COVER STORY: എവിടെപ്പോയ് നമ്മുടെ കറന്റുലാത്തി?

-ഷാജി രാമചന്ദ്രന്‍-

 

2004 ഒക്ടോബര്‍ 18-ന് കണ്ണൂരില്‍ എസ്.എഫ്.ഐക്കാര്‍ സഹകരണമന്ത്രി എം.വി. രാഘവനു നേരെ കരിങ്കൊടി വീശിയതിനെത്തുടര്‍ന്ന് നടന്ന ലാത്തിച്ചാര്‍ജ്ജിനൊടുവില്‍ ഒരു വിദ്യാര്‍ത്ഥിക്കു നേരെ പോലീസ് ഷോക്ക് ബാറ്റണ്‍ പ്രയോഗിക്കുന്നു. പിറ്റേന്നത്തെ പത്രങ്ങളില്‍ വിവസ്ത്രനായ വിദ്യാര്‍ത്ഥിക്കു നേരെ ഷോക്ക് ബാറ്റണ്‍ പ്രയോഗിക്കുന്ന പോലീസിന്റെ ചിത്രം. കേരളമാകെ പുകിലായി. കേരള പോലീസ് രംഗത്തിറക്കിയ ഷോക്ക് ബാറ്റണ്‍ എന്ന നവാഗതന്‍ അതോടെ മുങ്ങി. മനുഷ്യാവകാശ പ്രവര്‍ത്തകരും നിയമവിദഗ്ദ്ധരും ഒരു വശത്ത് അണിനിരന്നു. മറുവശത്ത് പോലീസ് മാത്രം. പിന്നീട് പത്രസമ്മേളനങ്ങളുടെ ഘോഷയാത്ര. അന്നത്തെ ഡി.ജി.പി ഹോര്‍മിസ് തരകന്‍, ഷോക്ക് ബാറ്റണ്‍ നിര്‍മ്മിച്ച തലശ്ശേരിയിലെ സതേണ്‍ ഇലക്ട്രോണിക്സ് ആന്റ് സെക്യൂരിറ്റി സിസ്റ്റം കമ്പനിയുടെ ഉടമ പി.കെ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ മാറിമാറി പത്രസമ്മേളനം നടത്തി.

ഹോര്‍മിസ് തരകന്‍
ഹോര്‍മിസ് തരകന്‍

ഡി.ജി.പി, കണ്ണൂര്‍ എസ്.പി, തളിപ്പറമ്പ് ഡി.വൈ.എസ്.പി. സി. അബ്ദുല്‍ ഗഫൂര്‍, പി.കെ. പ്രദീപ് കുമാര്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍, ഫോട്ടോഗ്രാഫര്‍ കെ. മോഹനന്‍, എം.വി. ജയരാജന്‍ എം.എല്‍.എ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ ടി.വി. അനീഷ്, കെ. പ്രണവ്, പി.വി. മധു, എം. കലേഷ്, പി.വി. ഷിജിത്ത് എന്നിവര്‍ക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.വി. മോഹന്‍കുമാര്‍ നോട്ടീസ് അയച്ചു. അനീഷ്, ജയരാജന്‍, അഡ്വ. മനോജ് പീറ്റര്‍ എന്നിവരായിരുന്നു പരാതിക്കാര്‍. പതിവുപോലെ ഈ വിവാദവും എങ്ങുമെത്തിയില്ല.
സതേണ്‍ ഇലക്ട്രോണിക്സ് ആന്റ് സെക്യൂരിറ്റി സിസ്റ്റം കേരള പോലീസിന് നല്‍കിയ 40 ഷോക്ക് ബാറ്റണുകള്‍ ഇന്നും പോലീസിന്റെ കൈവശമുണ്ട്. പിന്നീട് അവ എവിടെയെങ്കിലും ഉപയോഗിക്കപ്പെട്ടതായി അറിവില്ല. അതുകൊണ്ടോ എന്തോ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പലരും ഷോക്ക് ബാറ്റന്റെ അകാലവിയോഗത്തില്‍ ഖിന്നരാണ്.stun-baton

വൈദ്യുതി പ്രവഹിക്കുന്ന പുത്തന്‍ ലാത്തിയെ അന്ന് പിന്തുണക്കാന്‍ പോലീസുകാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. (ഈ സംഭവത്തിന് ഒരു വര്‍ഷം മുമ്പാണ് ആണി ഘടിപ്പിച്ച ലാത്തി ഉപയോഗിച്ചു എന്ന ആരോപണത്തില്‍ പോലീസ് വീണത്). ഹോര്‍മിസ് തരകന്‍ ഡി.ജി.പി ആകുന്നതിനും മുമ്പാണ് ഷോക്ക് ബാറ്റണ്‍ എന്ന ആശയം കേരള പോലീസില്‍ അവതരിപ്പിക്കപ്പെടുന്നതെങ്കിലും നിയമപ്രശ്നങ്ങളാല്‍ സംഗതി പ്രയോഗത്തില്‍ വന്നില്ല. എന്നാലും ചില പോലീസുകാര്‍ അത് കൊണ്ടു നടന്നിരുന്നതായി ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിക്കുന്നു.
വിവാദകാലത്ത് കറന്റ് ലാത്തിക്ക് പൂര്‍ണ്ണപിന്തുണയുമായി അന്നത്തെ ഡി.ജി.പി ഹോര്‍മിസ് തരകന്‍ ഇറങ്ങി. ശരീരത്തിന് ദോഷകരമോ മുറിവുണ്ടാക്കുന്നതോ അല്ല ഷോക്ക് ബാറ്റണെന്ന് നിരവധി പരീക്ഷണങ്ങളിലൂടെ തെളിയിച്ചതാണെന്ന് തരകന്‍ പറഞ്ഞു. തന്റെ സ്വന്തം ശരീരത്തില്‍ ഷോക്ക് ബാറ്റണ്‍ പരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. കൊസോവയില്‍ യു.എന്‍ സമാധാന സേന ഷോക്ക് ബാറ്റണ്‍ പ്രയോഗിക്കുന്നുണ്ടെന്ന തരകന്റെ അഭിപ്രായം വീണ്ടും പ്രശ്നങ്ങളുണ്ടാക്കി. പരസ്പരം കഴുത്തറുക്കുന്ന കൊസോവയിലെ അക്രമികളെ അമര്‍ച്ച ചെയ്യാന്‍ ഷോക്ക് ബാറ്റണ്‍ ഉപയോഗിക്കുന്നതു പോലാണോ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉപയോഗിക്കുന്നതെന്നായി മറു ചോദ്യം.

പോലീസിന് ഷോക്ക് ബാറ്റണ്‍ ഉണ്ടാക്കിക്കൊടുത്ത പ്രദീപ്കുമാര്‍ പറഞ്ഞത് ഇങ്ങനെ:
‘ഒന്‍പത് വോള്‍ട്ട് റീച്ചാര്‍ജ്ജബിള്‍ സെല്‍ അടങ്ങിയ ഷോക്ക് ബാറ്റണ്‍ 350 വോള്‍ട്ട് വൈദ്യുതി ഉണ്ടാക്കും. എതിരാളിയുടെ ശരീരത്തിലേക്ക് ഏതാനും മൈക്രോ ആമ്പിയര്‍ വൈദ്യുതി 10 മൈക്രോ സെക്കന്റ് സമയത്തേക്ക് മാത്രമാണ് പ്രവഹിക്കുന്നത്. ഇരയ്ക്ക് യാതൊരു ഉപദ്രവവും സൃഷ്ടിക്കാത്ത ഷോക്ക് ബാറ്റണ്‍ ഏതാനും സമയത്തേക്ക് അവരെ നിശ്ചലരാക്കുകയേ ചെയ്യൂ. അന്ന് ഒരെണ്ണത്തിന്റെ വില 950 രൂപ. സുരക്ഷാഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും ഉപയോഗിക്കാനാണ് ഷോക്ക് ബാറ്റണ്‍ നിര്‍മ്മിക്കുന്നത്. കൈകാലുകളില്‍ മാത്രമാണ് ഇവ ഉപയോഗിക്കേണ്ടത്. ശരീരത്തിന് ഒരുവിധത്തിലുള്ള ക്ഷതവും ഇവ വരുത്തുന്നില്ല. അക്രമാസക്തരായ ഒരു ജനക്കൂട്ടത്തില്‍ സ്വയം രക്ഷിക്കാന്‍ പോലീസിനെ സഹായിക്കുന്ന അപകടരഹിത ഉപകരണം മാത്രമാണിത്.’
kerala-police-the-wifireporter

ഷോക്ക് ബാറ്റണ്‍ നിരുപദ്രവകാരിയാണെന്ന് അക്കാലത്ത് അഭിപ്രായപ്പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ഭാരവാഹികള്‍ അവകാശപ്പെട്ടിരുന്നു. പക്ഷേ, അവ ശരീരത്തിലെ അതിലോല ഭാഗങ്ങളില്‍ ഉപയോഗിച്ചാല്‍ അപകടകാരിയാണെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. കൈകാലുകളില്‍ മാത്രമാണ് പ്രയോഗിക്കേണ്ടത്. കണ്ണൂരില്‍ പോലീസ് വിദ്യാര്‍ത്ഥിയുടെ ജനനേന്ദ്രിയത്തില്‍ ബാറ്റണ്‍ ഉപയോഗിച്ചിട്ടുണ്ടെന്ന വാര്‍ത്ത ശരിയാണെങ്കില്‍ ആ നടപടി തെറ്റാണ്. അത്തരം ദുരുപയോഗം ഒഴിവാക്കണം. അനാരോഗ്യവാന്മാര്‍ക്കെതിരെയും ഹൃദ്രോഗികള്‍ക്കെതിരെയും ഷോക്ക് ബാറ്റണ്‍ പ്രയോഗിക്കാന്‍ പാടില്ല. പേസ് മേക്കര്‍ ഘടിപ്പിച്ചവരിലും ഇത് പ്രശ്നങ്ങളുണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു.

പോലീസില്‍ എല്ലാക്കാലത്തും പുതിയ ആയുധങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗിച്ച ശേഷമേ ഔദ്യോഗിക അനുമതി ലഭിക്കുകയുള്ളൂ. സ്റ്റണ്‍ ഗ്രനേഡ്, പ്ലാസ്റ്റിക് പെല്ലറ്റ്, പി.വി.സി ലാത്തി എന്നിവ പരീക്ഷിച്ച ശേഷമേ പോലീസ് സേനയ്ക്ക് ലഭ്യമായുള്ളൂ. ഇവയേക്കാളും അപകടം കുറഞ്ഞ സ്വയം പ്രതിരോധത്തിനു മാത്രം ഉപയോഗിക്കുന്ന ഷോക്ക് ബാറ്റണെ തുടക്കത്തില്‍ത്തന്നെ തിരസ്‌കരിച്ചു.

വല്ലഭന് പുല്ലും ആയുധം എന്ന് പറയുന്നതു പോലെ നമ്മുടെ പോലീസിന് എന്തും ആയുധമാണല്ലോ. എതിരാളിയുടെ പേശികളെ അല്‍പനേരത്തേയ്ക്ക് ചലനരഹിതമാക്കുന്ന ഉപകരണമാണ് ഷോക്ക് ബാറ്റണ്‍. റ്റേസര്‍ എന്ന ബ്രാന്റ് നെയിമിലാണ് ഇവ പ്രശസ്തമായിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ രണ്ട് ഇലക്ട്രോഡുകള്‍ ഘടിപ്പിച്ച ഒരു ലാത്തി. ഈ ഇലക്ട്രോഡുകളില്‍ കൂടി കൂടിയ വോള്‍ട്ടേജിലും കുറഞ്ഞ ആമ്പിയറിലും വൈദ്യുതി പ്രവഹിക്കുന്നു. എതിരാളിയുടെ ശരീരത്തില്‍ താല്‍ക്കാലിക വൈദ്യുതി പ്രവാഹം സൃഷ്ടിക്കുകയാണ് ഇവ ചെയ്യുന്നത്. ഷോക്ക് ബാറ്റന്റെ ഏറ്റവും പുതിയ രൂപമായ എം-26 റ്റേസറില്‍ 10 മൈക്രോസെക്കന്റ് നേരത്തേക്ക് 18 ആമ്പിയര്‍ കറന്റ് പ്രവഹിപ്പിക്കും. പ്രയോഗം ഏല്‍ക്കുന്ന വ്യക്തിയ്ക്ക് വേദനയുണ്ടാകും.

അമേരിക്കയിലും കാനഡയിലും പോലീസ് വ്യാപകമായി ഷോക്ക് ബാറ്റണ്‍ ഉപയോഗിക്കുന്നുണ്ട്. ഇംഗ്ലണ്ടില്‍ പോലീസിലെ ചില വിഭാഗത്തില്‍ മാത്രമാണ് ഷോക്ക് ബാറ്റണ്‍ ഉപയോഗിക്കുന്നത്. കേരളത്തിലെ എല്ലാ പോലീസ് വിഭാഗങ്ങളിലും ഷോക്ക് ബാറ്റണ്‍ അനുവദിക്കണമെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ അക്കാലത്ത് ആവശ്യപ്പെട്ടിരുന്നു. രാത്രി ഡ്യൂട്ടിയുള്ള പോലീസുകാര്‍ക്കും ഷോക്ക് ബാറ്റണ്‍ നല്‍കണമെന്നായിരുന്നു അവരുടെ ആവശ്യങ്ങളിലൊന്ന്. കാരണം എല്ലാ ദിവസവും ഏതെങ്കിലും ഒരു അപകടകാരിയെ അവര്‍ക്ക് നേരിടേണ്ടി വരുന്നു.

2004-ല്‍ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലീസിന്റെ ഷോക്ക് ബാറ്റണ്‍ പ്രയോഗത്തെ വിമര്‍ശിച്ചിരുന്നു. അക്രമാസക്തമായ ജനക്കൂട്ടത്തെ ഭയപ്പെടുത്താന്‍ മാത്രം ഉപയോഗിക്കേണ്ട ബാറ്റണ്‍ കൊണ്ട് വെറുതേ നില്‍ക്കുന്നവനെപ്പോലും കറണ്ടടിപ്പിച്ചു കണ്ടു രസിക്കാന്‍ പോലീസ് ഇഷ്ടപ്പെടുന്നുണ്ടത്രേ. കൈവിലങ്ങിട്ടു നിസ്സഹായരായി നില്‍ക്കുന്നവരെയും സ്‌കൂള്‍ കുട്ടികളെയും വരെ അമേരിക്കന്‍ പോലീസ് വൈദ്യുത പ്രയോഗത്തിന് വിധേയരാക്കി എന്ന് ആംനസ്റ്റി കണ്ടെത്തിയിട്ടുണ്ട്.

1992-ല്‍ ലോസ് ആഞ്ചലസില്‍ റോഡ്നി കിംഗ് എന്ന കറുത്ത വംശജനായ ടാക്സി ഡ്രൈവര്‍ വെള്ളക്കാരനായ പോലീസുകാരനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചത് കലാപത്തിനിടയാക്കിയിരുന്നു. റോഡ്നിയെ മര്‍ദ്ദിക്കാന്‍ പോലീസുകാര്‍ ഷോക്ക് ബാറ്റണും ഉപയോഗിച്ചിരുന്നു. ഇത് വന്‍ വിവാദം സൃഷ്ടിച്ചിരുന്നു.

കേരളാ പോലീസ് മാത്രമല്ല അമേരിക്കയിലെയും ബ്രിട്ടനിലെയും പോലീസുകാരും ഷോക്ക് ബാറ്റണെ ശക്തമായി ന്യായീകരിക്കുന്നു. പ്രതിഷേധങ്ങളെ അവര്‍ വകവെയ്ക്കുന്നില്ല. മറ്റ് ഏതായുധത്തെക്കാളും നിരുപദ്രവകാരിയാണ് ഷോക്ക് ബാറ്റണ്‍ എന്നാണ് അവരുടെ പക്ഷം. ഏതാനും ചില പോലീസുകാര്‍ ദുരുപയോഗം ചെയ്തു എന്നതു കൊണ്ടു മാത്രം ഷോക്ക് ബാറ്റണ്‍ അപകടകാരിയാകുന്നില്ല എന്ന് അവര്‍ പറയുന്നു.

kerala-police-thewifireporter
ജനകീയ സമരങ്ങള്‍ അക്രമാസക്തമാകുന്നത് പതിവായ കേരളത്തില്‍ പോലീസുകാര്‍ക്ക് സ്വയം രക്ഷിക്കാന്‍ ഒരു കൊച്ചു കറന്റ് വടിയെങ്കിലും വേണ്ടെ…?
നമ്പര്‍ 3 കട്ട്
പോലീസുകാര്‍ക്കെല്ലാം അറിയാവുന്ന ഒരു പ്രത്യേക ലാത്തി പ്രയോഗമാണ് നമ്പര്‍ 3 കട്ട്. ഈ അടി കൊണ്ടാല്‍ മരണം വരെ സംഭവിക്കാം. കഴിവതും ഇത് പ്രയോഗിക്കരുതെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശമുണ്ട്. പക്ഷേ, പതിവ് ലാത്തിച്ചാര്‍ജ്ജിനിടയില്‍ ചില പോലീസുകാര്‍ ഇതിന്റെ ചെറിയ പതിപ്പ് പ്രയോഗിക്കാറുണ്ട്. അങ്ങനെയാണ് പല വിദ്യാര്‍ത്ഥികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും തലപൊളിഞ്ഞ ചിത്രങ്ങള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രക്ഷോഭങ്ങള്‍ക്കെതിരെയുള്ള പോലീസ് നടപടികള്‍ എങ്ങനെയായിരിക്കണമെന്ന് കേരള പോലീസ് മാന്വലില്‍ പറയുന്നു. സെക്ഷന്‍ 240, 241, 242 പ്രകാരം ടിയര്‍ ഗ്യാസ്, ലാത്തി ചാര്‍ജ്ജ്, ഫയറിംഗ് എന്നിങ്ങനെയാണ് പ്രയോഗം. നമ്പര്‍ 3 കട്ട് എന്ന രഹസ്യവിദ്യക്ക് പോലീസ് മാന്വലില്‍ സ്ഥാനമില്ല. അതെടുത്ത് പ്രയോഗിച്ചാല്‍ ലാത്തിച്ചാര്‍ജ്ജിനപ്പുറം പോലീസിന് ഒന്നും ചെയ്യേണ്ടി വരില്ല.