നിര്‍മാതാക്കള്‍ക്കും തിയറ്ററുകാര്‍ക്കും എതിരെ സിദ്ധിഖ്

 

തിരുവനന്തപുരം: നിര്‍മാതാക്കളും തിയേറ്റര്‍ ഉടമകളും നടത്തുന്ന സിനിമാ സമരത്തിനെതിരെ നടന്‍ സിദ്ധിഖ് രംഗത്ത്. സമരത്തിനെതിരെ പ്രേക്ഷകര്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രിസ്മസ്- പുതുവല്‍സര സമയത്ത് സിനിമ കാണാനുള്ള അവകാശമാണ് ഇവര്‍ തമ്മിലുള്ള തര്‍ക്കം കാരണം നിഷേധിക്കപ്പെടുന്നതെന്നും സിദ്ധിഖ് പറഞ്ഞു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ ഹിറ്റായതിന്റെയും ഫുക്രിയും കമലാഹാസനൊപ്പം അഭിനയിച്ച സബാഷ് നായിഡുവും റിലീസിന് ഒരുങ്ങുന്നതിന്റെയും സന്തോഷത്തിലാണ് സിദ്ധിഖ്.

കമലാഹാസനെ നേരില്‍ കാണുന്നത് 2014ല്‍

അഭിനയം തുടങ്ങിയിട്ട് 30 കൊല്ലത്തോളമായെങ്കിലും കമലാഹാസനെ സിദ്ധിഖ് നേരില്‍ കാണുന്നത് 2014ലാണ്. ദുബയിലെ ഒരു അവാര്‍ഡ് ഷോയില്‍ വച്ച്. അന്ന് ദൃശ്യത്തിലെ അഭിനയം നന്നായെന്ന് കമലാഹാസന്‍ പറഞ്ഞു. പിറ്റേന്ന് താമസിക്കുന്ന ഹോട്ടലിലെ റസ്‌റ്റോറന്റില്‍ വെച്ച് വീണ്ടും കണ്ടു മുട്ടി. മൂന്ന് മണിക്കൂറോളമാണ് കമലാഹാസന്‍ സിദ്ധിക്കുമായി സംസാരിച്ചത്. തന്റെ പുതിയ ചിത്രം ടി.കെ രാജീവ് കുമാറാണ് സംവിധാനം ചെയ്യുന്നത്. അതില്‍ നല്ലൊരു വേഷം ഉണ്ടെന്നും പറഞ്ഞു. പക്ഷെ, കമലാഹാസന്റെ കഥാപാത്രത്തിന്റെ സീനിയര്‍ ഓഫീസറുടെ റോളായിരുന്നു. എന്നെ എന്ത് കൊണ്ടാണ് സാറിന്റെ സീനിയറായ കഥാപാത്രം ചെയ്യാന്‍ വിളിക്കുന്നതെന്ന് സിദ്ധിഖ് ചോദിച്ചു. അപ്പോള്‍ തലേന്ന് രാത്രി സിദ്ധിക്കിനൊപ്പം എടുത്ത ഫോട്ടോ കമലാഹാസന്‍ കാണിച്ചു. വിഗ് വച്ച നല്ല ചിത്രം. അതിന് ശേഷം വിഗ് ഇല്ലാത്ത മറ്റൊരു ചിത്രം കാണിച്ചു. ഈ ഗെറ്റപ്പാണ് തന്നെ ആകര്‍ഷിച്ചതെന്ന് കമലാഹാസന്‍ പറഞ്ഞു.

കട്ടപ്പനയിലെ ജയന്‍

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍ എന്ന ചിത്രത്തില്‍ നായകന്റെ അച്ഛന്‍ സുരേന്ദ്രന്‍ നായരുടെ വേഷം ആദ്യം ഞാന്‍ സ്വീകരിച്ചിരുന്നില്ല. നാദിര്‍ഷയും തിരക്കഥാകൃത്തുക്കളായ വിഷ്ണുവും ബിബിനും കഥ പറഞ്ഞപ്പോള്‍ ജയന്റെ ആരാധകനായ സുരേന്ദ്രന്‍ കട്ടപ്പനയിലെ ജയന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത് എന്ന് കേട്ടപ്പോള്‍. ജയനെ അനുകരിക്കാന്‍ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. അതുകൊണ്ട് ഈ കഥാപാത്രം അഭിനയിക്കാന്‍ മറ്റ് രണ്ട് നടന്‍മാരുടെ പേര് നിര്‍ദ്ദേശിച്ചു. എന്നാല്‍ നാദിര്‍ഷ വിട്ടില്ല. ജയനെ പോലുള്ള ഒരു നടനെ അനുകരിക്കുമ്പോള്‍ മിമിക്രിക്കാര് ചെയ്യുന്നത് പോലായാല്‍ വള്‍ഗറാകുമെന്ന് സിദ്ധിഖ് വിശ്വസിച്ചു. എന്നാല്‍ നാദിര്‍ഷയ്ക്ക് തന്നില്‍ അത്രയ്ക്ക് വിശ്വാസമുള്ളത് കൊണ്ട് മാത്രമാണ് കൈ കൊടുത്തതെന്ന് താരം പറഞ്ഞു.

കഥ പോലും കേള്‍ക്കാതെ ഫുക്രിയായി

സിദ്ധിഖ് ഫുക്രിയിലേക്ക് വിളിക്കുമ്പോള്‍ കഥ പോലും കേള്‍ക്കാതെയാണ് ഡേറ്റ് നല്‍കിയത്. കഥ കേട്ടപ്പോഴാണ് ടൈറ്റില്‍ റോളാണെന്ന് അറിഞ്ഞത്. ഒരു പക്ഷെ, കരിയറിലെ ആദ്യത്തെ ടൈറ്റില്‍ വേഷമായിരിക്കും ഇതെന്നും സിദ്ധിഖ് പറഞ്ഞു. തന്റെ കരിയറിലെ നിര്‍ണായക വഴിത്തിരിവായ ഇന്‍ ഹരിഹര്‍നഗര്‍ സമ്മാനിച്ചത് സിദ്ധിഖാണ്. അതുപോലെ ഗോഡ്ഫാദര്‍. അതുകൊണ്ട് അവരുടെ സിനിമ നന്നായിരിക്കും എന്ന് വിശ്വസിക്കുന്നു. പാവാടയിലെ വക്കീല്‍ വേഷം കണ്ടിട്ടാണ് ഫുക്രിയായി തന്നെ സംവിധായകന്‍ സിദ്ധിഖ് തെരഞ്ഞെടുത്തതെന്ന് താരം പറഞ്ഞു. സെറ്റിലിരുന്നാണ് തിരക്കഥ വായിച്ചത്. നന്നായിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ