വ്യക്തികളായും കുടുംബങ്ങളായും സമൂഹമായും നാം ഉത്ഥിതരാകണം: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

കൊച്ചി: ക്രിസ്തുവിന്റെ ഉത്ഥാനം മനുഷ്യവംശത്തിന്റെ ഉത്ഥാനത്തിന് നാന്ദി കുറിച്ചുവെന്നും അതുകൊണ്ട് വ്യക്തികളായും കുടുംബങ്ങളായും സമൂഹമായും നാം ഉത്ഥിരാകണമെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഈസ്റ്റര്‍ സന്ദേശത്തിലാണ് അദ്ദേഹംഇക്കാര്യംപറഞ്ഞത്.

നമ്മുടെ സമുദ്ധാരണമാണ് ഉത്ഥാനത്തിലൂടെ കര്‍ത്താവായ യേശു നിരന്തരം സാധിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യവംശത്തിന്റെ സമുദ്ധാരണം മാത്രമല്ല പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെയും സമുദ്ധാരണവും ക്രിസ്തുവിന്റെ ഉത്ഥാനം വഴി ആരംഭിച്ച ദൈവിക പ്രവര്‍ത്തനമാണ്. ഉത്ഥിതനായ ക്രിസ്തുവിന്റെ ശക്തിയിലാശ്രയിച്ച് നന്മയില്‍ വ്യാപരിക്കാനും മറ്റുള്ളവരിലേക്കും നന്മ വ്യാപിപ്പിക്കുവാനും ക്രൈസ്തവര്‍ക്ക് കഴിയണം. മാര്‍ ആലഞ്ചേരി പറഞ്ഞു.

യേശു സ്വയം ഉയിര്‍ക്കുക മാത്രമല്ല പിന്നെയോ തന്റെ ഉയിര്‍പ്പിലൂടെ മനുഷ്യനെയും പ്രകൃതിയെയും പ്രപഞ്ചത്തെയും ഉയിര്‍പ്പിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ഈസ്റ്റര്‍ സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു.