തെരുവില്‍ പ്രതികരിച്ച് അലന്‍സിയര്‍; ‘വരൂ.., നമുക്ക് പോകാം അമേരിക്കയിലേക്ക്… “

രാജ്യസ്നേഹത്തിന്റെ പേരില്‍ നടത്തുന്ന പ്രസ്താവനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ ഏകാംഗ നാടകം

‘വരൂ, നമുക്ക് പോകാം അമേരിക്കയിലേക്ക്…’ ഇത് കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിലെ ഏറെ തിരക്കേറിയ ഒരു ബസില്‍ നിന്ന് ഉയര്‍ന്ന് കേട്ട ശബ്ദമായിരുന്നു. എല്ലാവരും ആകാംക്ഷയോടെ നോക്കി. എന്താണ് നടക്കുന്നതെന്നറിയാന്‍ എല്ലാ കണ്ണുകളും അയാളിലേക്ക് പതിഞ്ഞു. ഒറ്റമുണ്ടുടുത്ത് ഷര്‍ട്ടില്ലാതെ ഒരാള്‍ കണ്ടക്ടറോട് അമേരിക്കയിലേക്ക് ഒരു ടിക്കറ്റ് ആവശ്യപ്പെട്ടു. ”ഇവിടെ ആരും സുരക്ഷിതരല്ല. സുരക്ഷിതരാണെന്നാണ് നമ്മുടെ ധാരണ. അതാണ് അടുത്തകാലത്തായി കേന്ദ്ര ഭരണാധികാരികളില്‍ നിന്ന് കേട്ടുകൊണ്ടിരിക്കുന്ന പ്രസ്താവനകള്‍ നല്‍കുന്ന സൂചന. നമ്മള്‍ നിശബ്ദരായാല്‍ രാജ്യം അപകടാവസ്ഥയിലേക്ക് നീങ്ങുന്ന നാള്‍ വിദൂരമല്ല.”
ഇത് പറയുന്നത് പ്രശസ്ത നാടക-സിനിമാ നടന്‍ അലന്‍സിയര്‍ ആണ്.

രാജ്യത്തും സംസ്ഥാനത്തും കലാകാരന്‍മാര്‍ക്കും സാധാരണക്കാരനുമെതിരെ രാജ്യസ്നേഹത്തിന്റെ പേരില്‍ നടത്തുന്ന പ്രസ്താവനങ്ങള്‍ക്കും അക്രമങ്ങള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ ഒറ്റയാള്‍ പോരാട്ടവുമായി ഇറങ്ങിയതായിരുന്നു അലന്‍സിയര്‍. ഇതിന്റെ ഭാഗമായാണ് ഇന്നലെ കാസര്‍കോട് ബസ്സ്റ്റാന്റ് പരിസരത്ത് ഏകാംഗ നാടകം അവതരിപ്പിച്ചത്. പലരും നിശബ്ദരാകുന്നു. ഇനി തന്നെ പോലുള്ളവര്‍ക്ക് നിശബ്ദരായിരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
സംവിധായകന്‍ കമലിനെതിരെ ബിജെപി നേതാവ് രാധാകൃഷ്ണന്‍ നടത്തിയ പ്രസ്താവനയെ ശക്തമായി അപലപിച്ചാണ് അദ്ദേഹത്തിന്റെ നാടകം. താന്‍ പണിയെടുത്ത് സമ്പാദിക്കുന്ന പണം എങ്ങനെ ചെലവാക്കണം എന്ന് ഭരണകൂടം തീരുമാനിക്കുന്നത് ഫാസിസത്തിന്റെ ലക്ഷണമാണ്്.

പേരും ജാതിയും വച്ച് നാടുകടത്താന്‍ ശ്രമിക്കുകയാണ് ഭരണകൂടം. ബ്രിട്ടീഷുകാരുടെ ഏറാംമൂളിയായിരുന്ന ആര്‍എസ്എസുകാരാണ് ഇന്ന് നമ്മെ രാജ്യസ്നേഹം പഠിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം സ്വീകരിക്കുന്നതാണ് ഭാരത സംസ്‌ക്കാരം. അതിനെ കാവിയില്‍ പുതപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ