാഡല്‍ഫിയയില്‍ തന്നെ അമ്പതില്‍ അധികം ഡേ കെയറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാംസണ്‍ ബേബി പ്രസ്താവിച്ചു. പി.സി.എയുടെ സേവനങ്ങള്‍ സ്വീകരിക്കാന്‍ പ്രായമായവരെ അദ്ദേഹം ആഹ്വാനം ചെയ്തു.

വേള്‍ഡ് ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷാജി മാത്യുവും ജോണ്‍സണ്‍ സഖറിയയും പ്രസംഗിച്ചു മലയാളികള്‍ക്ക് ഇനിയും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലാത്ത പല സാമ്പത്തിക പരിപാടികളെക്കുറിച്ചും ഷാജി മാത്യു വിവിരിക്കുകയുണ്ടായി. അമേരിക്കയിലെ സാമ്പത്തിക നിയമങ്ങള്‍ അറിയാത്തതുകൊണ്ട് അനേകര്‍ക്ക് സംഭവിക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും, നഷ്ടത്തെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് പദ്ധതികളെക്കുറിച്ച് മെറീന ബെറ്റ്‌സണ്‍ വിശദീകരിച്ചു. ഡോ. സഖറിയ ജോസഫും (കെയര്‍ ഡെന്റല്‍: ഫാമിലി ആന്‍ഡ് കോസ്‌മെറ്റിക് ഡെന്റിസ്ട്രി) ഓര്‍ത്തോപീഡിക് സപ്ലൈ, ഫിലാഡല്‍ഫിയ, ഡയബെറ്റിക് ഷൂസ്, ശീലോന്‍ ട്രാവല്‍സ്, അഡ്വാന്‍സ്ഡ് ഹോം ഹെല്‍ത്ത് കെയര്‍ എന്നിവയുടെ പ്രതിനിധികളും സംസാരിച്ചു. സമൃദ്ധമായ സത്കാരം മേളയ്ക്ക് കൊഴുപ്പുകൂട്ടി.

ഡേ കെയര്‍ ഡയറക്‌ടേഴ്‌സായ വ്‌ളാഡാ റൂബിയ്ക്ക്, ആന ഉല്‍ഫര്‍ഗ്, പാസ്റ്റര്‍ പി.സി ചാണ്ടി എന്നിവര്‍ നന്ദി പറഞ്ഞു. ശലോമി ചാണ്ടി, വത്സമ്മ ജേക്കബ്, ജയിംസ് പീറ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാസ്റ്റര്‍ എം.എം. വര്‍ഗീസിന്റെ പ്രാര്‍ത്ഥനയോടും ആശീര്‍വാദത്തോടുംകൂടി ഹെല്‍ത്ത് ഫെയര്‍ സമാപിച്ചു.

Newsimg1_49602961 Newsimg2_28226615 Newsimg3_51489982 Newsimg4_71232890