പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു;കനത്ത മഴയ്ക്കും കാറ്റിനും സാധ്യത

തിരുവനന്തപുരം: വീണ്ടും കേരളത്തെ ആശങ്കപ്പെടുത്തി ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറന്‍ ദിശയിലാണ് ന്യൂനമര്‍ദം നീങ്ങുന്നതെന്നും കേരളത്തില്‍ ചൊവ്വാഴ്ച ശക്തമായ മഴയ്ക്കു കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ കേരളതീരത്ത് വടക്കുപടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ ആകാനുള്ള സാധ്യതയും ഉണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശമുള്ളത്.

മുന്നറിയിപ്പിനെ തുടര്‍ന്ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ഇന്നു കനത്ത മഴയ്ക്കും ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കുമാണ് സാധ്യതയുള്ളത്.