കടുവയെ കിടുവ പിടിച്ചു; സി.ബി.ഐക്കെതിരെ ഉന്നയിച്ച അതേ ആരോപണത്തില്‍ കുടുങ്ങി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍

വാടക നല്‍കാതെ റസ്റ്റ് ഹൗസില്‍ താമസിച്ച ജോമോനില്‍നിന്ന് 13 ലക്ഷം ഈടാക്കണമെന്ന് ധനകാര്യ വകുപ്പ്

അഴിമതി വിരുദ്ധരുടെ മൂടുപടം പൊളിയുന്നു 

-പി.എ.സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: അനധികൃതമായും വാടകനല്‍കാതെയും പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ താമസിച്ചപൊതുതാല്‍പര്യ ഹര്‍ജിക്കാരിന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സംസ്ഥാന ഖജനാവിന് 13 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന് ധനകാര്യ പരിശോധനാ വിഭാഗം കണ്ടെത്തി. സര്‍ക്കാരിനുണ്ടായ നഷ്ടം ജോമോനില്‍നിന്ന് നിയമപരമായി ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ ശിപാര്‍ശയുണ്ട്.
അതേസമയം, ജോമോന്‍ സി.ബി.ഐക്കെതിരെ ഉന്നയിച്ചിരുന്ന ആരോപണം തന്നെയാണ് ഇപ്പോള്‍ അദ്ദേഹത്തിനെതിരെ ധനകാര്യ പരിശോധനാവിഭാഗം ഉന്നയിച്ചിരിക്കുന്നതെന്നത് കൗതുകകരമാണ്. എറണാകുളത്തെ റസ്റ്റ് ഹൗസ് വാടക നല്‍കാതെ ഉപയോഗിച്ചതിനാണ് ജോമോന്‍ സി.ബി.ഐക്കെതിരെ വിജിലന്‍സിന് പരാതി നല്‍കിയിരുന്നത്. 1991 സെപ്തംബര്‍ 16 മുതല്‍  2007 ഒക്ടോബര്‍ 18 വരെ സി.ബി.ഐ ഉദ്യോഗസ്ഥര്‍ അനധികൃതമായി റസ്റ്റ് ഹൗസ് ഉപയോഗിച്ചെന്നാണ് ജോമോന്‍ ആരോപിക്കുന്നത്. ഈ കേസ് നിലനില്‍ക്കുന്നതിനിടെയാണ് കേസിലെ വാദിയായ ജോമോനെതിരെ അതേ ആരോപണം ഉയര്‍ന്നിരിക്കുന്നത്.
എറണാകുളം റസ്റ്റ് ഹൗസിലെ 17-ാം നമ്പര്‍ മുറി 2008 ഡിസംബര്‍ ഒന്ന് മുതല്‍ 2016 ജൂണ്‍ 23 വരെ ജോമോന്‍ വാടക നല്‍ാകതെ ഉപയോഗിച്ചിരുന്നെന്നാണ് ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിലൂടെ സര്‍ക്കാരിന് 13,69,570 രൂപ നഷ്ടമുണ്ടായി. റസ്റ്റ് ഹൗസുകളില്‍ ആരെയും തുടര്‍ച്ചയായി മൂന്ന് ദിവസത്തില്‍ കൂടുതല്‍ താമസിപ്പിക്കരുതെന്ന് പൊതുമരാമത്ത് വകുപ്പ് ഉത്തരവിറക്കിയതിനെത്തുടര്‍ന്നാണ് ജോമോനെ ഒഴിപ്പിച്ചത്.
താമസിക്കുന്ന കാലയളവില്‍ ജോമോന്‍ തന്റെ കത്തിടപാടുകള്‍ റസ്റ്റ് ഹൗസിന്റെ വിലാസത്തിലാണ് നടത്തിയിരുന്നതെന്നും ധനകാര്യവിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനായി 2011 ആഗസ്റ്റ് എട്ടിന് തന്റെ വീട്ടിലേക്കെത്തുന്ന കത്തുകളൊക്കെ റസ്റ്റ് ഹൗസ് വിലാസത്തിലേക്ക് തിരിച്ചുവിടണമെന്നാവശ്യപ്പെട്ട് പോസ്റ്റ് മാസ്റ്റര്‍ ജനറലിന് ജോമോന്‍ കത്ത് നല്‍കിയിരുന്നു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുദ്ദേശത്തോടെ പെരുമാറുന്ന ഇത്തരം വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു. ജോമോനെതിരായ റിപ്പോര്‍ട്ട് ഉടന്‍ വകുപ്പ് മന്ത്രിക്ക് ഉടന്‍ കൈമാറുമെന്നാണ് ധനകാര്യ വകുപ്പ് ഉദ്യാഗസ്ഥര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ