മലയിറങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടര്‍ കൊച്ചിയിലേക്ക്; സുഹാസിനി രാജിനെ എത്തിക്കുന്നത് വന്‍ സുരക്ഷാ സന്നാഹത്തില്‍

പമ്പ: ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിനെ വന്‍ സുരക്ഷാ സന്നാഹത്തോടെ പത്തനംതിട്ടയിലേക്ക് കൊണ്ടുപോയി. രാവിലെ ശബരിമലയിലേക്ക് പോകുന്നതിനിടെ ഇവരെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. പിന്നീട് തിരിച്ചുവരാന്‍ സന്നദ്ധയായ ഇവരെ വന്‍ പോലീസ് വലയത്തിലാണ് പോലീസ് തിരിച്ചെത്തിച്ചത്. ശബരിമലയിലെ വനിതാ പ്രവേശനവുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളേത്തുടര്‍ന്ന് പ്രഖ്യാപിച്ച നിരോധനാജ്ഞ വെള്ളിയാഴ്ച വരെ നീട്ടിയിട്ടുണ്ട്.

പോലീസ് വാഹന വ്യൂഹത്തിലാണ് ഇവരെ ശബരിമലയില്‍ നിന്ന് മാറ്റിയത്. നിലവില്‍ ശബരിമല മേഖല പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാണ്. അയ്യപ്പന്മാര്‍ പോകുന്ന നടപ്പാതകളിലുള്‍പ്പെടെ സുരക്ഷ ശക്തമാക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സുരക്ഷ ശക്തമാക്കാന്‍ എല്ലാ നടപടികളും എടുത്തുവരികയാണെന്ന് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

അതിനിടെ ശബരിമലയിലേക്ക് മാധ്യമപ്രവര്‍ത്തകയെ പോകാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച് അയ്യപ്പന്മാര്‍ പമ്പയില്‍ പ്രതിഷേധം നടത്തി. എന്നാല്‍ ഒരു സംഘടനയുടേയും പിന്തുണയോടെയല്ല ഇതെന്ന് അയ്യപ്പന്മാര്‍ വ്യക്തമാക്കി.

സംഘടിക്കരുതെന്ന് പ്രത്യേക നിര്‍ദേശമുള്ളപ്പോഴാണ് ശബരിമലയില്‍ പ്രതിഷേധക്കാര്‍ കൂട്ടം ചേര്‍ന്ന് മാധ്യമപ്രവര്‍ത്തകയെ തടഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജിന് നേരെ നാടകീയ രംഗങ്ങള്‍ നടന്നത്. തനിക്ക് നേരെ അസഭ്യവര്‍ഷമുണ്ടായതായും കൈയേറ്റത്തിന് ശ്രമിച്ചതായും അവര്‍ പറഞ്ഞു. തേങ്ങകൊണ്ട് അവരെ അടിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. കാനന പാതയിലൂടെ മരക്കൂട്ടത്തെത്തിയതോടെയാണ് നാടകീയമായി എല്ലാ ഭാഗത്തു നിന്നും വലിയ ജനക്കൂട്ടം വന്നെത്തിയതത്.

പിന്നീട് അസഭ്യവര്‍ഷവും ആക്രോശവുമായിരുന്നു. ഇതേത്തുടര്‍ന്നാണ് അവര്‍ തിരിച്ചിറങ്ങിയത്. തിരിച്ചിറങ്ങുന്നതിനിടെ മാധ്യമപ്രവര്‍ത്തകരുടേയും പോലീസിന്റേയും നേരെ അസഭ്യവര്‍ഷം തുടങ്ങി. ഏതാണ് 30 കിലോമീറ്റര്‍ ഭാഗത്ത് നിരോധനാജ്ഞ നിലനില്‍ക്കേയാണ് ആള്‍ക്കൂട്ടം അക്രമം നടത്തിയത്..

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ