ലോക്‌നാഥ് ബെഹ്റ വീണ്ടും പോലീസ് മേധാവി

വെള്ളിയാഴ്ച ബെഹ്റ സ്ഥാനമേല്‍ക്കും

ഡിജിപി ടി.പി.സെൻകുമാർ സർവീസിൽ നിന്ന് വിരമിക്കുന്ന സാഹചര്യത്തിൽ ലോക്‌നാഥ് ബെഹ്റ പൊലീസ് തലപ്പത്തേക്ക് തിരിച്ചെത്തും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ബെഹ്റയെ പൊലീസ് മേധാവിയായി നിയമിക്കാൻ തീരുമാനിച്ചത്. എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയപ്പോഴാണ് സെൻകുമാറിനെ മാറ്റി ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചത്.

എന്നാൽ തന്നെ മാറ്റിയതിന് എതിരെ ടി.പി.സെൻകുമാർ നൽകിയ കേസിൽ സുപ്രീംകോടതി വിധിയെത്തുടർന്ന് പൊലീസ് മേധാവിയായി വീണ്ടും സെൻകുമാറിനെ സർക്കാർ നിയമിച്ചു.

മെയ് ആറിന് ഡി ജി പിയായി  ടി.പി സെൻകുമാർ തിരിച്ചെത്തിയപ്പോൾ ലോക്‌നാഥ് ബെഹ്റയെ വിജിലൻസ് ഡയറക്ടറായി നിയമിച്ചിരുന്നു. ഈ കാലഘട്ടത്തിലായിരുന്നു വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസ് നിർബന്ധിത അവധിയിൽ പ്രവേശിച്ചത്.

അതേസമയം, തനിക്ക് ഇത് സംബന്ധിച്ച ഉത്തരവ് ലഭിച്ചിട്ടില്ലെന്നും ഡിജിപി സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ടെങ്കിൽ സർക്കാരിനോട് നന്ദിയുണ്ടെന്നും ലോക്‌നാഥ് ബെഹ്റ പ്രതികരിച്ചു.