ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും; ബി. രാമന്‍പിള്ള അഭിഭാഷകന്‍

നടിയെ ആക്രമിച്ച കേസില്‍ ജാമ്യാപേക്ഷയുമായി നടന്‍ ദിലീപ് വീണ്ടും ഹൈക്കോടതിയെ സമീപിക്കും. ദിലീപിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഡ്വ. ബി രാമന്‍പിള്ളയാണ് ഹാജരാകുക.

തിങ്കളാഴ്ച ജാമ്യഹര്‍ജി സമര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണി പോലീസിനു മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായ സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്ന ആവശ്യമായിരിക്കും ദിലീപ് കോടതിയില്‍ ഉന്നയിക്കുക. അഡ്വ. രാംകുമാറായിരുന്നു ദിലീപിനു വേണ്ടി നേരത്തെ കോടതിയില്‍ ഹാജരായിരുന്നത്.

അപ്പുണ്ണി അടക്കം ദിലീപിന്റെ അടുപ്പക്കാരായ ചിലരെക്കൂടി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപിന് ജാമ്യം നല്‍കരുതെന്ന് നേരത്തെ പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത്. എന്നാല്‍ അപ്പുണ്ണി ഹാജരാകുകയും മറ്റുള്ളവരെ പോലീസ് ചോദ്യംചെയ്യുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചതായി പ്രതിയുടെ അഭിഭാഷകര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ദിലീപ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.

നേരത്തെ മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതിയും ദിലീപിന് ജാമ്യം നിഷേധിച്ചിരുന്നു. ദലീപിന് ജാമ്യം ലഭിക്കാതിരിക്കുന്നതിന് പ്രോസിക്യൂഷന്‍ ശക്തമായ നിലപാടാണ് കോടതിയില്‍ സ്വീകരിച്ചിരുന്നത്. മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ച കേസ് ഡയറിയായിരുന്നു പ്രോസിക്യൂന്റെ വാദത്തെ ബലപ്പെടുത്തിയത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രോസിക്യൂഷന്‍ എന്തു തെളിവുകള്‍ ഹാജരാക്കുമെന്നതും എന്തു നിലപാട് സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ