ഫോമാ 2018 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

വിനോദ് കൊണ്ടൂര്‍ ഡേവിഡ്

ചിക്കാഗോ: ഫോമായുടെ (ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസ്) 2016-2018 കാലഘട്ടത്തിലെ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ഭരണ സമിതിയുടെ അന്താരാഷ്ട്ര കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2018 ജൂണ്‍ 21 മുതല്‍ ചിക്കാഗോയിലെ ഷാംബര്‍ഗിലുള്ള പ്രശസ്തമായ റിനസന്‍സ് 5 സ്റ്റാര്‍ ഹോട്ടലില്‍ വച്ചു നടത്തപ്പെടുന്ന കണ്‍വന്‍ഷനില്‍ മുന്‍ കാലങ്ങളിലെ അപേക്ഷിച്ച് എല്ലാ നേരവും കേരളീയ ഭക്ഷണമായിരിക്കും നല്‍കുന്നത്. തനി നാടന്‍ ഭക്ഷണത്തോടൊപ്പം വിവിധ സ്‌റേറജുകളിലായി വിവിധ കലാ സാംസ്ക്കാരിക പരിപാടികളും അരങ്ങേറും. ചിക്കാഗോ നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന റിനസന്‍സ് ഹോട്ടല്‍, ചിക്കാഗോ ഒ’ഹയര്‍ അന്താരാഷ്ട്ര വിമാന താവളത്തിന്റെ അടുത്തു തന്നെയാണ്.

6487 പേര്‍ക്ക് പങ്കെടുക്കാവുന്ന, 16,1225 ചതുരശ്ര അടി വിസ്തൃതിയില്‍ പണിതിരിക്കുന്ന റിനസന്‍സ് ഹോട്ടലില്‍ വച്ചു നടക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വന്‍ഷനില്‍ എല്ലാ പ്രായക്കാര്‍ക്കും ഒരു പോലെ ആസ്വദിക്കുവാനുള്ള കാര്യ പരിപാടികളാണ് സംഘാടകര്‍ അണിയറയില്‍ ആരംഭിച്ചിരിക്കുന്നത്. ഇപ്പോഴത്തെ സന്തോഷ വാര്‍ത്ത, തിരഞ്ഞെടുപ്പ് പത്രികയിലുള്ളതു പോലെ ഒരു ജനകീയ കണ്‍വന്‍ഷന്‍ നടത്തണമെന്ന ആഗ്രഹ പ്രകാരം, 2017 നവംബര്‍ 30-ന് മുന്‍പ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് $251 കിഴിവ് നല്‍കി, $999 ന് ലഭിക്കത്തക്ക രീതിയിലാണ് കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു ഫാമിലിയിലെ അച്ഛന്‍, അമ്മ, മൂന്ന് വയസിനു താഴെയുള്ള കുട്ടി, എന്നിവര്‍ ഉള്‍പ്പെടുന്ന കുടുബത്തിന്, മൂന്നു ദിവസത്തെ ഭക്ഷണത്തിനും, താമസ സൗകര്യത്തിനുമാണ് $999 നല്‍കുന്നത്.

അമേരിക്കയിലെ പ്രശസ്ത ഹോട്ടല്‍ ശൃംഖലയായ മാരിയറ്റ് ഹോട്ടല്‍സിന്റെതാണ് റിനസന്‍സ്സ്. 2017 നവംബര്‍ 30 കഴിഞ്ഞ് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് $1250 ആണ് നല്‍കേണ്ടത്.

ഈ കുറഞ്ഞ നിരക്കായ $999 എത്രേയും വേഗം ഉപയോഗപ്പെടുത്തണമെന്ന് ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അഭ്യര്‍ത്ഥിച്ചു. ജനറല്‍ സെക്രട്ടറി ജിബി തോമസ്, ട്രഷറാര്‍ ജോസി കുരിശുങ്കല്‍, വൈസ് പ്രസിഡന്റ് ലാലി കളപ്പുരയ്ക്കല്‍, ജോയിന്റ് സെക്രട്ടറി വിനോദ് കൊണ്ടൂര്‍ ഡേവിഡ്, ജോയിന്റ് ട്രഷറാര്‍ ജോമോന്‍ കുളപ്പുരയ്ക്കല്‍ എന്നിവരടങ്ങുന്ന എക്‌സിക്യുട്ടീവ് കമ്മറ്റിയോടൊപ്പം, ഫോമാ 2018 അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി വള്ളിക്കളവും, പരിപാടികള്‍ തയ്യാറാക്കുന്നതില്‍ ഉത്സുകരായി പ്രവര്‍ത്തിച്ചു വരുന്നു. നാട്ടില്‍ നിന്നും, അമേരിക്കയില്‍ നിന്നുമുള്ള കലാകാരന്മാരുടെയും കലാകാരികളുടേയും സ്റ്റേജ് ഷോകള്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും യുവജനോത്സവം, നാടകോത്സവം, പൊളിറ്റിക്കല്‍ ഫോറം ഡിബേറ്റ്, പത്രപ്രവര്‍ത്തകരുടെ സമ്മേളനം, തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകര്‍ ആവിഷ്ക്കരിക്കുന്നത്.

കുടുതല്‍ വിവരങ്ങള്‍ക്കു സന്ദര്‍ശിക്കുക www.fomaa.net.