ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആരോഗ്യ വിശേഷങ്ങള്‍

-ഹാരി-

“ഇപ്പോൾ എനിക്ക് എൺ പെത്തിയെട്ട് കിലോ. പഴയ എൺപത് കിലോയിലേക്ക് ശരീരഭാരം എത്രയും വേഗം കുറച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഞാനിപ്പോൾ. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കാനായില്ല. തടി കൂടാൻ കാരണമതാണ്” – പറയുന്നത് പത്തനാപുരം എം. എൽ.എ ,കെ.ബി ഗണേശ് കുമാർ.

തിരുവനന്തപുരം വെള്ളയമ്പലത്തുള്ള പവർജിംനേഷ്യത്തിൽ ശരീരഭാരം കുറക്കാനുള്ള തീവ്ര ശ്രമത്തിലാണിപ്പോൾ ഗണേശ് കുമാർ. “ഫിറ്റ്നസിനോടുള്ള താൽപര്യം എനിക്ക് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിനേഴ് വയസ്സുള്ളപ്പോൾ കളരിപ്പയറ്റ് പഠിക്കാൻ പോയി. പിന്നീട് സിനിമയുടെ തിരക്കൊക്കെ വന്നതോടെ അത് നിന്നു. എങ്കിലും വ്യായാമത്തെക്കുറിച്ചുള്ള ഒരാവേശം മനസ്സിൽ കെടാതെ നിന്നു. ആ ആവേശം ഇപ്പോഴും അതേ പടി ഉണ്ട്.

img-20170112-wa0006

വർഷങ്ങൾക്ക് മുൻപ് മസ്കറ്റിൽ പോയപ്പോൾ അവിടുത്തെ ഒരു ജിമ്മിൽ പോയി. ജിം വർക്കൗട്ടിനോടുള്ള താല്പര്യം അവിടെ നിന്നാണ് തുടങ്ങുന്നതെന്ന് പറയാം. പവറിൽ കഴിഞ്ഞ അഞ്ച് വർഷമായി ഞാൻ വ്യായാമം ചെയ്യുന്നുണ്ട്. എം.എൽ.എ എന്ന നിലയിലെ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കിയാൽ ജിമ്മിൽ വരും. തിരുവനന്തപുരത്താകുമ്പോൾ നിയമസഭ കഴിഞ്ഞാൽ പിന്നെ പവറിലാണ് സമയം വിനിയോഗിക്കുക. എം.എൽ എ ഹോസ്റ്റലിലെ ജിംനേഷ്യത്തെക്കുറിച്ച് ഗണേശിന് പരാതിയുണ്ട് – “ഉപകരണങ്ങൾ മിക്കതും പഴകി തുരുമ്പിച്ചത്. കൃത്യമായി പരിപാലിക്കാത്തതിന്റെ കുഴപ്പമാണത്.

പിന്നെ എന്റേയും ചില കുഴപ്പമുണ്ടെന്ന് കൂടി പറയാം. ഞാനൊരു ഭയങ്കര വൃത്തിക്കാരനാണ്. ഞാനിടപെടുന്ന പരിസരം, വൃത്തിയും വെടിപ്പുമുള്ള താവണമെന്നുമുള്ള നിർബ്ബന്ധം എനിക്കുണ്ട്. അതേ പോലെ തന്നെ വിയർപ്പിന്റേതടക്കമുള്ള എന്റെ ശരീരഗന്ധങ്ങൾ മറ്റുള്ളവർ അനുഭവിക്കേണ്ടി വരരുതെന്ന വാശിയുള്ള ആളാണ് ഞാനും. ഞാൻ മീൻ കഴിക്കാറില്ല. മീനിന്റെ ഗന്ധം ഏറെ നേരം നമ്മളിൽ തങ്ങിനിൽക്കുമെന്നതാണ് കാരണം. പരമാവധി വെജിറ്റേറിയൻ ഭക്ഷണമാണ് കഴിക്കാറ്. നോൺ വെജ് കഴിക്കേണ്ടി വന്നാൽ ചിക്കൻ. എന്റെ തുണി ഞാൻ തന്നെയാണ് അലക്കാറ്.

ഗണേഷ്‌കുമാര്‍ എം.എല്‍.എ വ്യായാമത്തില്‍
ഗണേഷ്‌കുമാര്‍ എം.എല്‍.എ വ്യായാമത്തില്‍

മറ്റുള്ളവർ അലക്കിയാൽ വൃത്തിയാവില്ലെന്നൊരു തോന്നൽ. ഒരിക്കൽ മനശാസ്ത്രജ്ഞൻ പി. എം മാത്യു വെല്ലൂരുമായി എനിക്ക് ഒരു സീരിയലിൽ അഭിനയിക്കേണ്ടി വന്നു. എന്റെ അമിത വൃത്തി കണ്ട് അദ്ദേഹം പറഞ്ഞു ” ഗണേശാ, തന്റെ ഈ വൃത്തി ബോധം ഞങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ ഒരു തരം സൂക്കേടാണ് ” ഞാനത് ചിരിച്ചു തള്ളിയതേയുള്ളൂ. അദ്ദേഹം പറഞ്ഞത് ശരിയോ തെറ്റോ ആകാം. പക്ഷേ എന്റെ സ്വഭാവം ഇങ്ങനെയാണ് രൂപപ്പെട്ടിരിക്കുന്നത്. അല്ലെങ്കിൽ ഇങ്ങനെയൊക്കയാണ് ഞാൻ.

അടുത്തിടെ ഇറ്റലിയിൽ പോയപ്പോൾ 86 ഇന്ത്യൻ രൂപ കൊടുത്താണ് ഞാനൊരു പബ്ലിക് ടോയിലറ്റിൽ പോയത്. വൃത്തിയും വെടിപ്പുമുള്ള ഒന്നാന്തരം ടോയ് ലറ്റ്. പക്ഷേ മലയാളിക്ക് പൊതു ടോയിലറ്റ് ഉപയോഗിക്കാനായി രണ്ട് രൂപ നൽകാൻ ഇപ്പോഴും മടിയാണ്. ആരോഗ്യത്തെക്കുറിച്ചും വൃത്തിയെക്കുറിച്ചും ബോധ്യമുള്ളവരാണ് മലയാളികൾ. പക്ഷേ അതൊക്കെ പ്രാവർത്തികമാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. തമാശയായി ഞാനൊരു ഉദാഹരണം പറയാം. ഞാനൊരിക്കൽ എം.കെ മുനീറിനെ പവർ ജിമ്മിൽ കൊണ്ടുവന്നു. മുനീർ മെമ്പർഷിപ്പും എടുത്തു.

പക്ഷേ ഒരു മാസത്തിനിടെ പുള്ളി മുങ്ങിക്കളഞ്ഞു. ഇതാണ് ഭൂരിപക്ഷം പേരുടേയും അവസ്ഥ. വ്യായാമത്തിൽ താല്പര്യമുണ്ടാകും. പക്ഷേ ചെയ്യാൻ മടി. വ്യായാമത്തിൽ തുടർച്ചയുണ്ടാവണം. ഏതെങ്കിലും ഒരു പ്രശ്നം വന്നാൽ നമ്മൾ ആദ്യം മാറ്റി വെക്കുക വ്യായാമത്തിനുള്ള സമയമാണ്. ആ മനോഭാവം മാറ്റിയാൽ പ്രശ്നം തീർന്നു. ആരോഗ്യത്തോടെ ജീവിക്കുക എന്നത് നല്ല കാര്യമാണ് എന്നതിൽ ആർക്കാണ് വിയോജിക്കാനാവുക? ”

പവർജിം ഉടമ ജോൺസ് കുരുവിള
പവർജിം ഉടമ ജോൺസ് കുരുവിള

പവർജിം ഉടമ ജോൺസ് കുരുവിളയാണ് ഗണേശിന്റെ പരിശീലകൻ. കാർഡിയോ വാസ്കുലാർ വ്യായാമങ്ങളും വെയിറ്റ് ട്രയിനിംഗും സമം ചേർന്ന വർക്കൗട്ടാണ് അദ്ദേഹത്തെ കൊണ്ട് ചെയ്യിക്കുന്നത്. ശരീരഭാരം കുറക്കണമെന്ന് തീരുമാനിച്ചാൽ അത് അദ്ദേഹം കുറച്ചിരിക്കും. കാരണം ആരോഗ്യം സൂക്ഷിക്കുന്ന കാര്യത്തിൽ അത്ര മാത്രം ഇച്ഛാശക്തിയുണ്ട് അദ്ദേഹത്തിന്. ജോൺസ് പറഞ്ഞു നിർത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ