പിണറായിയുടെ ഷോയില്‍ വീണയും മുകേഷും

ഇടതുസ്വതന്ത്രരായി മാധ്യമ പ്രവര്‍ത്തകരെയും സെലിബ്രിറ്റികളെയും മത്സരിപ്പിച്ചു ജയിപ്പിക്കുന്ന സിപിഎമ്മിന് അന്ന് പ്രതീക്ഷിക്കാത്ത അധിക നേട്ടം. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘റിയാലിറ്റി ഷോ’ അവതരിപ്പിക്കാന്‍ വീണാ ജോര്‍ജ് എംഎല്‍എയ്ക്കു പുറമേ സിപിഎമ്മിന്റെ മറ്റൊരു എംഎല്‍എ മുകേഷും എത്തുന്നതോടെയാണ് ഇത്. ഇന്ത്യാവിഷനിലും റിപ്പോര്‍ട്ടര്‍ ടിവിയിലും വാര്‍ത്താ അവതാരകയായിരുന്ന വീണാ ജോര്‍ജ് ഇപ്പോള്‍ ആറന്മുള എംഎല്‍എയും, പ്രമുഖ നടനും അവതാരകനുമായ മുകേഷ് കൊല്ലം എംഎല്‍എയുമാണ്.

മുകേഷ് സൂര്യാ ടിവിയില്‍ അവതരിപ്പിച്ച കോടിപതി പരിപാടിയും ഇപ്പോള്‍ ഏഷ്യാനെറ്റില്‍ അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവും പ്രേക്ഷക ശ്രദ്ധ നേടിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് അദ്ദേഹത്തെക്കൂടി ഉള്‍പ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ പ്രതിവാര ടെലിവിഷന്‍ പരിപാടി ദൂരദര്‍ശനിലും സ്വകാര്യ ചാനലുകളിലും ഒരുപോലെ സംപ്രേഷണം ചെയ്യാനാണ് ആലോചിക്കുന്നത്. 2018 ജനുവരിയില്‍ തുടങ്ങും. തീയതി തീരുമാനിച്ചിട്ടില്ല. സിഡിറ്റും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും ചേര്‍ന്നാണ് ഷോ നിര്‍മിക്കുന്നത്.

മുമ്പ് ഇ കെ നായനാരും ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അവതരിപ്പിച്ചിരുന്നതില്‍ നിന്നു വ്യത്യസ്തമായ പരിപാടിയായാണ് പിണറായി വിജയന്റെ ടി വി ഷോ തയ്യാറാക്കുന്നത്. നായനാരുടെ ഷോ ഏഷ്യാനെറ്റിലും ഉമ്മന്‍ ചാണ്ടിയുടേത് ദൂരദര്‍ശനിലുമായിരുന്നു. നായനാരുടെ ഏഷ്യാനെറ്റ് ഷോ വന്‍ശ്രദ്ധയാണ് നേടിയത്. സുതാര്യ കേരളം പരിപാടിയുടെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി ദൂരദര്‍ശനില്‍ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ഉദ്യോഗസ്ഥരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സദസിന്റെ സാന്നിധ്യത്തില്‍ പ്രേക്ഷകരുടെ മുന്‍കൂട്ടി ലഭിച്ച ഭരണപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്ന രീതിയായിരിക്കും പിണറായിയുടെ ഷോയുടേത് എന്നാണ് വിവരം. ഷോയ്ക്ക് പേര് നിശ്ചയിച്ചു കഴിഞ്ഞെങ്കിലും അത് ഔദ്യോഗികമായി പുറത്തുവിടുന്നതുവരെ രഹസ്യമാക്കി നിലനിര്‍ത്താനാണ് തീരുമാനം എന്നും അറിയുന്നു. മുഖ്യമന്ത്രി മാധ്യമ പ്രവര്‍ത്തകരെ കാണുന്നില്ലെന്നും സാമൂഹിക പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്കു മുന്നില്‍ അവതരിപ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്കു മുന്നിലെപ്പോലെ മാധ്യമങ്ങള്‍ക്കു ഇപ്പോള്‍ കഴിയുന്നില്ലെന്നുമുള്ള വിമര്‍ശനം നിലനില്‍ക്കുന്നുണ്ട്.

കടപ്പാട് പ്രൈം സ്ലോട്ട്