നോട്ട് ക്ഷാമം : ടൂറിസം മേഖല തകരുന്നു

70 ശതമാനം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു

വന്‍ തോതില്‍ റൂം ക്യാന്‍സലേഷന്‍

വിദേശ സഞ്ചാരികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നു

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്-

തിരുവനന്തപുരം : നോട്ട് പ്രതിസന്ധി ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. സീസണ്‍ ആരംഭിച്ച് ഒന്നരമാസം പിന്നിടുമ്പോള്‍ വിനോദസഞ്ചാര മേഖലയില്‍ 60 ശതമാനത്തോളം ഇടിവ് സംഭവിച്ചതായി വിദേശ ടൂറിസ്റ്റുകളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കെയര്‍ ഭാരത് ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിസ്മസ് ദിവസങ്ങളായ ഈ മാസം 24, 25 പുതുവത്സരാഘോഷം നടക്കുന്ന 30, 31 തീയതികളില്‍ മാത്രമാണ് പ്രമുഖ ടൂറിസം മേഖലകളില്‍ 65 ശതമാനത്തിന് മേല്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുള്ളത്. കോവളത്ത് മാത്രം ഇത് 71 ശതമാനത്തില്‍ എത്തിയിട്ടുണ്ട്.

കഴിഞ്ഞ സീസണില്‍ ബാറുകള്‍ അടച്ചുപൂട്ടിയത് ടൂറിസം മേഖലയെ ബാധിച്ചതായി ആക്ഷേപം ഉയര്‍ന്നെങ്കിലും ഇത്രത്തോളം താഴേക്ക് പോയിട്ടില്ലെന്ന് കെയര്‍ ഭാരത് അധികൃതര്‍ പറയുന്നു. ബാറുകള്‍ അടച്ചപ്പോള്‍ മദ്യശാലകളായി പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലുകള്‍ കൂടി ടൂറിസം രംഗത്തിറങ്ങിയതോടെ മുറികളുടെ എണ്ണം കൂടിയതാണ് കഴിഞ്ഞ വര്‍ഷം പൊതുവില്‍ നഷ്ടത്തിന് ഇടയാക്കിയത്. എന്നാല്‍ ഇക്കുറി നോട്ടുകള്‍ ലഭ്യമല്ലാത്തതിനാല്‍ സഞ്ചാരികളില്‍ പലരും കേരളത്തിലേക്കുള്ള യാത്ര വേണ്ടെന്നുവച്ചു.

ഹൗസ്‌ബോട്ട് മേഖലയിലും ഈ കുറവ് കാണാം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 40 മുതല്‍ 60 വരെ ശതമാനം സഞ്ചാരികള്‍ കുറഞ്ഞിട്ടുണ്ട്. ഇപ്പോള്‍ 30 ശതമാനം ഹൗസ് ബോട്ടുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രമാണ് 60 ശതമാനത്തോളം ബുക്കിംഗ് ലഭിക്കുന്നത്.

പീക്ക് സീസണായ ഡിസംബര്‍ 30 മുതല്‍ ജനുവരി 20 വരെ മുന്‍വര്‍ഷങ്ങളില്‍ എല്ലാ ബോട്ടുകളും കൂടിയ നിരക്കിനാണ് സര്‍വീസ് നടത്തിയിരുന്നത്. ഒരു മാസം മുമ്പു തന്നെ എല്ലാ ബോട്ടുകള്‍ക്കും ബുക്കിംഗ് ലഭിക്കുമായിരുന്നു. എന്നാല്‍ ഈ വര്‍ഷം 20 ശതമാനം ബോട്ടുകള്‍ക്കു മാത്രമാണ് ബുക്കിംഗ് ഉള്ളത്. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. മോട്ടോര്‍ ബോട്ട്, ശിക്കാരി ബോട്ടുകളുടെ ബുക്കിംഗ് 10 ശതമാനത്തില്‍ താഴെയാണ്. കായലോര ടൂറിസം മേഖലകളിലെ ഹോട്ടലുകളുടെ ബുക്കിംഗും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞു. മൂന്നാര്‍, തേക്കടി, ആലപ്പുഴ മേഖലകളില്‍ ഈ വര്‍ഷം ഇതുവരെ 20 ശതമാനം ബുക്കിംഗ് പോലും നടന്നിട്ടില്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആദ്യ വാരം മൂന്നാറില്‍ 7000 പേര്‍ സന്ദര്‍ശനത്തിനെത്തിയപ്പോള്‍ ഇത്തവണ 3000 പേര്‍ മാത്രമാണ് ഇതുവരെ വന്നത്. മാട്ടുപ്പെട്ടി, രാജമല, ടോപ് സ്റ്റേഷന്‍, കുണ്ടള എന്നിവിടങ്ങളിലും സഞ്ചാരികളുടെ എണ്ണം കുറഞ്ഞു. ശൈത്യകാലം ഏറെ ഇഷ്ടപ്പെടുന്ന വിദേശ വിനോദ സഞ്ചാരികള്‍, പണം, പിന്‍വലിക്കാന്‍ സാധിക്കാത്തതു കൊണ്ടു മാത്രമാണ് യാത്ര റദ്ദാക്കിയത്. ട്രാവല്‍ ഏജന്‍സികള്‍ വഴിയും ഓണ്‍ലൈന്‍ വഴിയുമുള്ള ബുക്കിംഗ് 25 ശതമാനമായി കുറഞ്ഞു. ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി. കേരളത്തില്‍ ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുഖ്യമായും മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സഞ്ചാരികള്‍ എത്തിക്കൊണ്ടിരുന്നത്. എന്നാല്‍ ഇത്തവണ ഇവിടെ നിന്നുള്ള വരവ് ഏറെക്കുറെ നിലച്ച മട്ടാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ