SPECIAL STORY: ഫൊക്കാന നേതാവിന്‍െറ കരിങ്കാലിപ്പണിക്കെതിരെ അമേരിക്കന്‍ മലയാളികള്‍

എച്ച് 1 ബി വിസ പ്രശ്നത്തില്‍ നിയുക്ത പ്രസിഡന്‍റ് ട്രംപിനെ പിന്തുണച്ച് പോസ്റ്റിട്ട ഫൊക്കാന നേതാവ് ഷാജി വര്‍ഗ്ഗീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല 

പ്രശ്നം വിവാദമായതോടെ നേതാവ് പോസ്റ്റ് പിന്‍വലിച്ച് തടിയൂരി

മലയാളി സംഘടനാ നേതാക്കളുടെ പ്രാഞ്ചി സ്വഭാവത്തിന് അമേരിക്കയിലും കുറവില്ല

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

എച്ച് വണ്‍ ബി വിസ വിഷയത്തില്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ പിന്തുണച്ച് രംഗത്തുവന്ന അമേരിക്കന്‍ മലയാളി സംഘടനാ നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. അമേരിക്കയിലെ മലയാളികളുടെ പ്രമുഖ സംഘടനകളിലൊന്നായ ‘ഫൊക്കാന’യുടെ നാഷണല്‍ ട്രഷറര്‍ ഷാജി വര്‍ഗ്ഗീസാണ് ട്രംപിനെ പിന്തുണച്ചുകൊണ്ട് രംഗത്തുവന്നത്. ട്രംപിന് ക്രിസ്മസ് ആശംസകള്‍ നേര്‍ന്നുകൊണ്ട് അയച്ച ഫേസ്ബുക്കില്‍ പോസ്റ്റിലാണ് എച്ച് വണ്‍ ബി വിസ പ്രശ്‌നത്തില്‍ ട്രംപിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

facebook-comment

ഈ പോസ്റ്റിനെതിരെ മലയാളികള്‍ അതിശക്തമായി പ്രതിഷേധിച്ചതോടെ ഷാജി വര്‍ഗ്ഗീസ് പോസ്റ്റ് പിന്‍വലിച്ചു. പോസ്റ്റ് പിന്‍വലിച്ചെങ്കിലും വിവിധ മലയാളി സംഘടനകളും മലയാളികളും പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. എച്ച് വണ്‍ ബി വിസ പ്രശ്‌നത്തില്‍ ഫൊക്കാന ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ലെങ്കിലും സംഘടനയുടെ ട്രഷററുടെ പോസ്റ്റ് ഫൊക്കാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്.

പ്രതിവര്‍ഷം 65,000ലധികം ഇന്ത്യാക്കാരാണ് വിവിധ ഐ.ടി കമ്പനികളിലും മറ്റുമായി എച്ച് വണ്‍ വിസയിലെത്തുന്നത്. തദ്ദേശിയരായ അമേരിക്കക്കാര്‍ക്ക് ജോലി ഉറപ്പാക്കുന്നതിന്റെ ഭാഗമായി എച്ച് വണ്‍ ബി വിസയില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഡോണാള്‍ഡ് ട്രംപ് തെരഞ്ഞെടുപ്പുകാലത്ത് പ്രസംഗിച്ചിരുന്നു. തന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ഈ നയം നടപ്പാക്കുമെന്നും അദ്ദേഹം പലവട്ടം വ്യക്തമാക്കിയിട്ടുമുണ്ട്. വിസ പ്രശ്‌നത്തില്‍ ആശങ്കാകുലരായ മലയാളി യുവാക്കള്‍ നില്‍ക്കുന്നതിനിടെയിലാണ് മലയാളി സംഘടനാ നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇടിത്തീപോലെ വന്നുവീണത്.

‘ഇങ്ങനെ സംഘടനാ നേതാക്കള്‍ ഇന്ത്യക്കാര്‍ക്കും വിശിഷ്യാ മലയാളികള്‍ക്കും അപമാനവും പാരയുമാണ്. ഇത്തരം കരിങ്കാലികളെ സംഘടനയില്‍ നിന്ന് പുറത്താക്കാന്‍ ഫൊക്കാന നേതൃത്വം ആര്‍ജ്ജവം കാണിക്കണമെന്ന്’ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മലയാളി ഐ.ടി എന്‍ജിനീയര്‍ ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു.

വിസ പ്രശ്‌നത്തില്‍ മലയാളികളുടെ താല്‍പര്യങ്ങളെ ഹനിക്കുന്ന തരത്തിലല്ല തന്റെ ഫേസ്ബുക്ക് പോസ്‌റ്റെന്ന് ഷാജി വര്‍ഗ്ഗീസ് ദി വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. അനാവശ്യമായി ചിലര്‍ കമന്റിടാന്‍ തുടങ്ങിയതുകൊണ്ടാണ് താന്‍ പോസ്റ്റ് പിന്‍വലിച്ചതെന്നും ഷാജി പറഞ്ഞു.

എച്ച് വണ്‍ വിസയില്‍ അമേരിക്കയില്‍ വന്ന് നിരവധി വര്‍ഷങ്ങള്‍ ജോലി ചെയ്തതിന് ശേഷം ഗ്രീന്‍കാര്‍ഡ് കരസ്ഥമാക്കി തുടര്‍ ജീവിതം നയിക്കുന്നവരുണ്ട്. ഒപ്പം ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരും ഉണ്ട്. ഇവരെല്ലാം യു.എസിലെ പുതിയ ഭരണമാറ്റത്തെ ആശങ്കയോടെ നോക്കിയിരിക്കുന്നതിനിടെയിലാണ് മലയാളികുടെ ഉന്നമനത്തിനുവേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന സംഘടനാ നേതാവിന്റെ ഒറ്റിക്കൊടുക്കല്‍.

എച്ച് വണ്‍ വിസയിലുള്ളവര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകുമോ എന്ന ആശങ്ക യു.എസ്.എയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ വ്യാപകമാണ്. അങ്ങനെ വന്നാല്‍ ആയിരക്കണക്കിന് യുവതീയുവാക്കള്‍ക്ക് ഇന്ത്യയിലേക്ക് മടങ്ങേണ്ടിവരും. ഈ മടങ്ങിവരവ് ഇന്ത്യയുടെ സാമ്പത്തിക സാമൂഹ്യ തൊഴില്‍ രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്. ഇത്തരമൊരു സന്നിഗ്ധ ഘട്ടത്തിലാണ് ഷാജി വര്‍ഗ്ഗീസിനെപ്പോലുള്ള സംഘടനാ നേതാക്കളുടെ വിവേകരഹിതമായ നിലപാടുകള്‍ വിവാദമാകുന്നത്. ഒരു സമൂഹത്തെ ആകമാനം ഒറ്റിക്കൊടുക്കുന്ന പരസ്യ നിലപാട് സ്വീകരിച്ച ഭാരവാഹിയെ സംരക്ഷിക്കുന്ന ഫൊക്കാന നേതൃത്വത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ