ഓംനി വാനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ദമ്പതികള്‍ മരിച്ചു

കോലഞ്ചേരി : ഓംനി വാനില്‍ പെട്രോളൊഴിച്ച് തീ കൊളുത്തി ദമ്പതികള്‍ മരിച്ചു. മഴുവന്നൂര്‍ കമൃത ഇഞ്ചപ്പുഴയില്‍ രാജു(51), ഭാര്യ ഗീതാംബിക(47) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രി പതിനൊന്നു മണിയോടെ കിളികുളം കമൃത-മണ്ണൂര്‍ റോഡില്‍ തട്ടുപാലത്തിന് സമീപമായിരുന്നു സംഭവം.

നാലു വര്‍ഷമായി വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലാണ് രാജു. കഴിഞ്ഞ ഒരു വര്‍ഷമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തു വരുന്നുണ്ട്. വ്യാഴാഴ്ച ഇരുവരും ചേര്‍ന്ന് ഡയാലിസിസിന് പോയി തിരിച്ചു വരും വഴി മണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന് 200 രൂപയ്ക്ക് പെട്രോള്‍ വാങ്ങിയ ശേഷം സ്വന്തം ഓംനി വാനിലുള്ളില്‍ വെച്ച് ഇരുവരും പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട് പാലത്തിനടുത്ത് മീന്‍ പിടിച്ചു കൊണ്ടിരുന്ന യുവാക്കള്‍ ഓടിയെത്തിയപ്പോള്‍ ശരീരമാസകലം തീ പിടിച്ച ഗീതാംബിക വാഹനത്തില്‍ നിന്നും പുറത്തേക്കു ചാടി. യുവാക്കള്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പട്ടിമറ്റം ഫയര്‍ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ കെടുത്തിയത്. അതിനിടയില്‍ രാജു വാഹനത്തിനുള്ളില്‍ കത്തിയമര്‍ന്നു.

ഗുരുതരമായി പൊള്ളലേറ്റ ഗീതാംബികയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച ഉച്ചയോടെ മരിച്ചു. ഇവര്‍ക്ക് സാമ്പത്തികമായി ബുദ്ധിമുട്ടില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞമാസമാണ് മകള്‍ രേഷ്മയുടെ വിവാഹം നല്ല രീതിയില്‍ നടത്തിയത്. മകന്‍ രാഹുല്‍ ഐരാപുരം സി.ഇ.ടി കോളേജ് ജീവനക്കാരനുമാണ്. ചികിത്സയിലുള്ള ഗീതാംബികയുടെ മൊഴി ഇന്നലെ രാത്രി തന്നെ കോലഞ്ചേരി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതാണെന്നാണ് ഇവരുടെ മൊഴിയെന്നാണ് വിവരം. അങ്കമാലിയില്‍ നിന്ന് മടങ്ങി വരും വഴി മണ്ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്നും കന്നാസില്‍ പെട്രോള്‍ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.

ആലുവയില്‍ നിന്നെത്തിയ സയന്റിഫിക് അസിസ്റ്റന്റ് സംഭവ സ്ഥലത്ത് നിന്നും തെളിവുകള്‍ ശേഖരിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. രാത്രി വൈകി സംസ്‌കാരവും നടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ