പി.ടി.എ മീറ്റിംഗും ഇനി ഡിജിറ്റല്‍; കുട്ടി സ്‌കൂളിലെത്തിയോ എന്ന് ഇനി ആപ്പ് പറയും!

കോട്ടയം: പി.ടി.എ മീറ്റിങ്ങും ഡിജിറ്റലാകുന്നു. സ്‌കൂളില്‍ പഠിക്കുന്ന തന്റെ മക്കളെക്കുറിച്ചറിയാന്‍ ഇനി സ്‌കൂളില്‍ പോകണമെന്നില്ല. വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രക്ഷിതാക്കളെ അറിയിക്കാന്‍ അധ്യാപകര്‍ക്കു സ്‌കൂള്‍ ഡയറിയും ഉപയോഗിക്കേണ്ടതില്ല. എല്ലാം ഇനി വിരല്‍ത്തുമ്പില്‍ അറിയാം. മൈ സ്‌കൂള്‍ ലൈവ് എന്ന ആപ്ലിക്കേഷനിലൂടെയാണു പുതിയ മാറ്റം കൈവരിക്കുന്നത്. ലോകത്തെവിടെയിരുന്നും കുട്ടികളുടെ സ്‌കൂളിലെ പ്രവര്‍ത്തന മികവു മനസിലാക്കാന്‍ മാതാപിതാക്കള്‍ക്കു കഴിയും.

കോട്ടയം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബയോസ്പേസ് ടെക്നോളജിസ് പ്രൈവറ്റ് ലിമിറ്റഡാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. തിരക്കു പിടിച്ച ജീവിതത്തിനിടയില്‍ കുട്ടികള്‍ എത്രയകലെയുള്ള സ്‌കൂളിലാണു പഠിക്കുന്നതെങ്കിലും വിവരങ്ങള്‍ എല്ലാം അറിയാന്‍ മൈസ്‌കൂള്‍ ലൈവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക മാത്രമേ വേണ്ടൂ. എല്ലാം അറിയാം നിമിഷങ്ങള്‍ക്കുള്ളില്‍. ആന്‍ഡ്രോയിഡ്, ഐ.ഒ.എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ആപ്പ് ലഭിക്കുക. സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉപയോഗിക്കാവുന്ന രീതിയിലാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ആപ്പിന്റെ മറ്റൊരു പ്രത്യേകത പുഷ്നോട്ടിഫിക്കേഷന്‍ രീതിയില്‍ വാട്ട്സ്ആപ്പ് മാതൃകയിലാണ് ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. കുട്ടിയുടെ സ്‌കൂളിലെ ടൈംടേബിള്‍ അടക്കമുള്ള കാര്യങ്ങള്‍ മൈസ്‌കൂള്‍ ലൈവില്‍ ഉള്‍പ്പെടുത്താം.

കുട്ടി ക്ലാസില്‍ഹാജരാകുമ്പോള്‍ തത്സമയം തന്നെ വിവരം രക്ഷിതാവിന്റെ ഫോണിലെ ആപ്പില്‍ ലഭിക്കും. ഇതിലൂടെ വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി സ്‌കൂളില്‍ എത്തിയോ ഇല്ലയോ എന്നു കൃത്യമായി മാതാപിതാക്കള്‍ക്ക് അറിയാന്‍ കഴിയും. വിദ്യാര്‍ഥിക്ക് സ്‌കൂളില്‍ എത്താന്‍ സാധിക്കില്ലെങ്കില്‍ അവധിക്ക് അപേക്ഷിക്കാന്‍ ആപ്പില്‍ സൗകര്യമുണ്ട്. സ്‌കൂള്‍ അധ്യയന വര്‍ഷത്തെ കലണ്ടറും ആപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ ഇരുനൂറിലധികം ഭാഷകളില്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ട് ചെയ്യും. ഇങ്ങനെ രക്ഷിതാക്കളും സ്‌കൂളും തമ്മിലുള്ള അകലം കുറച്ചിരിക്കുകയാണ് ബയോസ്പേസ് ടെക്നോളജി കമ്പനി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ