കുടിവെള്ള മാഫിയക്ക് മുമ്പിൽ അധികൃതർ നോക്കുകുത്തികൾ

നിങ്ങൾ സംസ്ഥാനത്തെ ഏതെങ്കിലുമൊരു നഗരത്തിലെ ഫ്ലാറ്റിലാണോ താമസം? നിങ്ങൾ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ടാങ്കർ ലോറികളെയാണോ?എങ്കിൽ ഞെട്ടിക്കുന്ന വസ്തുത തീർച്ചയായുമറിയണം.

ജല അതോറിറ്റിയാണ് സംസ്ഥാനത്ത് കടിവെള്ളം വിൽക്കുന്ന അംഗീകൃത ഏജൻസി. ജല അതോറിറ്റിയുടെ സംഭരണികളിൽ നിന്നാണ് കുടിവെള്ളം വിൽക്കുന്നത്.തിരുവനന്തപുരത്ത് അരുവിക്കരയിൽ നിന്നും വെള്ളയമ്പലത്ത് നിന്നും വെള്ളം വിൽക്കുന്നുണ്ട്.

ആയിരം ലിറ്റർ വെള്ളത്തിന് സർക്കാർ ഈടാക്കുന്നത് വെറും അറുപത് രൂപയാണ്. എന്നാൽ ഒരു സ്വകാര്യ ടാങ്കർ ലോറി 5500 ലിറ്റർ വെള്ളം നിങ്ങളുടെ വീട്ടിലെത്തിക്കുമ്പോൾ നൽകേണ്ടി വരുന്നത് 2000 രൂപ.10,000 ലിറ്റർ വെള്ളം 3500 രൂപക്കാണ് ഇവർ വിൽക്കുന്നത്. സർക്കാരിന് 10,000 ലിറ്റർ വെള്ളത്തിനു നൽകേണ്ടത് വെറും 600 രൂപ .5500 ലിറ്ററിന് വെറും 330 രൂപ.

കടിവെള്ള ടാങ്കറുകാർ വൻ മാഫിയയാണ്. നഗരത്തിലെ കുപ്രസിദ്ധർക്കും  സമ്പന്നർക്കും പോലീസുകാർക്കും കുടിവെള്ള ടാങ്കറുകളുണ്ട്. നഗരത്തിലെ ആശുപത്രികൾക്കും ഹോട്ടലുകൾക്കും ഇതര സ്ഥാപനങ്ങൾക്കും കുടി വെള്ളം എത്തിക്കുന്നത് ഇവരാണ്. അതു കൊണ്ടു തന്നെ ഇവരെ ആരും ചോദ്യം ചെയ്യാറില്ല. ചോദ്യം ചെയ്താൽ  കോഴ കിട്ടും. ചിലപ്പോൾ  അടിയും കിട്ടും.

കുടിവെള്ളം നിറയ്ക്കുന്ന ടാങ്കറിൽ തന്നെ കെട്ടിട നിർമ്മാണത്തിനുള്ള വെള്ളവും നിറയ്ക്കും. കായലുകളിൽ നിന്നും ചാലുകളിൽ നിന്നുമാണ് കെട്ടിട നിർമ്മാണത്തിനുള്ള വെള്ളം നിറക്കുന്നത്.പാറമടകളിൽ നിന്നും വെള്ളം നിറയ്ക്കാറുണ്ട്.ഇതേ ടാങ്കർ തന്നെ വൃത്തിയാക്കാതെ കുടി വെള്ളം നിറയ്ക്കുമ്പോൾ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉൾപ്പെടെയുള്ള ഒരു സംവിധാനങ്ങളും പരിശോധിക്കാറില്ല.

കുടിവെള്ളം എന്ന പേരിൽ മലിനജലം വിതരണം ചെയ്യുന്ന ടാങ്കറുകളും സംസ്ഥാനത്ത് സജീവമാണ്. ലഭിക്കുന്നത് കുടിവെള്ളമാണോ മലിനജലം ആണോ എന്ന് പരിശോധിക്കാൻ ഉപഭോക്താവിന് ഒരു മാർഗവുമില്ല.

സംസ്ഥാനത്ത് വരൾച്ച കടുത്തതോടെ കുടിവെള്ളം കിട്ടാതെ അലയുകയാണ് ലക്ഷങ്ങൾ .ജനങ്ങൾക്ക് നൽകാത്ത വെള്ളമാണ് ജല അതോറിറ്റി വിലയ്ക്ക് വിൽക്കുന്നത്. ജല അതോറിറ്റിയുടെ ഉദ്യോഗസ്ഥർക്കം തട്ടിപ്പിൽ പങ്കുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ