EXCLUSIVE: അറ്റ്‌ലസ് രാമചന്ദ്രന്റെ വസ്തുക്കള്‍ ലേലം ചെയ്യുന്നു

സൗത്ത് ഇന്ത്യന്‍ ബാങ്കാണ് തിരുവനന്തപുരത്തെ അറ്റ്‌ലസിന്റെ ബഹുനില കെട്ടിടം ലേലത്തിന് വെച്ചിരിക്കുന്നത്

സൗത്ത് ഇന്ത്യന്‍ ബാങ്കിന് മാത്രം 277 കോടി രൂപയുടെ വായ്പാകുടിശ്ശിക

1000 കോടിയുടെ സാമ്പത്തിക തട്ടിപ്പിനാണ് ജയിലില്‍ കിടക്കുന്നത് 

രാമചന്ദ്രന്‍ ഇപ്പോള്‍ ദുബായ് ജയിലില്‍ ശിക്ഷഅനുഭവിക്കുകയാണ്

-നിയാസ് കരീം-

പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയും പ്രവാസി മലയാളിയുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ വസ്തുവകകള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ലേലം ചെയ്യാന്‍ ഒരുങ്ങുന്നു. വായ്പാ കുടിശ്ശികയായി ബാങ്കിന് 277 കോടിരൂപ നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് രാമചന്ദ്രന്റെ ഉടമസത്ഥതയിലുള്ള വസ്തുവകകള്‍ ലേലത്തിന് വെച്ചിരിക്കുന്നത്. തിരുവനന്തപുരം കിഴക്കേകോട്ടയിലുള്ള അറ്റ്‌ലസ് ജ്വല്ലറിയുടെ ബഹുനില കെട്ടിടമാണ് 15 കോടിരൂപയ്ക്ക് വില്‍ക്കാനായി പരസ്യം ചെയ്തിരിക്കുന്നത്. 2015 നവംബര്‍ മുതല്‍ അറ്റ്‌ലസ് രാമചന്ദ്രന്‍ ദുബായിലെ ജയിലിലാണ് വിവിധ ബാങ്കുകള്‍ക്ക് ആയിരം കോടി രൂപയുടെ വായ്പകള്‍ മുടങ്ങിയതിനെത്തുടര്‍ന്നാണ് ഇദ്ദേഹം ജയിലില്‍ ആയത്.

ഗള്‍ഫില്‍ മാത്രം മൊത്തം 5.3 കോടി ദിര്‍ഹമിന്റെ വണ്ടിച്ചെക്കുകള്‍ നല്‍കിയതായി 15 ബാങ്കുകള്‍ അദ്ദേഹത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ഇവയില്‍ ഒരു ബാങ്കിന്റെ പരാതിയിലാണ് ഇപ്പോള്‍ ശിക്ഷ അനുഭവിച്ച് ജയിലില്‍ കഴിയുന്നത്. മൊത്തം 50 കോടി ദിര്‍ഹമിന്റെ ബാങ്ക് വായ്പാകുടിശ്ശികയുണ്ടെന്നാണ് കണക്ക്. മൂന്ന് കോടി ദിര്‍ഹം സ്വര്‍ണ്ണ വിതരണ കമ്പനികള്‍ക്ക് നല്‍കാനുള്ളതായും പറയപ്പെടുന്നു. അറ്റ്ലസ് ഗ്രൂപ് മേധാവിയായ അദ്ദേഹത്തിന്റെ മകള്‍ ദുബായിലെ മറ്റൊരു ജയിലില്‍ വണ്ടിച്ചെക്ക് കേസില്‍ തടവില്‍ കഴിയുകയാണ്.

കാനറാ ബാങ്ക് ജീവനക്കാരനായി ജീവിതം ആരംഭിച്ച അദ്ദേഹം എസ്.ബി.ടിയിലും സേവനം അനുഷ്ഠിച്ചിരുന്നു. പിന്നീട് കുവൈറ്റ് കൊമേര്‍സ്യല്‍ ബാങ്കില്‍ 1974 മുതല്‍ 87 വരെ ജോലി ചെയ്തു. ഇക്കാലയളവില്‍ തന്നെ അദ്ദേഹം കുവൈറ്റില്‍ അറ്റ്‌ലസ് ജ്വല്ലറി തുടങ്ങി. പിന്നീട് പടിപടിയായി ഗള്‍ഫ് രാജ്യങ്ങളിലെല്ലാം ബിസിനസ്സ് സാമ്രാജ്യം വ്യാപിപ്പിച്ചു. ഇതിനിടെ സിനിമാ നിര്‍മ്മാണ രംഗത്തും അദ്ദേഹം പണം മുടക്കിയിരുന്നു.

അറ്റ്‌ലസ് ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകവുമായി രംഗത്തുവന്ന രാമചന്ദ്രന്റെ വളര്‍ച്ച അമ്പരിപ്പിക്കുന്ന വിധത്തിലായിരുന്നു. അറസ്റ്റും ജയില്‍ വാസത്തിനുമിടയില്‍ ഇദ്ദേഹത്തിന് അനുകൂലമായി സോഷ്യല്‍ മീഡിയയില്‍ ഒരുതരംഗം ഉണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും തുടരെത്തുടരെ വന്ന തട്ടിപ്പ് കഥകള്‍ ഈ പ്രചരണത്തിന് തടയിട്ടു. കേരളത്തിലെ അറ്റ്‌ലസ് ജ്വല്ലറികളില്‍ ജോലി ചെയ്തിരുന്ന രണ്ട് ജീവനക്കാരായ ഇടുക്കി കൂട്ടാര്‍ സ്വദേശി അജിത്തും എറണാകുളം സ്വദേസി ലൂക്കുവും തങ്ങളെ ഉപയോഗിച്ച് രാമചന്ദ്രന്‍ നടത്തിയ തട്ടിപ്പുകള്‍ പുറംലോകത്തെ അറിയിച്ചതോടെ സിമ്പതി തരംഗവും ഇല്ലാതായി. ഇദ്ദേഹത്തിന്റെ ആസ്തികള്‍ മുഴുവന്‍ വിറ്റാലും ഇന്ത്യയിലെ ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള കടങ്ങള്‍ കൊടുത്തുതീര്‍ക്കാന്‍ ആകില്ലെന്നാണ് വിലയിരുത്തല്‍.

ഗള്‍ഫില്‍ മാത്രം 50ലധികം ഷോറൂമുകളും നിരവധി ആശുപത്രികളും അറ്റ്ലസ് ഗ്രൂപ്പിന് ഉണ്ടായിരുന്നു. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ആനന്ദഭൈരവി, അറബിക്കഥ, മലബാര്‍ വെഡ്ഡിംഗ്സ്, 2 ഹരിഹര്‍ നഗര്‍, തത്വമസി, ബോംബേ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിലും അറ്റ്ലസ് രാമചന്ദ്രന്‍ അഭിനയിച്ചിട്ടുണ്ട്.

അജിത്തിനെയും ലൂക്കിനെയും ഉപയോഗിച്ച് അവരുടെ പേരില്‍ വിവിധ ബാങ്കുകളില്‍ നിന്ന് പണമെടുത്തതായും നികുതി വെട്ടിപ്പ് നടത്തിയതായും ആദായ നികുതി വകുപ്പ് കണ്ടെത്തി. അറ്റ്‌ലസിന്റെ പതനത്തിന്റെ തുടക്കം ബോംബേ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട Gee El Woollens എന്ന പബ്ലിക് ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതോടെയാണെന്ന് പറയപ്പെടുന്നു. ഈ കമ്പനിയുടെ 51 ശതമാനം ഓഹരികള്‍ രാമചന്ദ്രന്‍ വാങ്ങിയിരുന്നു പിന്നീട് അത് അറ്റ്‌ലസ് ജ്വല്ലറി ഇന്ത്യാ ലിമിറ്റഡ് പുനര്‍ നാമകരണം ചെയ്തു. സ്വര്‍ണ്ണത്തിന്റെ വില ഇടിയുകയും ഓഹരി വിപണിയില്‍ കാര്യമായ തുക ലഭിക്കാതെ വന്നതോടെ കമ്പനി നഷ്ടത്തിലായി. ഇതിനുപുറമേ കോടികള്‍ റിയല്‍ എസ്‌റ്റേറ്റിലും മുടക്കിയിരുന്നു. സ്വര്‍ണ്ണം വാങ്ങാന്‍ എന്ന പേരില്‍ ബാങ്കുകളില്‍ നിന്ന് കോടികള്‍ ആണ് വായ്പ എടുത്തിരുന്നത്. അറ്റ്‌ലസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയും മാറ്റ് സ്ഥാപനങ്ങളും ഒക്കെ വിറ്റ് കടബാധ്യതകള്‍ വീട്ടുമെന്ന് പറഞ്ഞുകേട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.
ബാങ്ക് ഓഫ് ബറോഡയ്ക്ക് മാത്രം ഏതാണ്ട് 600 കോടി രൂപ കൊടുക്കാനുണ്ടെന്നാണ് കേള്‍ക്കുന്നത്.

ആദായ നികുതി വകുപ്പ് 30 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് അറ്റ്‌ലസിനെതിരെ കണ്ടെത്തിയിരിക്കുന്നത്.
തിരുവനന്തപുരത്തെ വസ്തുവിന് പുറമേ നെടുമ്പാശ്ശേരി, തൃശൂര്‍, കോഴിക്കോട് എന്നീ സ്ഥലങ്ങളിലുള്ള വസ്തുവകകളും ഇപ്പോള്‍ ബാങ്കിന്റെ പക്കലാണ്.
ഈമാസം 21നാണ് തിരുവനന്തപുരത്തെ അറ്റ്‌ലസിന്റെ കെട്ടിടവും വസ്തുക്കളും ലേലത്തിന് വെച്ചിരിക്കുന്നത്. സ്വര്‍ണ്ണവ്യാപാര രംഗത്ത് നിറഞ്ഞുനിന്ന ഒരു വ്യവസായ പ്രമുഖന്റെ പതനം നിരവധി ജീവനക്കാരെയും പരസ്യ ദാതാക്കളെയും സാമ്പത്തിക പരാധീനതയില്‍ എത്തിച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ