നടി ആക്രമിക്കപ്പെട്ട സംഭവം: സി.ബി.ഐ അന്വേഷിക്കണമെന്ന് പി.ടി. തോമസ്

തിരുവനന്തപുരം: കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പി.ടി.തോമസ് എം.എല്‍.എ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ ഉണ്ടായ സാഹചര്യത്തിലാണ് പി.ടി തോമസ് മുഖ്യമന്ത്രിക്ക് കത്തയച്ചത്.

പൊലിസ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പുതിയ സംഭവങ്ങള്‍ വെളിച്ചത്തു വരുന്ന സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യമാണെന്ന സ്ഥിതിയാണുള്ളത്. കേസ് വീണ്ടും സംസ്ഥാന പൊലിസ് അന്വേഷിക്കുന്നത് വസ്തുതകള്‍ പുറത്തു വരാന്‍ ഉപകരിക്കുമെന്ന് കരുതുന്നില്ല. ഇതുവരെ നടന്ന അന്വേഷണത്തില്‍ ക്രമക്കേട് ഉണ്ടായോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും കേസ് സി.ബി.ഐക്ക് കൈമാറണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.