ഇന്ത്യയുടെ വളര്‍ച്ച യുഎസിനും ഗുണം ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാഷിങ്ടന്‍ ഡി.സി: ലോകം മുഴുവന്‍ ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ വളര്‍ച്ച യുഎസിനും ഗുണം ചെയ്യുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. യുഎസ് കമ്പനികള്‍ക്ക് വലിയ അവസരമാണ് ഇത് തുറക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ രാജ്യത്ത് ഏഴായിരം പരിഷ്കാരങ്ങളാണ് തന്റെ സര്‍ക്കാര്‍ നടപ്പാക്കിയതെന്നും മോദി ചര്‍ച്ചയില്‍ വിശദീകരിച്ചു.

വ്യവസായങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കാന്‍ സര്‍ക്കാര്‍ ഏഴായിരം പരിഷ്കാരങ്ങള്‍ കൊണ്ടുവന്നതായി പ്രധാനമന്ത്രി വെളിപ്പെടുത്തി. ദ്വിദിന സന്ദര്‍ശനത്തിനായി യുഎസില്‍ എത്തിയ മോദി, ഇവിടത്തെ വിവിധ കമ്പനി മേധാവികളുമായി സംസാരിക്കുമ്പോഴാണു ഇന്ത്യയിലെ അവസരങ്ങളെ കുറിച്ച് വാചാലനായത്.

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചെ, ആപ്പിള്‍ സിഇഒ ടിം കുക്ക്, ആമസോണ്‍ മേധാവി ജെഫ് ബിസോസ് ഉള്‍പ്പെടെ 21 വ്യവസായ പ്രമുഖര്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പോര്‍ച്ചുഗലില്‍ നിന്നാണ് മോദി യുഎസില്‍ എത്തിയത്. വാഷിങ്ടന്‍ ഡിസിയിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാന്‍ വിവിധ ഉദ്യോഗസ്ഥരും മേഖലയിലെ ഇന്ത്യന്‍ സമൂഹവുമെത്തി.

ഇന്ത്യന്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണെന്നു ട്രംപ് ഭരണകൂടം അറിയിച്ചു. നിര്‍ണായകമായ വിഷയങ്ങള്‍ യഥാര്‍ഥ സുഹൃത്തുമായി ചര്‍ച്ച ചെയ്യുമെന്നും ട്രംപ് ഭരണകൂടം മോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രതികരിച്ചു. 26ന് ആണ് ട്രംപ്–മോദി കൂടിക്കാഴ്ച. ട്രംപ് യുഎസ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കൂടിക്കാഴ്ചയില്‍ യുഎസില്‍ ഇന്ത്യക്കാര്‍ക്കെതിരായ വംശീയ അതിക്രമവും എച്ച് വണ്‍–ബി വീസ നിയന്ത്രണവും ഭീകരവാദത്തിനെതിരായ പോരാട്ടവുമെല്ലാം ചര്‍ച്ചയാകുമെന്നാണു കരുതുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ