ഫോമയ്ക്ക് പുതിയ വെബ് സൈറ്റ്: സിബിയും ബിനുവും ശില്‍പ്പികള്‍

വിനോദ് കൊണ്ടൂര്‍ ഡേവിഡ്‌

ചിക്കാഗോ: മാറ്റങ്ങള്‍ അനിവാര്യമാണ്, മാറ്റങ്ങള്‍ക്ക് ഒരു തുടക്കവും ആവശ്യമാണ്. ഇന്ന് അമേരിക്കയില്‍ എന്നല്ല ലോകമെമ്പാടും പരമാവധി കമ്പ്യൂട്ടര്‍വത്ക്കരിച്ചു കൊണ്ടിരിക്കുകയാണ്. ഒരു പക്ഷെ അത് ഈ കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 201618 ഭരണ സമിതി, തങ്ങളുടെ ഒദ്യോഗിക പദവി ഏറ്റെടുത്തപ്പോള്‍ മുതല്‍ പുതിയ പുതിയ ആശയങ്ങളുമായി മുന്നോട്ടു വരികയും, ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും, ആ പദ്ധതികള്‍ വിജയത്തിലേക്ക് കൊണ്ടെത്തിക്കുവാന്‍, ബെന്നി വാച്ചാച്ചിറയുടെയും ടീമിന്റെയും പ്രത്യേക തീരുമാന പ്രകാരം ഫോമയ്ക്ക് ഒരു പുതിയ വെബ് സൈറ്റ് ആരംഭിച്ചു. ഈ ഇന്ററാക്ടീവ് വെബ്‌സൈസ്റ്റിന്റെ അണിയറ ശില്‍പ്പികള്‍ ചിക്കാഗോയില്‍ നിന്നുള്ള സിബി ജേക്കബും, ഫിലാഡല്‍ഫിയായില്‍ നിന്നുള്ള ബിനു ജോസഫുമാണ്. 2006ല്‍ ഫോമായുടെ ആദ്യത്തെ ഭരണ സമിതി മുതലുള്ള ഭരണസമിതികളുടെ പേരുകളും, ചിത്രങ്ങളും ഉള്‍പ്പെടുത്തി കൊണ്ടാണ് വെബ്‌സൈറ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുന്‍പു ഉണ്ടായിരുന്ന വെബ്‌സൈറ്റില്‍ നിന്നും ദിവസങ്ങളുടെ പരിശ്രമഫലമായാണ്, ഡേറ്റ പുതിയ സൈറ്റിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുവാന്‍ സാധിച്ചതെന്ന് സിബി പറഞ്ഞു.

സെക്യുര്‍ ആയിട്ടുള്ള വെബ്‌പേജ് ആയതിനാല്‍, സാമ്പത്തിക ഇടപാടുകള്‍ സുരക്ഷിതമായി നടത്തുവാന്‍ സാധിക്കും, ബിനു പറഞ്ഞ്. ഫോമായുടെ വാര്‍ത്തകളും വിശേഷങ്ങളും, ഒപ്പം വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്മറ്റികളെ പരിചയപ്പെടുത്തുന്നതിനുമായി വെബ്‌സൈറ്റിന്റെ പങ്ക് വലിയതാണ്.

2018ല്‍ ചിക്കാഗോയില്‍ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചതോടെ സൈറ്റില്‍ ട്രാഫിക്ക് ആരംഭിച്ചതായി സിബിയും ബിനുവും പറഞ്ഞു. കഠിനമായ ട്രാഫിക്കു നേരിട്ടാലും സൈറ്റിന്റെ വേഗത കുറയാതെയിരിക്കാനുള്ള സജീകരണം ചെയ്തിട്ടുണ്ടെന്ന് കമ്പ്യൂട്ടര്‍ രംഗത്ത് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള അവര്‍ പറഞ്ഞു.

കണ്‍വന്‍ഷന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷനു മേല്‍നോട്ടം വഹിക്കുന്നതും ബിനു ജോസഫാണ്. പേപ്പര്‍ രജിസ്‌ട്രേഷനും സെന്‍ട്രല്‍ ഡേറ്റായും മാനേജ് ചെയ്യുന്നത് സിബി ജേക്കബ് ആണ്. ഫോമാ മലയാളി സമൂഹത്തില്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് സംഭവാന നല്‍കുവാന്‍ മുന്‍പ് ചെക്കുകള്‍ അയച്ചു നല്‍കുകയായിരുന്നു പതിവ്. ഇത് കാരണം പലപ്പോഴും തക്ക സമയത്ത് സഹായം പുര്‍ണ്ണ രീതിയില്‍ എത്തിക്കുവാന്‍ സാധിക്കാതെ പോയിട്ടുണ്ട്. ഇന്ന് അത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ വിരല്‍ തുമ്പില്‍ ചെയ്യുവാന്‍ സാധിക്കും എന്നുള്ളത് ടെക്‌നോളജിയുടെ വിജയമാണ്.
ഇന്ന് വിവിധ റീജിയണിലുകളിലായി നടക്കുന്ന യുവജനോത്സവങ്ങളും, ചിക്കാഗോ കണ്‍വന്‍ഷനില്‍ വച്ചു നടക്കുവാന്‍ പോകുന്ന യുവജനോത്സവത്തിന്റെയും രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും ഈ വെബ്‌സൈറ്റിലൂടെ നടത്തുവാന്‍ സാധിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്കും, ഫോമായെ കുറിച്ച് കൂടുതല്‍ അറിയുവാനും, സന്ദര്‍ശിക്കുക
www.fomaa.net.