‘ലിച്ചിയെത്തി’: മോഹന്‍ലാല്‍ – ലാല്‍ജോസ് ചിത്രത്തിന്റെ പൂജ നടന്നു; (വീഡിയോ)

അങ്കമാലി ഡയറീസ് എന്ന ഒറ്റ ചിത്രത്തിലൂടെ ലിച്ചി എന്ന കഥാപാത്രമായി വന്ന് പ്രേക്ഷക ഹൃദയം കവർന്ന നടി രേഷ്മ രാജൻ ഇനി മോഹൻലാലിന്റെ നായിക. ലാൽ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് മോഹൻലാലിന്റെ നായികയായി രേഷ്മ എത്തുക. സിനിമയുടെ പൂജ ഇന്ന് തിരുവനന്തപുരത്ത് നടന്നു. തിരുവനന്തപുരത്തെ തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് ചിത്രീകരണം. മോഹൻലാൽ ചിത്രത്തിൽ ജോയിൻ ചെയ്തിട്ടില്ല.

‘‘എല്ലാവരും കാത്തിരുന്ന സിനിമയാണ് ലാൽജോസ് – ലാലേട്ടൻ ടീമിന്റേത്. ഞാൻ വളരെ ത്രിൽഡ് ആണ് ലാലേട്ടനൊപ്പം അത്തരമൊരു സിനിമയിൽ തന്നെ നായികയാകാൻ കഴിയുന്നതിൽ. അങ്കമാലി ഡയറീസിന് ശേഷം നിറയെ ഓഫറുകൾ വന്നിരുന്നു. ഏറ്റവും എക്സൈറ്റഡ് ആയത് ഈ ഓഫർ വന്നപ്പോൾ തന്നെ. ’’ രേഷ്മ പറഞ്ഞു.

മോഹന്‍ലാല്‍ അധ്യാപകന്റെ റോളിലെത്തുന്ന ചിത്രത്തിന് ബെന്നി പി നായരമ്പലമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. നഴ്‌സിംഗ് പഠനം കഴിഞ്ഞ് എറണാകുളം രാജഗിരി ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ സേവനമനുഷ്ഠിക്കവേയാണ് രേഷ്മയ്ക്ക് ആദ്യമായി സിനിമയിലേക്ക് ഓഫര്‍ വന്നത്.

കോളജ് പ്രിൻസിപ്പളായാണ് മോഹൻലാൽ എത്തുന്നത്.  പ്രൊഫസര്‍ മൈക്കിള്‍ ഇടിക്കുള എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്.ബെന്നി പി നായരമ്പലമാണ് തിരക്കഥ. സലീംകുമാർ ,അനുപ് മേനോൻ, പ്രിയങ്ക എന്നിവരാണ് മറ്റുതാരങ്ങൾ. നീനയ്ക്ക് ശേഷം ലാൽജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ