കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ സാമ്പത്തിക ക്രമക്കേട്.

നിക്ഷേപകര്‍ അറിയാതെ ഡയറക്ടര്‍ ബോര്‍ഡ് മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിലൂടെ ബാങ്കിന് നഷ്ടം ഒരു കോടി 20 ലക്ഷം.
ഉത്തരവാദിത്വം ഏല്‍ക്കാന്‍ ആരുമില്ല. ഇന്ന് ജനറല്‍ ബോഡി യോഗം.

സഹകരണ ബാങ്കുകളില്‍ സാമ്പത്തിക തിരിമറികള്‍ നടക്കുന്നുവെന്ന ബിജെപി ആരോപണം ശരിവെച്ച് കാഞ്ഞിരപ്പള്ളി സഹകരണബാങ്കില്‍ കോടികളുടെ തിരമറി. വര്‍ഷങ്ങളായി യു.ഡി.എഫ് നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പള്ളി സര്‍വീസ് സഹകരണ ബാങ്കിന് മ്യൂച്ചല്‍ ഫണ്ടില്‍ പണം നിക്ഷേപിച്ചതിലൂടെ നഷ്ടം ഒരു കോടി 20 ലക്ഷം രൂപ. 2006-ലെ ഭരണസമിതിയാണ് നിക്ഷേപകരെ അറിയിക്കാതെ മൂന്നരകോടി രൂപ എസ്ബിഐ മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷപിച്ചത്. 2015ല്‍ ഇത് പിന്‍വലിച്ചപ്പോഴാണ് ഒരു കോടി 20 ലക്ഷം രൂപ ബാങ്കിന് നഷ്ടമായത്. സഹകരണ രജിസ്ട്രാറുടെ അനുമതി പോലുമില്ലാതെയാണ്് മ്യൂച്ചല്‍ ഫണ്ടിലേക്ക് പണം മാറ്റിയത്. സംഭവം വിവാദമായതോടെ ഡിസംബര്‍ 18ന് ജനറല്‍ ബോഡിയോഗം വിളിച്ചു ചേര്‍ക്കുകയാണ് ഇപ്പോഴത്തെ ഭരണസമിതി. 2006-ല്‍ ബാങ്ക് സെക്രട്ടറിയും ബോര്‍ഡംഗങ്ങളും ബാങ്കിനുണ്ടായ നഷ്ടം നികത്തണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ഇതിന് അംഗീകാരം ലഭിച്ചാലും അന്നത്തെ ഭരണസമിതി ഇതിന് തയ്യാറാകണമെന്നില്ല. യാതൊരു വീണ്ടുവിചാരവുമില്ലാത്ത ഈ നടപടിയിലൂടെ കാഞ്ഞിരപ്പള്ളി സഹകരണബാങ്കിന്റെ നിലനില്‍പ്പ് പോലും അപകടാവസ്ഥയിലാണ്.

യു.ഡി.എഫും എല്‍.ഡി.എഫുമാണ് കേരളത്തിലെ ഭൂരിഭാഗം സഹകരണ ബാങ്കുകളും ഭരിക്കുന്നത്. സാധാരണക്കാരന് ഏറെ സഹായമാകുന്നുണ്ടെങ്കിലും ഇവിടെ സാമ്പത്തിക തിരിമറികള്‍ നടക്കുന്നുണ്ടെന്ന ബി.ജെ.പിയുടെ ആരോപണത്തെ സാധൂകരിക്കുന്നതാണ് കാഞ്ഞിരപ്പള്ളി സഹകരണബാങ്കില്‍ നടന്നത്. നിക്ഷേപകരെ അറിയിക്കാതെ ബോര്‍ഡിന്റെ ഇഷ്ടാനുസരണമാണ് ഇവിടെ ഫണ്ട് വകമാറ്റിയത്. ഈ നിയമവിരുദ്ധ പ്രവര്‍ത്തനം നിക്ഷേപകര്‍ അറിയുന്നത് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷവും.കോടികളുടെ നഷ്ടമുണ്ടായെങ്കിലും ഇതുവരെ ഇടതുപക്ഷം ഈ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

കാഞ്ഞിരപള്ളി സഹകരണ ബാങ്കിനെതിരെ നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ബാങ്കിന്റെ വിഴിക്കിത്തോട് ശാഖയിലെ സ്ഥിര നിക്ഷേപ കണക്കുകളില്‍ തിരമറി നടത്തി 19 ലക്ഷത്തോളം രൂപ തട്ടിയെടുത്തു വെന്ന കേസില്‍ രണ്ട് ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടക്കുകയാണ്. ഇവിടത്തെ നിയമനങ്ങള്‍ സംബന്ധിച്ചും പരാതിയുണ്ട്. ബാങ്കിന്റെ പത്ത് വര്‍ഷത്തെ ഇടപാടുകളും നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കണമെന്ന് പ്രാദേശിക സംഘടനകള്‍ ആവശ്യപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ