സെമിത്തേരി ടൂറിസം പച്ച പിടിക്കുന്നു

പൂര്‍വ്വികരുടെ ശവകുടീരം തേടിയുള്ള സഞ്ചാരം കേരളത്തില്‍ സെമിത്തേരി ടൂറിസത്തിന് വഴിതുറക്കുന്നു. തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍, പീരുമേട്, ജൂത, ഡച്ച് സെമിത്തേരികളുള്ള കൊച്ചി എന്നിവയാണ് സെമിത്തേരി ടൂറിസത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്നത്.

ബ്രിട്ടീഷ് അസോസിയേഷന്‍ ഫോര്‍ സെമിറ്ററി ഇന്‍ ടൗണ്‍ ഏഷ്യ എന്ന സംഘടനയുടെ കണക്കുപ്രകാരം 20 ലക്ഷം യൂറോപ്യരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ അടക്കിയിട്ടുണ്ട്. മണ്‍മറഞ്ഞു പോയ തങ്ങളുടെ പൂര്‍വ്വികരെത്തേടി വിദേശികള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെയാണ് സെമിത്തേരി ടൂറിസത്തിന്റെ വിപണന സാധ്യതകള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ വാര്‍ഷികാഘോഷത്തില്‍ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സെമിത്തേരികള്‍ തേടിയെത്തിയ വിദേശ വിനോദ സഞ്ചാരികളുടെ പ്രവാഹമായിരുന്നു. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ മരിച്ചു വീണ പതിനായിരക്കണക്കിന് ബ്രിട്ടീഷുകാരെയാണ് ഡല്‍ഹി, ആഗ്ര, മീററ്റ്, ലക്‌നൗ എന്നിവിടങ്ങളില്‍ അടക്കം ചെയ്തിരിക്കുന്നത്.

വൈകിയാണെങ്കിലും കേരളവും സെമിത്തേരി ടൂറിസത്തിന്റെ സാധ്യതകള്‍ മനസ്സിലാക്കുകയാണ്.

വിദേശികളെ അടക്കിയ 44 കല്ലറകളാണ് മൂന്നാര്‍ സി.എസ്.ഐ പള്ളി സെമിത്തേരിയിലുള്ളത്. പീരുമേട് മേഖലയില്‍ മുപ്പതോളം കല്ലറകളുമുണ്ട്. രണ്ടും മൂന്നും തലമുറകള്‍ക്ക് ശേഷം ഇവരുടെ പലരുടെയും ബന്ധുക്കള്‍ അന്വേഷണവുമായി സമീപിക്കാറുണ്ടെന്ന് മൂന്നാര്‍ സി.എസ്.ഐ പള്ളി വികാരി പറഞ്ഞു.

മൂന്നാറിന്റെ പ്രകൃതി ഭംഗി മുഴുവന്‍ ആവാഹിച്ചിട്ടുള്ള ഈ സെമിത്തേരി നിര്‍മ്മിച്ചിരിക്കുന്നത് 16 ഏക്കര്‍ സ്ഥലത്താണ്. സെമിത്തേരി ടൂറിസം മുന്നില്‍ക്കണ്ട് ഇവിടെ നവീകരിക്കാന്‍ ഒരുങ്ങുകയാണ്. കാടുകയറിയ നിലയിലുള്ള ഇപ്പോഴത്തെ അവസ്ഥ മാറ്റി പൂന്തോട്ടവും പുല്‍ത്തകിടിയും നിര്‍മ്മിക്കും. സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ ലാന്റ് സ്‌കേപിംഗ് നടത്തും.

ഒരു വിദേശിക്ക് ആദ്യമായി മൂന്നാറില്‍ കല്ലറ ഒരുങ്ങിയത് 114 വര്‍ഷം  മുമ്പാണ്. 1894 ഡിസംബര്‍ 23-ന് മരിച്ച എലേനര്‍ ഇസബെല്‍ മേയുടേതാണത്. കടലും കാടും താണ്ടിയെത്തി ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച മൂന്നാര്‍ പട്ടണം ഒന്നേകാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ ചരിത്രത്തിന് സാക്ഷിയായി ഈ ശവകുടീരം ഇന്നും നിലനില്‍ക്കുന്നു. അറിയപ്പെടാത്ത അനശ്വര പ്രണയ സ്മാരകമായി.

മൂന്നാറില്‍ ബ്രിട്ടീഷ് പ്ലാന്റിംഗ് കമ്പനിയിലെ മാനേജരായിരുന്ന ഹെന്‍ഡ്രിമാന്‍സ്ഫീല്‍ഡ് നൈറ്റിനൊപ്പമാണ് ഇംഗ്ലണ്ടിലെ സിറ്റിന്‍ബര്‍ഗില്‍ നിന്ന് 24-കാരിയായ എലേനര്‍ മൂന്നാറിലെത്തിയത്. ഇംഗ്ലണ്ടില്‍ വച്ച് തളിര്‍ത്ത പ്രണയം ഇന്ത്യയില്‍ സഫലമായി. വിവാഹശേഷം ഹെന്‍ഡ്രിയുടെ കൈപിടിച്ച് നടക്കാനിറങ്ങിയ ഏലേനര്‍ മൂന്നാര്‍ പുഴയുടെ തീരത്ത് മഞ്ഞ് മൂടിക്കിടക്കുന്ന കുന്നിന്‍മുകളില്‍ എത്തിയപ്പോള്‍ പറഞ്ഞു. ഇത് സ്വര്‍ഗ്ഗമാണ്, ഞാന്‍ മരിക്കുകയാണെങ്കില്‍ എന്നെ ഈ സ്വപ്‌ന ഭൂമിയില്‍ അടക്കം ചെയ്യുക. വിധി വൈപരീത്യമെന്നോണം മൂന്നാം നാള്‍ കോളറ പിടിപ്പെട്ട് അവര്‍ അകാലചരമമടഞ്ഞു. എലേനറിന്റെ ആഗ്രഹപ്രകാരം പഴയ മൂന്നാറിന്റെ മലമുകളില്‍ ഹെന്‍ഡ്രി മഞ്ഞ് മൂടിയ ഓക്ക് മരങ്ങള്‍ക്കിടയില്‍ എലേനറിന് ഓര്‍മ്മയറ ഒരുക്കി. അവിടം പിന്നീട് ശ്മശാനമായി മാറുകയും ചെയ്തു.

നാല്‍പ്പത് വര്‍ഷം മൂന്നാറില്‍ ജോലി ചെയ്ത സി.പി. ഗോര്‍ഡ്‌സ്‌ബെറിയുടേതടക്കം 44 വിദേശികളുടെ കല്ലറകള്‍ സെമിത്തേരിയില്‍ ഉണ്ട്. ദേവാലയം പണിയുന്നതിന് മുമ്പ് സെമിത്തേരി പണിയുന്ന ചരിത്രം അപൂര്‍വ്വമാണ്. എലേനറിന്റെ ഓര്‍മ്മയ്ക്കു മുന്നില്‍ 1910-ലാണ് ഇവിടെ പള്ളിപണി ആരംഭിച്ചത്. മാര്‍ച്ച് 10-ന് സര്‍ എ.കെ. മൂര്‍ബട്ട് ചര്‍ച്ചിന് തറക്കല്ലിട്ടു. 1911 ഏപ്രില്‍ 16-ന് ചര്‍ച്ച് വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തു. അന്ന് കൊച്ചിയില്‍ നിന്നും മൂന്നാറിലേക്കുള്ള വഴി സുഗമമല്ലാതിരുന്നതിനാല്‍ കൊളംബോയില്‍ നിന്ന് രാമേശ്വരം വഴി എത്തിയ വൈദികനാണ് കാര്‍മ്മികത്വം വഹിച്ചത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റേയും ചര്‍ച്ച് ഓഫ് സ്‌കോട്ട്‌ലന്റിന്റെയും പ്രാര്‍ത്ഥനകള്‍ ഇവിടെ നടന്നു. 1900 ഡിസംബര്‍ 9-ന് എലേനറിന്റെ ശവക്കല്ലറയില്‍ വിക്ടോറിയ രാജ്ഞിക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തി. അന്നത്തെ ക്വയര്‍ ഗീതവും വായിച്ച വേദഭാഗവും ഇപ്പോഴും മഷി പടര്‍ന്നു തുടങ്ങിയ അക്ഷരങ്ങളില്‍ കാണാം. മദ്രാസ് ഗവര്‍ണറായിരുന്ന വെല്ലിംഗ്ടണ്‍ പ്രഭു 1922-ല്‍ പള്ളി സന്ദര്‍ശിച്ചു. അന്ന് വലിയ തുകയായിരുന്ന 25 രൂപ സഹായമായി നല്‍കി. തിരുവിതാംകൂര്‍-കൊച്ചി ഇടവക എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍ സി.എസ്.ഐ നോര്‍ത്ത് ഡയോസിസിന്റെ കീഴിലാണ് പള്ളി. ഇപ്പോള്‍ മലയാളത്തിലും ഇംഗ്ലീഷിലും തമിഴിലും പ്രാര്‍ത്ഥനകള്‍ നടക്കുന്നുണ്ട്.

ഹോട്ടല്‍ ശൃംഖലകളും ടൂര്‍ ഓപ്പറേറ്റര്‍മാരും സെമിത്തേരി പാക്കേജ് ടൂറുകള്‍ സംഘടിപ്പിച്ച വിദേശികളെ ആകര്‍ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. മരിച്ചവരെത്തേടിയുള്ള സഞ്ചാരം ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് ആകുന്നതോടെ വിനോദസഞ്ചാരരംഗം ഉണരും. വിദേശികളുടെ കല്ലറകള്‍ക്കൊണ്ട് സമൃദ്ധമാണ് തിരുവനന്തപുരത്തെ പാളയം ക്രൈസ്റ്റ് ചര്‍ച്ച് ദേവാലയവും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ