തൃശൂര്‍: വിവാദ ബോളിവുഡ് ചിത്രം ‘പത്മാവതി’ന്റെ പേരില്‍ കേരളത്തിലും ഉടന്‍ പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് കര്‍ണിസേന നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു ദിവസത്തിനുള്ളില്‍ കത്ത് നല്‍കുമെന്നും കര്‍ണിസേനയുടെ കേരളാ പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് തൃശൂരില്‍ പറഞ്ഞു. സംസ്ഥാനത്ത് സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് കത്തില്‍ ആവശ്യപ്പെടും.
അതിനിടെ ചിത്രത്തിനെതിരായ പ്രതിഷേധം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്. കര്‍ണാടകയില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററിനു നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച രാത്രി സെക്കന്‍ഡ് ഷോ കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങുന്നതിനിടയില് ആയിരുന്നു അജ്ഞാതരുടെ ആക്രമണം. പരിഭ്രാന്തരായി ഓടിയ നിരവധി പേര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.