കൊറോണറി സ്‌റ്റെന്റ് മരുന്നിന്റെ വില 7260 രൂപയായി നിജപ്പെടുത്തിയതായി കേന്ദ്രമന്ത്രി

ഹൃദയ രോഗികള്‍ക്കുള്ള കൊറോണറി സ്‌റ്റെന്റ് മരുന്നതിന്റെ വില 7260 രൂപയായി പരിമിതപ്പെടുത്താന്‍ ദേശീയ മരുന്ന് വില നിര്‍ണയ സമിതി ഉത്തരവിറക്കിയിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി മന്‍സൂഖ് മാണ്ഡവിയ അറിയിച്ചു.

സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെ മുഴുവന്‍ ആരോഗ്യ കേന്ദ്രങ്ങളും ഈ നിര്‍ദ്ദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാല്‍ എം.പിയുടെ ചോദ്യത്തിന് മറുപടി നല്‍കവേ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വര്‍ഷം ഫെബ്രുവരി 13-ന് ദേശീയ മരുന്ന് വില നിര്‍ണയസമിതി പുറത്തിറക്കിയ ഉത്തരവ് പ്രകാരം ബേയര്‍ മെറ്റല്‍ സ്റ്റെന്റിനു 7260 രൂപയും ഡ്രഗ് എലുറ്റിങ് സ്റ്റന്റിനു 29600 രൂപയും ആയി ചുരുക്കിയിട്ടുണ്ട്. വില നിര്‍ണയം നിലവില്‍ വരുന്നതിന് മുമ്പ് ഇവക്ക് യഥാസമയം 45100 രൂപയും 1,21,400 രൂപയും ആയിരുന്നു വില. ഈ മരുന്നുകള്‍ പുതുക്കി നിശ്ചയിച്ച വില പ്രകാരം രോഗികള്‍ക്ക് ലഭ്യമാക്കുന്നതിനായി വിവിധ സംസ്ഥാന സര്‍ക്കാരുകളുമായും സംസ്ഥാന മരുന്ന് നിയന്ത്രണ സമിതികളുമായും കേന്ദ്രസര്‍ക്കാര്‍ ആശയ വിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി അറിയിച്ചു. ഇതോടൊപ്പം തന്നെ രോഗികള്‍ക്ക് നേരിട്ടും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ ഓണ്‍ലൈന്‍ മുഖേനയും, ടോള്‍ ഫ്രീ മുഖേനയും അറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ഈ വില നിയന്ത്രണം ഇറക്കുമതി ചെയ്യുന്ന മരുന്നുകള്‍ക്കും ബാധകമാണ്. ഈ ഉത്തരവ് ലംഘിക്കുന്ന മരുന്നു കമ്പനികളുടെ ഇറക്കുമതി ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ