സൂക്ഷിക്കുക ! നിങ്ങള്‍ പിടിക്കപ്പെട്ടേക്കാം 

മരുന്നു കൊണ്ടു പോകുമ്പോഴുള്ള അശ്രദ്ധ : നിരവധി മലയാളികള്‍ ജയിലില്‍

കോഴിക്കോട്: മരുന്ന് കൊണ്ടുപോകുമ്പോഴുള്ള അറിവില്ലായ്മയും അശ്രദ്ധയും നിരവധി മലയാളികളെ ഗള്‍ഫ് നാടുകളിലെ ജയിലറക്കുള്ളിലേക്ക് എത്തിക്കുന്നു. സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത് എന്നിവിടങ്ങളിലാണ് മലയാളികള്‍ കൂടുതലായും കുടുങ്ങുന്നത്.

മരുന്ന് കൊണ്ടുപോകുമ്പോള്‍ ഡോക്ടറുടെ കുറിപ്പ് വേണമെന്നത് പലര്‍ക്കും അറിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കൂടാതെ അതത് രാജ്യത്ത് നിരോധിച്ച മരുന്നുകള്‍ കൊണ്ടുപോകാനും പാടില്ല.

കഴിഞ്ഞദിവസം സൗദിയിലെ ദമാമില്‍ കോട്ടയം ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയും മൂന്ന് വയസുള്ള മകനും പിടിയിലായിരുന്നു. മസ്തിഷ്‌ക രോഗത്തിനുള്ള മരുന്നുമായി ഭര്‍ത്താവിന്റെ അടുത്തേക്കുപോയതായിരുന്നു ഇവര്‍. മകന്‍ പിന്നീട് മോചിതനായെങ്കിലും യുവതി ഇപ്പോഴും ദമാം ജയിലിലാണുള്ളത്. മയക്കുമരുന്നാണെന്ന സംശയത്തില്‍ വിമാനത്താവളത്തില്‍ വച്ചാണ് ഇവര്‍ പിടിയിലായത്.

നിരോധിക്കപ്പെട്ട ഗുളികകള്‍ ഗള്‍ഫ് നാടുകളില്‍ വ്യാപകമായി കണ്ടെത്തിയതോടെയാണ് വിമാനത്താവളങ്ങളില്‍ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം പരിശോധന കര്‍ശനമാക്കിയത്.

മലയാളികളില്‍ നിന്ന് വേദനസംഹാരി ഗുളികകളാണ് കൂടുതലായും പിടികൂടുന്നത്. ഇത്തരം മരുന്നുകള്‍ ലഹരിവസ്തുക്കളായും മറ്റും ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു.

കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ചേന്ദമംഗല്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരും മലപ്പുറം മൊറയൂര്‍ സ്വദേശിയും ഒരുമാസംമുന്‍പ് ദോഹയില്‍ പിടിയിലായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നാടുകടത്തില്‍ കേന്ദ്രത്തില്‍ ഇവര്‍ അകപ്പെട്ടവിവരം ബന്ധുക്കളും സുഹൃത്തുക്കളും അറിയുന്നത് ഏറെ വൈകിയാണ്. ആദ്യമായി ഗള്‍ഫിലെത്തുന്നവരാണ് ഇത്തരത്തില്‍ കൂടുതലായും പിടിയിലാവുന്നത്. സൗദിയില്‍ കുടുങ്ങിയ യുവതിയും ആദ്യമായാണ് വിദേശത്തെത്തുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ