ദാഹജലം നല്‍കാന്‍ കൊതിച്ച് അയിരൂര്‍ക്കാരുടെ സ്വന്തം വിജയന്‍ 

വര്‍ക്കല: കൊടുംവേനലില്‍ വറ്റി വരണ്ട കിണറുകളും വിണ്ടു കീറിയ നെല്‍പ്പാടങ്ങളും നോക്കി അയിരൂര്‍ നിവാസികള്‍ തളര്‍ന്ന മനസ്സുമായി ദാഹജലത്തിനായി ഇനി എന്ത് ചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ നഗ്നപാദനായി കൊടുംചൂടിലും തളരാതെ ഏകനായി നടന്നു നീങ്ങുകയാണ്. അയിരൂര്‍ക്കാരുടെ സ്വന്തം വിജയന്‍.

ഒരായുസ്സ് മുഴുവനും അയിരൂര്‍ നിവാസികളുടെ ദാഹജലത്തിന്റെ ഏക ആശ്രയമായി ജീവിച്ചതിന്റെ ചാരിതാര്‍ത്ഥ്യം ഈ എണ്‍പതാം വയസ്സിലും വിജയന് കൂട്ടിനുണ്ട്. ഇലകമണ്‍ പഞ്ചായത്തിലെ തോണിപ്പാറ നെല്ലേറില്‍ നമ്പാലയത്തില്‍ നാരായണപിള്ളയുടെയും പാറുകുട്ടിയമ്മയുടെയും മകനായി ജനിച്ച വിജയന്‍ ഓര്‍മ്മ വച്ച കാലം മുതല്‍ നാട്ടുകാര്‍ക്കു വേണ്ടി ജീവിച്ചെങ്കിലും സ്വന്തമായി ജീവിക്കാന്‍ മറന്നു പോയി. അവിവാഹിതനായ വിജയന് ഈ വാര്‍ധക്യത്തിലും കരുത്തേകുന്നത് ജനങ്ങള്‍ നല്‍കുന്ന സ്‌നേഹമാണ്.

വെള്ളം കിട്ടാക്കനിയാകുന്ന വേനല്‍കാലങ്ങളില്‍ നാട്ടുകാരുടെ ആശ്രയമായിരുന്നു വിജയന്‍. കിണറുകളില്‍ മോട്ടോര്‍ പമ്പ് സെറ്റുകള്‍ ഘടിപ്പിച്ചിട്ടില്ലാത്ത പഴയ കാലത്ത് ആഴമേറിയ കിണറുകളില്‍ നിന്ന് വെള്ളം കോരിയെടുത്ത് തലച്ചുമടായി ആവശ്യക്കാര്‍ക്ക് വിജയന്‍ എത്തിച്ചു കൊടുക്കുമായിരുന്നു. ദൂരെ ദേശങ്ങളില്‍ വരെ പോയി വിജയന്‍ വെള്ളം ശേഖരിച്ച് അയിരൂര്‍ നിവാസികള്‍ക്ക് നല്‍കുമായിരുന്നു കടകളിലും വീട്ടാവശ്യത്തിനും പാടത്ത് കൃഷി നനയ്ക്കാനും കല്യാണ വീടുകളിലെ ആവശ്യത്തിനും വിജയന്‍ വെള്ളം എത്തിച്ചു കൊടുത്തിരുന്നു. ദൂരെ ദേശങ്ങളില്‍ വരെ പോയി വിജയന്‍ വെള്ളം ശേഖരിച്ച് നിവാസികള്‍ക്ക് നല്‍കുമായിരുന്നു കടകളിലും വീട്ടാവശ്യത്തിനും പാടത്ത് കൃഷി നനയ്ക്കാനും കല്യാണ വീടുകളിലെ ആവശ്യത്തിനും വിജയന്‍ വെള്ളം എത്തിച്ചു കൊടുത്തിരുന്നു.

പ്രതിഫലം പ്രതീക്ഷിക്കാതെ ചെയ്യുന്ന ജോലിക്ക് വിജയന് നന്മയുടെയും സ്‌നേഹത്തിന്റെയും മുഖമുണ്ടായിരുന്നു. വയറുനിറയെ ഭക്ഷണവും ദക്ഷിണയായി നല്‍കുന്ന നാണയത്തുട്ടുകളും നാട്ടുകാരുടെ മനസ്സറിഞ്ഞ സ്‌നേഹവും വിജയന്റെ ഓര്‍മ്മകളിലെ പച്ചപ്പാണ്.

ഈ കടുത്ത വേനലില്‍ ഒരു തുള്ളി ജലത്തിനായി അയിരൂര്‍ നിവാസികള്‍ നെട്ടോട്ടമോടുമ്പോള്‍ വിജയന്റെ മനസ്സ് അവര്‍ക്ക് വെള്ളം എത്തിക്കുവാന്‍ ദാഹിക്കുകയാണ്. പക്ഷേ, ആരോഗ്യം അനുവദിക്കാത്തതു കൊണ്ട് വിജയന്‍ കാഴ്ചക്കാരനായി നില്‍ക്കുന്നു. ഒരു വ്യാഴവട്ടക്കാലത്തിന്റെ വരണ്ടുണങ്ങി വിണ്ടു കീറിയ മണ്‍കിണറുകളെ അതിജീവിച്ച തെളിനീരിന്റെ മങ്ങാത്ത ഓര്‍മ്മകളുമായി വിജയന്‍ അയിരൂര്‍ നിവാസികളുടെ മനസ്സിലൂടെ നടന്നു നീങ്ങുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ