ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്കെതിരെ വീണ്ടും കോടതി വിധി; ഉല്‍പനങ്ങള്‍ ഉപയോഗിച്ച് കാന്‍സര്‍ പിടിച്ച യുവതിക്ക് 707 കോടി രൂപ നഷ്ടപരിഹാരം നല്‍കണം

മരുന്നുനിര്‍മ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കനത്ത തിരിച്ചടിയുമായി കോടതി വിധി. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ ലൂയിസ് സ്ലെപ് എന്ന 62കാരിക്കാണ് 110 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 707 കോടി രൂപ )നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മിസോറി സംസ്ഥാനത്തെ സെന്‍ ലൂയിസ് നഗരത്തിലെ കോടതിയാണ് ശിക്ഷ വിധിച്ചത്.

കാന്‍സര്‍ ബാധിതയായ താന്‍ ഇപ്പോഴും കീമോതെറാപ്പി ചികിത്സയിലാണെന്നും 2012 ലാണ് തനിക്ക് അസുഖം പിടിപെട്ടതെന്നും ലൂയിസ് സ്ലെംപ് വ്യക്തമാക്കുന്നു. നാല് ദശാബ്ദക്കാലമായി താന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുടെ പൗഡറും ഷവര്‍ പൗഡറും ഉപയോഗിച്ചുവരികയായിരുന്നെന്നും അതിന്റെ ശേഷമാണ് കാന്‍സര്‍ പിടിപെടുന്നതെന്നും ഇവര്‍ പറയുന്നു.

ലോകത്തിലെ ഏറ്റവും വലിയ ഹെല്‍ത്ത്-കെയര്‍ കമ്പനികളിലൊന്നാണ് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. ലോകത്ത് വിവിധ രാജ്യങ്ങളിലായി മൂവായിരത്തോളം കേസുകള്‍ കമ്പനിക്കെതിരായി ഉണ്ട്. കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ മറ്റൊരു കോടതി ഡെബ്രോ ജിയാന്‍ജിയെന്ന യുവതിക്ക് 70 മില്യണ്‍ ഡോളര്‍ (ഏകദേശം 467 കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചിരുന്നു.

സമാനമായ മറ്റൊരു കേസില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി പരാതിക്കാര്‍ക്ക് 55 മില്യണ്‍ ഡോളര്‍(ഏകദേശം 365 കോടി രൂപ) നഷ്ടപരിഹാരം നല്‍കാനും യുഎസ് കോടതി വിധിച്ചിരുന്നു. ഗ്ലോറിയ റിസ്റ്റെസുണ്ട് എന്ന യുവതിയുടെ പരാതിയിലായിരുന്നു ഈ കോടതി വിധി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ