വാട്‌സ് ആപിന് നിയന്ത്രണം വേണമെന്ന് ഹരജി

ന്യൂഡല്‍ഹി: ഇന്‍സ്റ്റന്റ് മെസേജിങ് സര്‍വീസ് ആയ വാട്‌സ് ആപിനെ സര്‍ക്കാറിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി വാദം കേള്‍ക്കും. രണ്ട് നിയമ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ അധ്യക്ഷനും ഡിവൈ ചന്ദ്രചൂഡ് അംഗവുമായ സുപ്രീംകോടതി ബെഞ്ചിന്റെ പരിഗണനക്ക് വന്നത്. പ്രാഥമിക വാദം കേട്ട കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയും വിശദമായ വാദം കേള്‍ക്കലിനായി മെയ് മാസത്തേക്ക് മാറ്റുകയുമായിരുന്നു.

പരാതിക്കാര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ഹരീഷ് സാല്‍വെ ഹാജരായി. ലയന നീക്കത്തെതുടര്‍ന്ന് ഉപയോക്താക്കളുടെ വിവരങ്ങളും വാട്‌സ് ആപില്‍ നല്‍കുന്ന സന്ദേശങ്ങളും ഫേസ്ബുക്കുമായി പങ്കുവെക്കാനുള്ള വാട്‌സ് ആപ് അധികൃതരുടെ തീരുമാനത്തിനെതിരെയാണ് നിയമ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്. നേരത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു വിധി. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

അതേസമയം വാട്‌സ് ആപ് – ഫേസ്ബുക്ക് ധാരണ ഒപ്പുവെച്ച സെപ്തംബര്‍ 25നു മുമ്പുള്ള ഉപയോക്താക്കളുടെ സന്ദേശങ്ങളോ വിവരങ്ങളോ പങ്കുവെക്കരുതെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുമെന്ന ഉറപ്പിന്റെ ലംഘനമാണ് വാട്‌സ് ആപ് നീക്കമെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. പരാതിക്കാരുടെ വാദം കോടതി ആദ്യം ഖണ്ഡിച്ചു. സ്വകാര്യ സേവനം ഉപയോഗിക്കണമെന്ന് നിലപാടെടുക്കുമ്പോള്‍ തന്നെ സ്വകാര്യ സംരക്ഷിക്കണമെന്ന വാദവും നിങ്ങള്‍ ഉന്നയിക്കുന്നു. ഒന്നുകില്‍ നിങ്ങള്‍ക്ക് അത് ഉപയോഗിക്കാം. അല്ലെങ്കില്‍ സേവനം ഉപേക്ഷിച്ച് പുറത്തു കടക്കാം എന്നായിരുന്നു ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാറിന്റെ പ്രതികരണം.

155 ദശലക്ഷം ഉപയോക്താക്കളുള്ള, സന്ദേശമയക്കാനും ഫോണ്‍ വിളിക്കാനും കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് വാട്‌സ് ആപ് എന്നും ടെലിഫോണ്‍ കാളുകള്‍ പോലെത്തന്നെയുള്ള പൊതു അവശ്യ സര്‍വീസാണ് ഇവയുമെന്ന് ഹരീഷ് സാല്‍വേ ചൂണ്ടിക്കാട്ടി. ടെലിഫോണ്‍ കാളുകളിലേതുപോലെ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം വാട്‌സ് ആപിനുമുണ്ട്- ഹരീഷ് സാല്‍വെ വാദിച്ചു.

ടെലിഫോണ്‍ കോളുകള്‍ക്ക് നിങ്ങള്‍ പണം നല്‍കുന്നുണ്ട്. അതുകൊണ്ടാണ് സ്വകാര്യത സംരക്ഷിക്കുന്നത്. സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ക്ക് അത് ബാധകമാക്കണമെന്ന വാദത്തെ എങ്ങനെ അംഗീകരിക്കാനാവും എന്നായിരുന്നു സുപ്രീംകോടതിയുടെ മറുചോദ്യം. ”ടെലിഫോണ്‍ കോളുകളും സൗജന്യമായിക്കൊണ്ടിരിക്കുകയാണെന്ന” വാദം ഉയര്‍ത്തിയാണ് ഹരീഷ് സാല്‍വെ കോടതിയുടെ യുക്തിയെ ഖണ്ഡിച്ചത്.

ഭരണഘടനയുടെ 19ാം വകുപ്പ് പ്രകാരം (സംസാരിക്കാനും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം) പൗരന്റെ സ്വകാര്യത സംരക്ഷിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. സര്‍ക്കാര്‍ ഉത്തരവില്ലാതെ ടെലിഫോണ്‍ കാളുകള്‍ ചോര്‍ത്തുന്നത് നിയമവിരുദ്ധമാണെന്ന് ടെലികോം റഗുലേറ്ററി അതോറിറ്റിയും(ട്രായ്) വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വാട്‌സ് ആപിന്റെ കാര്യത്തില്‍ ട്രായ് ഒന്നും ചെയ്യുന്നില്ല- സാല്‍വേ ആരോപിച്ചു.

ഇതോടെയാണ് കേസില്‍ സുദീര്‍ഘമായ വാദം ആവശ്യമുണ്ടെന്നും ഭരണഘടനാ പ്രാധാന്യമുള്ള ഒട്ടേറെ കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ ഉള്ളതിനാല്‍ അവധിക്കാലമായ മെയ് മാസത്തേക്ക് കേസ് മാറ്റുന്നതായും കോടതി വ്യക്തമാക്കിയത്. കേസില്‍ ഹരീഷ് സാല്‍വെയോടു തന്നെ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി, അഡ്വ. ജനറല്‍ മുകുള്‍ റോഹത്ഗിയില്‍നിന്ന് സഹായം സ്വീകരിക്കാമെന്നും നിര്‍േദശിച്ചു. നിലപാട് അറിയിക്കാന്‍ ആവശ്യപ്പെട്ട് വാട്‌സ് ആപിനും ഫേസ്ബുക്കിനും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കണമെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ