അഞ്ചിടത്തും അഭിമാനപ്പോരാട്ടം

തിരുവനന്തപുരം: പാലായ്ക്കു പിന്നാലെ അഞ്ചു നിയമസഭാ മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21നു ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ മൂന്നുമുന്നണികള്‍ക്കും നെഞ്ചിടിപ്പേറി. പാലായിലെ ജനവിധി എന്തായാലും ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ചിന്തിക്കാനാകാത്ത രാഷ്ട്രീയ സാഹചര്യമാണ് സംസ്ഥാനത്തെ എല്‍.ഡി.എഫിനും യു.ഡി.എഫിനും എന്‍.ഡി.എയ്ക്കും. അഞ്ചിടത്തില്‍ അരൂര്‍ മാത്രമാണ് എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റ്. എ.എം. ആരിഫ് ലോക്‌സഭാംഗമായതോടെ ഒഴിവു വന്ന അരൂര്‍ നിലനിര്‍ത്തേണ്ടതു ഇടതുമുന്നണിക്കു അഭിമാന പ്രശ്‌നമാണ്. മാത്രമവുമല്ല, ശേഷിക്കുന്ന നാലിടങ്ങളില്‍ പകുതി സീറ്റെങ്കിലും പിടിച്ചെടുക്കണമെന്നും എല്‍.ഡി.എഫ് ആഗ്രഹിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാവും ഉപതെരഞ്ഞെടുപ്പ് എന്നതിനാല്‍ അരയും തലയും മുറുക്കി, വിജയമുറപ്പിക്കാനുള്ള ഗൃഹപാഠങ്ങള്‍ ഇടതു ക്യാമ്പില്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്.

അതേസമയം, യു.ഡി.എഫിന് തങ്ങളുടെ സിറ്റിംഗ് സീറ്റുകള്‍ ഉറപ്പിക്കുന്നതോടൊപ്പം അരൂര്‍ പിടിച്ചെടുക്കേണ്ടതുമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അരൂര്‍ മണ്ഡലത്തില്‍ നേടിയ നേരിയ മുന്‍തൂക്കം യു.ഡി.എഫിന്റെ പ്രതീക്ഷ ഉയര്‍ത്തിയിട്ടുമുണ്ട്. പാലായില്‍ ജയിക്കുമെന്നുറപ്പിക്കുന്ന യു.ഡി.എഫ് അതിനു പിന്നാലെ അഞ്ചു മണ്ഡലങ്ങളിലും വിജയക്കൊടി പാറിച്ച്, സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യം തങ്ങള്‍ക്കനുകൂലമാക്കാനുള്ള ശ്രമത്തിലാണ്. ഒന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള റിഹേഴ്‌സലായാണ് ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് കാണുന്നത്. അതുകൊണ്ടുതന്നെ ജയത്തില്‍ കുറഞ്ഞതൊന്നും അവര്‍ പ്രതീക്ഷിക്കുന്നില്ല.

മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും നേരിയ വ്യത്യാസത്തിനു നഷ്ടപ്പെട്ട ബി.ജെ.പിക്കു ഉപതെരഞ്ഞെടുപ്പ് ജീവന്‍മരണ പോരാട്ടമാണ്. മറ്റിടങ്ങളില്‍ വോട്ടു വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം ഈ രണ്ടു മണ്ഡലങ്ങളും പിടിച്ചെടുത്തു ദേശീയ ധാരയ്‌ക്കൊപ്പം സംസ്ഥാനത്തെയും ചേര്‍ത്തു നിര്‍ത്താനുള്ള കഠിനപ്രയത്‌നമാണ് ബി.ജെ.പിക്കു മുന്നിലുള്ളത്. ഒരു സീറ്റിലെങ്കിലും വിജയിച്ച് സംസ്ഥാനത്തെ ബി.ജെ.പി വളര്‍ച്ച അടയാളപ്പെടുത്താനുള്ള അവസരം കൂടിയായി ഉപതെരഞ്ഞെടുപ്പിനെ സമീപിക്കാനാണ് നേതൃത്വം തീരുമാനിച്ചിട്ടുള്ളത്.

പി.ബി അബ്ദുറസ്സാക്കിന്റെ വിയോഗത്തിലൂടെ ഒഴിവുവന്ന മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പില്‍ തീപാറും. 2016ല്‍ 89 വോട്ടിന്റെ വ്യത്യാസത്തിനാണ് കെ. സുരേന്ദ്രന്‍ പരാജയം രുചിച്ചത്. ഇക്കുറിയും സുരേന്ദ്രന്‍ തന്നെയെന്ന സൂചനയാണ് സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ് ശ്രീധരന്‍പിള്ള നല്‍കുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ തങ്ങള്‍ക്കു അനുകൂലമാക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഊന്നല്‍ നല്‍കി സീറ്റു പിടിച്ചെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. കന്നഡ ഭാഷാ സ്വാധീനമേഖലയായ മഞ്ചേശ്വരത്തു ഭാഷാ ന്യൂനപക്ഷങ്ങളും സമുദായ സംഘടനകളും നിര്‍ണായക സ്വാധീനമുള്ളവരാണ്. മംഗലാപുരത്തിന്റെ സ്വാധീനം കൂടി ഉപയോഗപ്പെടുത്തി ജയിച്ചു കയറാം എന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. സപ്തഭാഷാ സംഗമഭൂമിയിലെ സിറ്റിംഗ് സീറ്റ് ഏതുവിധേനയും നിലനിര്‍ത്തുക എന്ന അജണ്ടയിലാണ് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകള്‍ മുസ്ലീം ലീഗില്‍ തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഒരു സമിതിയെ ഇതിനകം ലീഗ് നേതൃത്വം നിയോഗിച്ചു കഴിഞ്ഞു. അബ്ദുറസ്സാഖിന്റെ ഓര്‍മ്മകളും അദ്ദേഹം നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങളും വ്യക്തിപരമായ സഹായങ്ങളും തങ്ങള്‍ക്കു തുണയാകുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. മൂന്നാം സ്ഥാനത്തായെങ്കിലും മണ്ഡലം കൈവിടാന്‍ സി.പി.എം ഒരുക്കമല്ല. പ്രത്യേകിച്ചും സി.എച്ച് കുഞ്ഞമ്പുവിനെ പോലുള്ള നേതാവ് ചെര്‍ക്കളം അബ്ദുള്ളയെ തറപറ്റിച്ച ഭൂതകാലമുള്ളപ്പോള്‍. അതുകൊണ്ടുതന്നെ കണക്കുകൂട്ടിയുള്ള പ്രവര്‍ത്തനത്തിലൂടെ മണ്ഡലം തിരികെ പിടിക്കാമെന്ന പ്രതീക്ഷ എല്‍.ഡി.എഫും കൈവിടുന്നില്ല.

ലോക്‌സഭയിലേക്കു ചുകപ്പു തുരുത്തായി ആലപ്പുഴയെ അടയാളപ്പെടുത്താന്‍ നിയോഗിക്കപ്പെട്ട എ.എം ആരിഫിന്റെ മണ്ഡലമാണ് അരൂര്‍. ഏതുവിധേനയും മണ്ഡലം നിലനിര്‍ത്തുക എന്നതുമാത്രമാണ് എല്‍.ഡി.എഫ് നോട്ടം. സ്ഥാനാര്‍ത്ഥിയായി മുന്‍ എം.പി സി.എസ് സുജാതയോ, ജില്ലാ സെക്രട്ടറി കെ നാസറോ, യുവനേതാവ് ്അഡ്വ. അനസലിയോ വരുമെന്ന സൂചനകള്‍ പാര്‍ട്ടിബന്ധുക്കള്‍ നല്‍കുമ്പോഴും സി.പി.എം കരുതലോടെയുള്ള നീക്കത്തിലാണ്. എതിരാളി ആരെന്ന സൂചന ലഭിക്കുന്ന മുറയ്‌ക്കേ അരൂരില്‍ അങ്കത്തിനു ആരിറങ്ങും എന്ന കാര്യം സി.പി.എം തീരുമാനിക്കുകയുള്ളു. പ്രത്യേകിച്ചും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ഇവിടെ മുന്നിലെത്തിയ സാഹചര്യത്തില്‍. ഇതേ സാഹചര്യമാണ് യു.ഡി.എഫിന് ആത്മവിശ്വാസമേകുന്നതും. ന്യൂനപക്ഷ-ഭൂരിപക്ഷ സമുദായങ്ങളുടെ പിന്തുണയാര്‍്ജ്ജിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നു പ്രാദേശിക ഘടകങ്ങള്‍ ഡി.സി.സിക്കും കെ.പി.സി.സിക്കും നിവേദനം നല്‍കിയതും അനുകൂലാവസ്ഥ പ്രതീക്ഷിച്ചാണ്. മണ്ഡലത്തില്‍ കുറേയധികം വോട്ടുപിടിക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ് നേതൃത്വവും കരുതുന്നുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാഹചര്യത്തില്‍ നിന്നു വിഭിന്നമായ അരൂരിലെ രാഷ്ട്രീയകാലാവസ്ഥ അനുകൂലമാണെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. ഷാനിമോള്‍ ഉസ്മാന്‍, എ.എ ഷുക്കൂര്‍ തുടങ്ങി അരഡസന്‍ നേതാക്കളുടെ പേരെങ്കിലും അരൂരില്‍ ഇതിനകം പ്രചരിപ്പിക്കുന്നുണ്ട്. >വട്ടിയൂര്‍ക്കാവില്‍ ഇഞ്ചോടിഞ്ച് ഉപതെരഞ്ഞെടുപ്പിലെ യഥാര്‍ത്ഥ അങ്കം വട്ടിയൂര്‍ക്കാവിലാവും. നിലനിര്‍ത്താന്‍ യു.ഡി.എഫും പിടിച്ചെടുക്കാന്‍ ബി.ജെ.പിയും. ഒട്ടും പിന്നിലല്ലാതെ വിജയം നേടാനുള്ള നീക്കത്തില്‍ ഇടതുമുന്നണിയുമുണ്ട്, വട്ടിയൂര്‍ക്കാവില്‍. അട്ടിമറിയിലൂടെ വട്ടിയൂര്‍ക്കാവില്‍ താമര വിരിയിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ ബി.ജെ.പി നേരത്തെ തുടങ്ങിയിട്ടുണ്ട്. വേണ്ടിവന്നാല്‍ കുമ്മനം രാജശേഖരനെ തന്നെ വീണ്ടും ഇവിടെ ഇറക്കിയേക്കാം. ഇക്കുറി മണ്ഡലം കൈപ്പിടിയിലൊതുക്കാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് പാര്‍ട്ടി നടത്തുന്നത്. മണ്ഡലത്തിന്റെ പൊതുസ്വഭാവം, ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍, എന്‍.എസ്.എസിന്റെ സ്വാധീനം തുടങ്ങിയ ഘടകങ്ങള്‍ അനുകൂലമാകുമെന്ന ആത്മവിശ്വാസം നേതാക്കള്‍ക്കുണ്ട്. എന്നാല്‍ കെ. മുരളീധരന്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ മാത്രം മതി മണ്ഡലത്തിന്റെ മനസ് തങ്ങള്‍ക്കൊപ്പം നില്‍ക്കാനെന്ന അവകാശവാദത്തിലാണ് യു.ഡി.എഫ്. ഒപ്പം ശബരിമല വിഷയത്തില്‍ ഇടതു-ബി.ജെ.പി നിലപാടുകള്‍ ഇവിടെ പ്രതിഫലിക്കുമെന്നും അവര്‍ കരുതുന്നു. ശബരിമല നിലപാടില്‍ മാറ്റമില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദവും നിയമനിര്‍മ്മാണത്തിലൂടെ ആചാരം സംരക്ഷിക്കാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടും മണ്ഡലത്തില്‍ പ്രചാരണായുധമാക്കാനാണ് യു.ഡി.എഫ് ആലോചിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായി പോയതിന്റെ ക്ഷീണം മാറ്റാനുള്ള ഗൗരവമായ പ്രവര്‍ത്തനങ്ങളാണ് സി.പി.എം ആലോചിക്കുന്നത്. തലസ്ഥാന നഗരിയിലെ മണ്ഡലം പിടിച്ചെടുത്ത് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ക്കുള്ള അംഗീകാരമായി ഉപതെരഞ്ഞെടുപ്പിനെ മാറ്റാനാണ് സി.പി.എമ്മിന്റെ നീക്കങ്ങള്‍.